ബാലസഭാംഗങ്ങള്‍ക്കായുള്ള 'സജ്ജം' ബില്‍ഡിങ് റെസിലിയന്‍സ് പരിപാടി- മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള പരിശീലനം സംഘടിപ്പിച്ചു


'നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്‍പശാല സമാപിച്ചു. നഗര ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ മികച്ച മാതൃകകളും പ്രവര്‍ത്തനാനുഭവങ്ങളും പങ്കു വയ്ക്കുന്നതിനായി ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്ന വിവിധ സംസ്ഥാനങ്ങള്‍, ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള നൂതന ആശയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ശില്‍പശാലയുടെ രണ്ടു ദിനങ്ങളും. ഇതു വഴി ലഭിച്ച മികച്ച നിര്‍ദേശങ്ങളും മാതൃകകളും ദേശീയ നഗര ഉപജീവന ദൗത്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കും. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നതിനെ തുടര്‍ന്നാണിത്.
ശില്‍പശാലയുടെ രണ്ടാം ദിവസമായ ഇന്നലെ (24-6-2023) 'ഇന്‍റര്‍ നാഷണല്‍ ബെസ്റ്റ് പ്രാക്ടീസസ് ഇന്‍ അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ, പി.എം. സ്വാനിധി മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍ മോഡറേറ്ററായി. യു.എന്‍.ഡി.പി ലൈവ്ലിഹുഡ്സ് ആന്‍ഡ് വാല്യു ചെയിന്‍ സ്പെഷ്യലിസ്റ്റ് ഡോ.രവി ചന്ദ്ര, മൈക്രോ സേവ് പാര്‍ട്ണര്‍ അഭിഷേക് ആനന്ദ്, കില അസിസ്റ്റന്‍റ് പ്രൊഫ.ഡോ.മോനിഷ് ജോസ്, അര്‍ബന്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ മന്‍വിതാ ബാരദി, സംസ്കൃതി, സെന്‍റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് 'കണ്‍വെര്‍ജന്‍സ് ഫോര്‍ ഇന്‍ക്ളൂസീവ് അര്‍ബന്‍ ലൈവ്ലിഹുഡ്' എന്ന വിഷയത്തില്‍ മോഡറേറ്ററായി. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ഡെപ്യൂട്ടി അഡ്വൈസര്‍ പ്രകൃതി മേത്ത, ആസാം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പഞ്ചമി ചൗധരി, അമൃത, ലൈറ്റ്ഹൗസ് കമ്യൂണിറ്റി പൂനെ, യു.എം.സി ഡെപ്യൂട്ടി ഡയറക്ടര്‍ മേഘന മല്‍ഹോത്ര, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍.എസ് എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മൂന്നു ബാച്ചുകളായി തിരിഞ്ഞ് ഫീല്‍ഡ് സന്ദര്‍ശനം നടത്തി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ ദേശീയ നഗര ഉപജീവന ദൗത്യം മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍ ഉള്‍പ്പെടെയുള്ള സംഘം കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുമായി സംഘം ആശയ വിനിമയം നടത്തി. കൊച്ചി കോര്‍പ്പറേഷനില്‍ കുടുംബശ്രീ നടത്തുന്ന സമൃദ്ധി ഹോട്ടലും സംഘം സന്ദര്‍ശിച്ചു.
എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി ഗുരുവായൂരില്‍ നഗരസഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, കുടുംബശ്രീ പ്രീമിയം ഫുഡ് കോര്‍ട്ട്, നഗര ഉപജീവന കേന്ദ്രം, കുന്നംകുളത്തെ ഗ്രീന്‍പാര്‍ക്കിലെ ഹരിതകര്‍മസേന, കയര്‍ ഡീഫൈബറിങ്ങ് യൂണിറ്റ്, ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിക്കുന്ന യൂണിറ്റ് എന്നിവയും സംഘം സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് നഗരദരിദ്രര്‍ അനുഭവിക്കുന്ന ബഹുമുഖ ദാരിദ്ര്യം തുടച്ചു നീക്കുന്നതില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി സുപ്രധാന പങ്കു വഹിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.'നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി എറണാകുളം അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ 23, 24 തീയതികളിലായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മികച്ച പദ്ധതി നിര്‍വഹണത്തിന് 2021-22 സാമ്പത്തിക വര്‍ഷം ദേശീയ സ്പാര്‍ക് റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ആന്ധ്ര പ്രദേശ്, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഗുജറാത്ത്, കേരള, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രി പുരസ്കാരം സമ്മാനിച്ചു. 2021-22ല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയതിന് മിസോറാം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും 2022-23 ല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മിസോറാം, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രി എം.ബി രാജേഷ് പുരസ്കാരം സമ്മാനിച്ചു. 'യു ലേണ്‍ 2.0 'മൊബൈല്‍ ആപ്ളിക്കേഷന്‍റെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.
ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഉള്‍പ്പെടെയുളള അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധമോ ഇല്ലായ്മയോ നേരിടുന്ന നഗരദരിദ്രര്‍ക്ക് അത് ലഭ്യമാക്കുന്നതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യം, സാമൂഹ്യ സ്വീകാര്യത, ജനാധിപത്യ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലെ പങ്കാളിത്തം എന്നിങ്ങനെ അടിസ്ഥാന അവകാശങ്ങള്‍ കൂടി ലഭ്യമാക്കിക്കൊണ്ടാണ് കുടുംബശ്രീ നഗരമേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ 25 വര്‍ഷത്തെ വൈദഗ്ധ്യവും സുശക്തമായ സാമൂഹ്യ സംഘടനാസംവിധാനവും ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നൂതനവും പരീക്ഷിച്ചതും തെളിയിക്കപ്പെട്ടതുമായ ആശയങ്ങളും സമീപനങ്ങളും കേന്ദ്രീകൃത നയങ്ങളും നടപ്പാക്കുന്നതിലും സംസ്ഥാനം വിജയിച്ചിട്ടുണ്ട്.
എന്‍.യു.എല്‍.എം പദ്ധതിയുടെ തുടക്കം മുതല്‍ മികച്ച പ്രകടന സ്ഥിരത കാഴ്ച വയ്ക്കാന്‍ കഴിയുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജനം ഏറെ സഹായകമായിട്ടുണ്ട്. സര്‍ക്കാരിന്‍റെ വിവിധ നയതല തീരുമാനങ്ങളും ഉത്തരവുകളും കുടുംബശ്രീയുടെ വനിതാ ശൃംഖലയ്ക്ക് സുസ്ഥിരമായ ഉപജീവന മാര്‍ഗം നേടുന്നതിന് എല്ലായ്പ്പോഴും പിന്തുണ നല്‍കുന്നു. ഈ ഇടപെടലുകള്‍ കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക ഭൂപ്രകൃതിയെ വികസനപരമായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. നീതിആയോഗിന്‍റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 0.71 ശതമാനം എന്ന കണക്കില്‍ ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി 8600 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇങ്ങനെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ചരിത്രപരമായ പരിണാമം കൈവരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. അതിദരിദ്രരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ 64,006 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകം ദാരിദ്ര്യത്തില്‍ നിന്നു കര കയറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇത് നടപ്പാക്കുന്നതിലും കുടുംബശ്രീക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ നഗരമേഖലയിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ തയ്യാറാണ്. എന്‍. യു.എല്‍.എം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പനയ്ക്ക് ശരിയായ മാര്‍ഗ നിര്‍ദേശങ്ങളും പുതിയ പ്രതീക്ഷകളും നല്‍കാന്‍ ശില്‍പശാല സഹായകമാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചു വരുന്ന നഗരവല്‍ക്കരണം പ്രതികൂലമായി ബാധിക്കുന്ന നഗരദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വ്യവസായ അക്കാദമിക മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ പുതിയ ആവാസ വ്യവസ്ഥ ഉണ്ടാക്കുമെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ, പി.എം. സ്വാനിധി മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍ പറഞ്ഞു.
നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ സാക്ഷരത സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. 'ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ അവതരണവും നടത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി സ്വാഗതം പറഞ്ഞു. മന്ത്രി എം.ബി രാജേഷ്, ചെയര്‍മാന്‍സ് ചെമ്പറിന്‍റെ ചെയര്‍മാന്‍ കൃഷ്ണദാസ്, രാഹുല്‍ കപൂര്‍, ശാരദാ മുരളീധരന്‍, എന്‍.യു.എല്‍.എം പദ്ധതി ഡയറക്ടര്‍ ഡോ. മധുറാണി തിയോത്തിയ, പി.എം. സ്വാനിധി ഡയറക്ടര്‍ ശാലിനി പാണ്ഡെ എന്നിവര്‍ സംയുക്തമായി 'നഗരമേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍-50 പഠനങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു. 'അര്‍ബന്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനായി കുടുംബശ്രീയെ വിഭാവനം ചെയ്യല്‍' എന്ന വിഷയത്തില്‍ അനുകുമാരി, എന്‍ആര്‍.ഓ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ എന്നിവര്‍ അവതരണം നടത്തി.
വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മികച്ച മാതൃകകള്‍ അവതരിപ്പിച്ചു. പദ്ധതി നടപ്പാക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'മാലിന്യ മുക്തം നവകേരളം' ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാനമെമ്പാടും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ 46 ലക്ഷം അംഗങ്ങള്‍ 'ഞങ്ങള്‍ ഹരിതകര്‍മ സേനയ്ക്കൊപ്പം' എന്ന് പിന്തുണ പ്രഖ്യാപിക്കുന്നു. നിലവില്‍ ഹരിതകര്‍മ സേനകള്‍ നല്‍കുന്ന വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന യൂസര്‍ ഫീ വളരെ കുറവായ സാഹചര്യത്തിലാണിത്. ഇതു പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 10,11 തീയതികളില്‍ ചേരുന്ന അയല്‍ക്കൂട്ട യോഗങ്ങളില്‍ ഹരിതകര്‍മ സേനയ്ക്ക് പിന്തുണാ പ്രഖ്യാപനം നടത്താനാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുക്കുന്ന ഓരോ അംഗവും തങ്ങളുടെ വീട്ടില്‍ നിന്നും അജൈവ മാലിന്യം വൃത്തിയാക്കി ഹരിതകര്‍മ സേനക്ക് നല്‍കുമെന്നും ലഭ്യമാകുന്ന സേവനത്തിന് നിയമാനുസൃതം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീസ് നല്‍കുമെന്നും പ്രഖ്യാപിച്ചു കൊണ്ട് പിന്തുണ അറിയിക്കും. ക്യാമ്പെയ്ന്‍റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ട അംഗങ്ങളുടെയും വീടുകളില്‍ നിന്നും എല്ലാ മാസവും കൃത്യമായി ഹരിതകര്‍മ സേനകള്‍ക്ക് യൂസര്‍ ഫീസ് നല്‍കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി.
സംസ്ഥാനമൊട്ടാകെ 32440 ഹരിതകര്‍മ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അജൈവ മാലിന്യ ശേഖരണത്തിന് ഗ്രാമപ്രദേശങ്ങളില്‍ പ്രതിമാസം 50 രൂപയും നഗരങ്ങളില്‍ 70 രൂപയും കച്ചവട സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് ഇവര്‍ക്ക് യൂസര്‍ഫീ ഇനത്തില്‍ ലഭിക്കുക. നിലവില്‍ കേരളത്തില്‍ ആകെയുളള വീടുകളില്‍ പകുതിയോളം വീടുകളില്‍ നിന്നു മാത്രമാണ് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീസ് ലഭിക്കുന്നത്. ഇത് ഹരിതകര്‍മ സേനയുടെ വരുമാന ലഭ്യതയെ സാരമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് 45 ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ട കുടുംബങ്ങളില്‍ നിന്നും യൂസര്‍ഫീ ശേഖരണം ഊര്‍ജിതമാക്കി ഹരിതകര്‍മ സേനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം. അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കൊപ്പം മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി യൂസര്‍ഫീസ് ശേഖരണം കാര്യക്ഷമമാകുന്നതോടെ നിലവില്‍ ഹരിതകര്‍മസേന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
'മാലിന്യ മുക്തം നവകേരളം' ലക്ഷ്യമിട്ട് കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി നടത്തുന്ന 'ശുചിത്വേത്സവം' ക്യാമ്പെയ്ന്‍റെ ഭാഗമായി ജൂണ്‍ 11ന് 'നാടിന്‍ ശുചിത്വം, നമ്മള്‍ ഒന്ന്' എന്ന ക്യാമ്പെയ്നും സംഘടിപ്പിക്കും. ബാലസഭ, ഹരിതകര്‍മസേന, അയല്‍ക്കൂട്ടം ഇവയിലെ അംഗങ്ങള്‍ സംയുക്തമായി ഭവന സന്ദര്‍ശനം നടത്തി ഹരിതകര്‍മ സേനാ പദ്ധതി, യൂസര്‍ഫീ ശേഖരണത്തിന്‍റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സന്ദേശവും നല്കും.

കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ്-ഒരുമയുടെ പലമ' തൃശ്ശൂരില്‍ സംഘടിപ്പിച്ചു. ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു കലോത്സവം. തുടരെ നാലാം തവണയും കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 66 ഇനങ്ങളില്‍ മൂവായിരത്തിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 172 പോയിന്റാണ് കാസര്‍കോട് ജില്ല നേടിയത്. 136 പോയിന്റോടെ കോഴിക്കോട് ജില്ലയും 131 പോയിന്റോടെ കണ്ണൂര്‍ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആതിഥേയരായ തൃശ്ശൂരിന് നാലാം സ്ഥാനവും.
ജൂണ്‍ രണ്ടിന് തൃശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു. നടുവിലാല്‍ പരിസരത്തു നിന്നും വര്‍ണശബളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം. താളമേളങ്ങളുടേയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ 5000ത്തിലേറെ കുടുംബശ്രീ വനിതകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. റൂറല്‍ പോലീസ് സൂപ്രണ്ട് ഐശ്വര്യ ദോങ്‌റെ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഘോഷയാത്ര വി.കെ.എന്‍ ഹാളിലെത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.
'അരങ്ങ്-ഒരുമയുടെ പലമ' സംസ്ഥാന കലോത്സവത്തിലൂടെ കുടുംബശ്രീ സ്ത്രീകളുടെ സാംസ്‌കാരിക ശാക്തീകരണം സാധ്യമാക്കുന്നതിനൊപ്പം സാംസ്‌ക്കാരിക വൈവിധ്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനത്തിനു ലഭിച്ച ഏറ്റവും മികച്ച കലോത്സവമാണ് അരങ്ങ് സംസ്ഥാന കലോത്സവമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി അഡ്വ.കെ.രാജന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രതീഷ് കുമാര്‍. കെ പരിപാടി വിശദീകരിച്ചു. ഗസല്‍ ഗായിക ഇംതിയാസ് ബീഗം വിശിഷ്ടാതിഥിയായി. എം.എല്‍.എയും മുന്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രിയുമായ എ.സി മൊയ്തീന്‍ കലോത്സവത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത ശ്രീലക്ഷ്മി എം.എയ്ക്കുള്ള പുരസ്‌ക്കാരം സമ്മാനിച്ചു.
എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ കെ.ആര്‍ ജോജോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നഫീസ.കെ.വി, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ സംസ്ഥാന പ്രസിഡന്റ് എം.കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ അഹമ്മദ് പി.എം, എന്‍എ. ഗോപകുമാര്‍, വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ റെജി ജോയ്, പൂര്‍ണിമ സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സത്യഭാമ, റെജില എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത. എ നന്ദി പറഞ്ഞു.
ജൂണ്‍ നാലിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അധ്യക്ഷയായ സമാപന ചടങ്ങ് പട്ടികജാതി-പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാവിയില്‍, ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് അദ്ദേഹം പറഞ്ഞു. അടുക്കളയില്‍ നിന്നും സാമൂഹിക സ്വീകാര്യത ലഭിക്കുന്ന പൊതു ഇടങ്ങളിലേക്കും മുഖ്യധാരയിലേക്കും നേതൃ നിരയിലേക്കും കടന്ന് ചെല്ലാന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് കുടുംബശ്രീ കരുത്തു നല്‍കിയെന്ന് ഡോ. ആര്‍. ബിന്ദു പറഞ്ഞു.
