കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക കരുതല്‍ അര്‍ഹിക്കുന്ന വയോജനങ്ങള്‍, വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി നഗരസഭയുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്ക് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
സവിശേഷമായ ശ്രദ്ധയും കരുതലും ആവശ്യമുള്ള ഈ വിഭാഗങ്ങള്‍ക്ക് മാനസികമായ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം തന്നെ ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ മുഴുവന്‍ കുടുംബശ്രീ യുണിറ്റുകളേയും ഈ ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുത്തും. നഗര ആരോഗ്യ കേന്ദ്രങ്ങള്‍, നഗരത്തിലെ പ്രധാന ആശുപത്രികള്‍, പോലീസ്, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകള്‍, ഐ സി ഡി എസ്, റേഷന്‍ വിതരണ സംവിധാനം, സര്‍ക്കാര്‍/സഹകരണ/പൊതുമേഖലാ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍, തൊഴില്‍ വകുപ്പ്, ആംബുലന്‍സ് സേവന ദാതാക്കള്‍, പ്രധാന വ്യാപാര സ്ഥാപനങ്ങള്‍, മില്‍മ, ബഡ്ജറ്റ് റസ്റ്റോറന്റുകള്‍, ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സേവനദാതാക്കള്‍ എന്നിവരെയും ഹെല്‍പ്പ് ഡെസ്കുമായി ബന്ധിപ്പിക്കും.
ഹെല്‍പ്പ് ഡെസ്ക്കിലേക്ക് കോളുകള്‍ സ്വീകരിക്കുന്ന സമയം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയും പ്രവര്‍ത്തന സമയം 9 മുതല്‍ 5 വരെയുമാണ്. പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ വാട്സ് ആപ്പ് മുഖേന സന്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വീടുകളില്‍ നഗരസഭയുടെ ഹെല്‍പ്പ് ഡെസ്ക് നമ്പര്‍ പ്രിന്റ് ചെയ്ത സ്ലിപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ പതിക്കും.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ്. എസ്. സിന്ധുവിനാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തന ചുമതല.
ഹെല്‍പ്പ് ഡെസ്ക് നമ്പരുകള്‍ - 9496434409, 9496434410
- 173 views