കുടുംബശ്രീ ബഡ്‌സ് ദിനാഘോഷം : വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

Posted on Wednesday, August 9, 2023

* ആദ്യ ബഡ്‌സ് ദിനാഘോഷം ഓഗസ്റ്റ് 16ന്
* ബഡ്‌സ് സ്ഥാപനതലത്തില്‍ വാരാഘോഷവും ജില്ലാതല ദിനാഘോഷവും

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി ഈ വര്‍ഷം മുതല്‍ ബഡ്‌സ് ദിനാഘോഷം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2004ല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദിനമായ ഓഗസ്റ്റ് 16നാണ് ഇനി മുതല്‍ എല്ലാ വര്‍ഷവും ബഡ്‌സ് ദിനമായി ആഘോഷിക്കുക. ആദ്യ ബഡ്‌സ് ദിനാഘോഷത്തിന് മുന്നോടിയായുള്ള ബഡ്‌സ് വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 359 ബഡ്‌സ് സ്ഥാപനങ്ങളിലും 'ഒരു മുകുളം' എന്ന പേരില്‍ ഫലവൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സംഘടിപ്പിക്കുന്നത്.

 ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിപ്പിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനാഘോഷത്തിനുണ്ട്. സംസ്ഥാനത്തെ എല്ലാ ബഡ്‌സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികളും ജില്ലാതല സമാപന പരിപാടികളുമാണ് ആദ്യ ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

  ഓഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനം (ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളുടെ വീടുകള്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും സന്ദര്‍ശിക്കുക), ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍ത്തൃ സംഗമവും അതോടൊപ്പം കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കി നല്‍കും. ഒരാഴ്ച നീളുന്ന ബഡ്‌സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് ദിനാഘോഷവും ഓഗസ്റ്റ് 16ന് ജില്ലാതലത്തിലും സംഘടിപ്പിക്കും. ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ അന്നേ ദിനം സംഘടിപ്പിക്കും.

  18 വയസ്സ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് നിലവിലുള്ളത്. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. 2013 മുതലാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Content highlight
buds day celebration to begin today