ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.
ക്യാമ്പയിന്‍റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ളോക്ക് വീതം തിരഞ്ഞെടുത്ത് അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സി.ഡി.എസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്.
ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിക്കുക എന്നതും ക്യാമ്പയിന്‍റെ മുഖ്യ ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി അവര്‍ക്ക് തദ്ദേശീയമായ ബിസിനസ് മാതൃകകള്‍ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും.
കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഓക്സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.
- 65 views