പി.എം.എ.വൈ (നഗരം) - ലൈഫ് ; നഗരസഭകളുമായുള്ള സംയോജനം വഴി നടപ്പാക്കിയത് 3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍

Posted on Wednesday, March 4, 2020

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി നഗരസഭകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പാക്കിയത്  3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍.  ഓരോ ഗുണഭോക്താവിനും കെട്ടുറപ്പുള്ള വീടിനോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങള്‍ കൂടി ലഭ്യമാക്കുക എന്നതു ലക്ഷ്യമിട്ടാണ് നഗരസഭകള്‍ ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനു നഗരസഭാ വിഹിതമായി നല്‍കുന്ന രണ്ട് ലക്ഷം രൂപയ്ക്കു പുറമേയാണ് സംയോജന പ്രവര്‍ത്തനങ്ങളിലൂടെ അധിക സഹായം ലഭ്യമാക്കുന്നത്. ഇതു പ്രകാരം ഓരോ ഗുണഭോക്താവിനും വാസയോഗ്യമായ ഭവനത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമൂഹിക പുരോഗതിയും  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം, ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, മാലിന്യ സംസ്ക്കരണത്തിനായി ബയോ ബിന്നുകള്‍, റിങ്ങ് കമ്പോസ്റ്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍, സോളാര്‍ വിളക്കുകള്‍, വൃക്ഷത്തൈകള്‍, സൗജന്യ വയറിങ്ങ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ ഫണ്ടില്‍ നിന്നു അധികമായി ലഭ്യമാക്കിയത്. കൊല്ലം നഗരസഭയിലെ അലക്കുകുഴി കോളനിയില്‍ കഴിഞ്ഞിരുന്ന 20 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ച അലക്കുകുഴി പുനരധിവാസ പദ്ധതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിക്കാന്‍   60 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്. ഇതു കൂടാതെ നഗരസഭാ ഫണ്ടില്‍ നിന്ന് ഒരു കുടുംബത്തിന് 6.25 ലക്ഷം എന്ന തോതില്‍ 1.25 കോടി രൂപയുടെ അധിക ധനസഹായവും ലഭ്യമാക്കി.
പെരിന്തല്‍മണ്ണ നഗരസഭ 400 ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 6.87 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഇതു കൂടാതെ നഗരസഭാ വിഹിതമായി പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയും നല്‍കി.
   ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.  ഒരു കുടുംബത്തിന് 25 മുട്ടക്കോഴികള്‍ വീതം 426 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.  50% സബ്സിഡി നിരക്കിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.  ഏഴു ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിത്.
പദ്ധതിയിലുള്‍പ്പെടുത്തി ഒരു പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പിഎംഎവൈ (നഗരം)-ലൈഫ് നഴ്സറി ആരംഭിച്ചു. നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവ സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 15 സെന്‍റ് ഭൂമിയില്‍ എണ്ണായിരത്തോളം ഫലവൃക്ഷങ്ങളും/ഔഷധ വൃക്ഷങ്ങളും ആണ് നട്ടുപിടിച്ചത്.  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 160 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.  ഏകദേശം 125000/- രൂപ ചെലഴിച്ചാണ് നഴ്സറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.  കൊടുങ്ങല്ലൂര്‍ നഗരസഭ ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിച്ച 600 ഗുണഭോക്താക്കള്‍ക്കും, ഇരിങ്ങാലക്കുട നഗരസഭയിലെ 350 ഗുണഭോക്താക്കള്‍ക്കുമായി ഏകദേശം 1500 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  പൂര്‍ണമായും സൗജന്യമായാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭാതലത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതോടൊപ്പം മറ്റു നഗരസഭകളും സമാനമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്.

Content highlight
ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.