ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷണൽ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തിൽ സൃഷ്ടിക്കും. നിലവിൽ നഗരകാര്യവകുപ്പിൽ ഈ തസ്തിക ഇല്ലാത്തതാണ്. ജില്ലാ തലത്തിൽ വകുപ്പ് മേധാവികളെ നിയമിക്കുന്നതിന് 7 ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്‌കെയിലുകൾ റഗുലർ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ സ്‌കെയിലുകൾ ഏകീകരിച്ചിട്ടുണ്ട്. ഈ സ്‌കെയിലുകൾ തൊട്ടു മുകളിലേക്കുള്ള ശമ്പളസ്‌കെയിലിലേക്കാണ് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സർവ്വീസിലെ 10 തസ്തികകൾക്കും സബോർഡിനേറ്റ് സർവ്വീസിലെ മൂന്ന് തസ്തികകൾക്കുമാണ് അപ്ഗ്രഡേഷൻ ആവശ്യമായി വന്നത്.
കോർപ്പറേഷൻ സെക്രട്ടറി തസ്തികയും കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി തസ്തികയും ജോയിന്റ് ഡയറക്ടർ തസ്തികയായിട്ടാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. മുൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടർ ആയും ഗ്രേഡ് 3 തസ്തിക സീനിയർ സെക്രട്ടറിയായും അപ്‌ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഡെപ്യൂട്ടി ഡെവലപ്‌മെന്റ് തസ്തികക്ക് തുല്യമായി ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്‌സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവ്വൈസർ എന്നീ തസ്തികകൾ അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മീഷണർ തസ്തികയ്ക്ക് തുല്യമായി അസിസ്റ്റസ്റ്റ് ഡയരക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർ വൈസർ തസ്തിക ക്ലീൻ സിറ്റി മാനേജർ എന്ന പേരിലും ക്യാമ്പയിൻ ഓഫീസർ തസ്തിക സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും. പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കി ഉയർത്തുകയും തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കി മാറ്റുകയും ചെയ്യും.
ഇതിന് പുറമേ പഞ്ചായത്ത് വകുപ്പിലെ66പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലത്തിലെ ഏറ്റവും സീനിയറായ 66 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്. ഇവരുൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി മാറ്റി, ഇവരെ ഇന്റേണൽ വിജിലൻസ് ഓഫീസർ ആയി വിന്യസിക്കും.
കഴിഞ്ഞ ഫെബ്രുവരി 19ന് തദ്ദേശ സ്വയം ഭരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകീകൃത തദ്ദേശ വകുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിന്റെ തുടർച്ചയിൽ നിയമഭേദഗതിക്കായി ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന-ജില്ലാ തലത്തിൽ ഓഫീസ് സംവിധാനങ്ങളും ഫെബ്രുവരി മുതൽ നിലവിൽ വന്നിട്ടുണ്ട്. ചട്ടങ്ങൾ അംഗീകരിച്ചതോടെ വകുപ്പ് സംയോജനം സമ്പൂർണ്ണമാവുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ കൂടുതൽമികച്ച പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ചരിത്രപരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടായിട്ടുള്ളത്.
- 1317 views