Posted on Tuesday, January 19, 2021

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിനും, അതോടൊപ്പം നവകേരള നിര്‍മിതി സാധ്യമാക്കുന്നതിലും കുടുംബശ്രീക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിന്‍റെ ഭാഗമായി പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നുകയായിരുന്നു മുഖ്യമന്ത്രി.

 സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം. വികസനം എല്ലാവരിലും എത്തുകയും അതിന്‍റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനും കഴിയണം.  ഓരോ കുടുംബത്തിലും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും  കുടുംബശ്രീക്ക് കഴിയണം. നാടിന്‍റെ പൊതു നന്‍മയ്ക്കായി കുടുംബശ്രീയുടെ നേതൃത്വ മികവും സന്നദ്ധ സേവനവും ഇനിയും ഉറപ്പാക്കണം. എല്ലാ മേഖലയിലും ഗുണപരമായ മാറ്റത്തിന്‍റെ ചാലകശക്തിയായി മാറാന്‍ കുടുംബശ്രീക്ക് സാധിക്കണം.

 കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രണ്ട് മഹാപ്രളയങ്ങളും നിപ്പയും ഓഖിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് കേരളം നേടിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ നിസ്വാര്‍ത്ഥമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. പ്രളയശേഷം നവകേരള നിര്‍മിതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് കുടുംബശ്രീ നല്‍കിയത്.  പ്രളയകാലത്ത് സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലേറെ വീടുകള്‍ ശുചീകരിച്ചതും പ്രളയത്തില്‍ വീട് തകര്‍ന്നു പോയ 50000 പേര്‍ക്ക്  താല്‍ക്കാലിക വസതികള്‍ ഒരുക്കിയതും കുടുംബശ്രീ വനിതകളാണ്. പ്രളയകാലത്ത് തദ്ദേശ സഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ചു കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ആലപ്പുഴ ജില്ലയില്‍ രാമോജി ഫിലിം സിറ്റി 121 വീടുകള്‍ നല്‍കിയപ്പോള്‍ അതിന്‍റെ നിര്‍മാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്.  നവ കേരളം സൃഷ്ടിക്കുന്നതിനു വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍ നിന്നും 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനു പുറമേ നവകേരള ലോട്ടറി വില്‍പനയിലൂടെ ഒമ്പതു കോടി രൂപ സമാഹരിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. കോവിഡ് പ്രതിസന്ധി കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ 1400 കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുകയും മികച്ച രീതിയില്‍ നടപ്പാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വകുപ്പുകളുമായും മിഷനുകളുമായും സംയോജിച്ചു കൊണ്ട് പദ്ധതികള്‍ നടപ്പാക്കുന്നത് കുടുംബശ്രീയാണ്. ഇതില്‍ തന്നെ ഏറ്റവും വലിയ പദ്ധതികള്‍ നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്നു കൊണ്ടാണ്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സാമൂഹ്യസുരക്ഷാ മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കി പൂര്‍ണമായും ഡിജിറ്റല്‍ സര്‍വേ നടത്തി കണ്ടെത്തിയ ഒന്നര ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി അഗതിരഹിത കേരളം പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംസ്ഥാനത്ത് 198 ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. പുതുതായി 200 ബഡ്സ് സ്കൂള്‍ സ്ഥാപിക്കും എന്നു പറഞ്ഞതില്‍ 140 എണ്ണം പ്രവര്‍ത്തനം ആരംഭിക്കാന്‍ കുടുംബശ്രീക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാധിച്ചു.  സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ ഹരിതകര്‍മസേനകള്‍ രൂപീകരിച്ച് മാലിന്യ നിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ പൂര്‍ത്തിയാക്കി. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാ പാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.

കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്ന ങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും, തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍പരിശിലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയും.

2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. ഇത് സര്‍ക്കാരിന് കുടുംബശ്രീയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം മികച്ച രീതിയില്‍ നിര്‍വഹിക്കുന്നതു കൊണ്ടാണ് റീബില്‍ഡ് കേരളയുടെ ഭാഗമായി ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 250 കോടി രൂപയുടെ പ്രത്യേക പാക്കേജ് പൂര്‍ണമായും കുടുംബശ്രീയിലൂടെ നടപ്പാക്കാന്‍ അനുവദിച്ചത്. പ്രളയത്തെ തുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി പലിശരഹിത വായ്പയായി നല്‍കിയത്.

എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കു വഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചു വരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പ ചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. അയല്‍ക്കൂട്ടതലത്തിലെ ആവശ്യങ്ങള്‍ എ.ഡി.എസ്, സിഡിഎസ്തലത്തില്‍ ക്രോഡീകരിച്ച് കുടുംബശ്രീ ആവിഷ്ക്കരിച്ച 'ഗ്രാമകം' ഗ്രാമീണ ദാരിദ്ര്യലഘൂകരണ പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന് സാധിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായും മറ്റ് വകുപ്പുകളുമായും നിരവധി സംയോജന പദ്ധതികള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ പ്രയോജനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന വലിയ ചുമതലയാണ് കുടുംബശ്രീയുടെ പ്രാദേശിക ഭാരവാഹികളെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ നല്‍കിയ വികസന നിര്‍ദേശങ്ങള്‍

മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ കാലോചിതവും ക്രിയാതമകവുമായ നിരവധി നിര്‍ദേശങ്ങളാണ്  14 ജില്ലകളിലെയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികള്‍ മുന്നോട്ടു വച്ചത്. സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ടി കോര്‍പ് മാതൃകയില്‍ പച്ചക്കറി സംഭരണ-വിപണന കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പുമായി സംയോജിച്ചു കൊണ്ട് കുടുംബശ്രീ എഡിഎസുകളും അംഗന്‍വാടികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, കുടുംബശ്രീ വനിതകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന വായ്പാ പരിധി പത്തു ലക്ഷമാക്കി ഉയര്‍ത്തുക, കാര്‍ഷിക വിളകള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പാക്കുക, അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായകമാകുന്ന കുടുംബശ്രീ സ്നേഹിത കേന്ദ്രങ്ങള്‍ക്ക് എല്ലാ ജില്ലകളിലും സ്വന്തം കെട്ടിടം അനുവദിക്കുക, പഞ്ചായത്തിന്‍റെ വനിതാ ഘടക പദ്ധതിയില്‍ കുടുംബശ്രീക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ഇതില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുക, അംഗന്‍വാടികള്‍ വഴി വയോജനങ്ങള്‍ക്കു കൂടി പോഷകാഹാരം ലഭ്യമാക്കുക, വയോജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുക, കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ പദ്ധതി ആവിഷ്ക്കരിക്കുക, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സി.ഡി.എസ്തലത്തില്‍ കൂടുതല്‍ വിപണന മേഖലകള്‍, വിജിലന്‍റ് ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തലും അയല്‍ക്കൂട്ട മാതൃകയില്‍ ആഴ്ച തോറും യോഗവും, വാഹനസൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആദിവാസി കോളനികളില്‍ അവ ലഭ്യമാക്കല്‍, ഭിന്നശേഷക്കാരുടെ പകല്‍പരിപാലനത്തിനും പുനരധിവാസത്തിനുമുള്ള സമ്പൂര്‍ണ പാക്കേജ്, വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് പ്രത്യേക ഉപജീവന പദ്ധതി, എല്ലാ ജില്ലയിലും ഏകീകൃത മാലിന്യ നിര്‍മാര്‍ജന മാതൃക,  അഗതിരഹിത കേരളം പദ്ധതിയ്ക്ക് കാലാനുസൃത മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സേവനങ്ങള്‍, മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍, തീരദേശ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളും ഉല്‍പന്ന വിപണന കേന്ദ്രങ്ങളും അവയ്ക്കുള്ള പിന്തുണയും, മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ജല സ്രോതസുകളിലെ പ്ളാസ്റ്റിക് മാലിന്യം നീക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ വിവിധ നിര്‍ദേശങ്ങളാണ് കുടുംബശ്രീയുടെ  പ്രാദേശിക പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചത്. എല്ലാ നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും അറിയിച്ചു.

 

 

 

 

Content highlight
2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്.