കലോത്സവ വിജയികള്‍ക്കുള്ള പുരസ്‌ക്കാരവിതരണവും, തൃശ്ശൂരിലെ മികച്ച സി.ഡി.എസുകള്‍, ഉദ്ഘാടന ദിന ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്കുകള്‍, ജീവന്‍ദീപം ഒരുമ ഇന്‍ഷുറന്‍സ് ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ സി.ഡി.എസ്സുകള്‍ എന്നിവയ്ക്കുള്ള പുരസ്‌ക്കാര വിതരണവും മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത. എ സ്വാഗതം പറഞ്ഞു. കുടുംബശ്രീയ്ക്കായി സംഗീത ശില്‍പ്പം ഒരുക്കിയ കേരള സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയെ ആദരിച്ചു. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കര്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. ഷാജന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സി. നിര്‍മല്‍, ഒല്ലൂക്കര, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ തദ്ദേശസ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ രതീഷ് കുമാര്‍ നന്ദി പറഞ്ഞു.


പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തു നല്‍കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അഗളി ക്യാമ്പ് സെന്‍ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന നാഷണല്‍ മില്ലറ്റ് കോണ്‍ക്ളേവ് മെയ് 26ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനമൂല്യം ലഭ്യമാകുന്നതിനാവശ്യമായ ചര്‍ച്ചകള്‍ ഉയരണമെന്ന് മന്ത്രി പറഞ്ഞു. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകായകാലത്ത് പോഷകസമൃദ്ധമായ ചെറുധാന്യങ്ങള്‍ കൃഷി ചെയ്തു നല്‍കുന്ന അട്ടപ്പാടിയിലെ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് കുടുംബശ്രീയുടെ ഉപഹാരവും മന്ത്രി സമ്മാനിച്ചു.
കാന്‍റീന്‍ കാറ്ററിങ്ങ് സംരംഭങ്ങള്‍ മുതല്‍ റോഡ് നിര്‍മാണത്തിനുള്ള കോണ്‍ട്രക്ട് വരെ ഏറ്റെടുക്കുന്ന തരത്തില്‍ കുടുംബശ്രീ വനിതകള്‍ വളര്‍ന്നു കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു.
ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതാഭിവൃദ്ധി ലഭ്യമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മില്ലറ്റ് കോണ്‍ക്ളേവ് കുടുംബശ്രീ ഈ മേഖലയില്‍ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ ചുവട് വയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ മരുതി മുരുകന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കിയ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന-പദ്ധതി സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ.എസ്.ശാന്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ എന്‍.ആര്‍.എല്‍എം.ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ വാദ്ധ്വയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ പി.രാമമൂര്‍ത്തി, ജ്യോതി അനില്‍ കുമാര്‍, അട്ടപ്പാടി ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.മാത്യു, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി.ജി.കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ചന്ദ്രദാസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസറും അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസറുമായ ബി.എസ് മനോജ് നന്ദിയും പറഞ്ഞു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2023 ജൂണ്‍ 2,3,4 തീയതികളില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം 'അരങ്ങ്-ഒരുമയുടെ പലമ'യുടെ ഭാഗമായി 'സര്‍ഗാത്മ വികസനവും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം. 'അരങ്ങി'നോടനുബന്ധിച്ച് മെയ് 30ന് കലാമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിലാണ് പ്രബന്ധം അവതരിപ്പിക്കേണ്ടത്.
താല്‍പര്യമുള്ളവര്‍ സംഗ്രഹങ്ങള്‍ snehithatsr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഇംഗ്ളീഷിലും മലയാളത്തിലും പ്രബന്ധങ്ങള്‍ അയക്കാവുന്നതാണ്. 300 വാക്കുകളില്‍ കവിയരുത്. മികച്ച പ്രബന്ധത്തിന് അവാര്‍ഡ് നല്‍കുന്നതാണ്. പ്രബന്ധ സംഗ്രഹം കുടുംബശ്രീ പ്രസിദ്ധീകരിക്കും. അവസാന തീയതി 2023 മെയ് 27.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്നേഹിത-18004252573
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് മെയ് 19ന് ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി ഉദ്ഘാടനം ചെയ്തു. ഗുണമേന്‍മ ഉറപ്പു വരുത്തിയ ഉല്‍പന്നങ്ങള്‍ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിപണനം ചെയ്യാനാണ് ആദ്യഘട്ട തീരുമാനം. കോഴിയിറച്ചി കൊണ്ട് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ' മീറ്റ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ മൊബൈല്‍ വില്‍പനശാലയും ആരംഭിക്കും.
ജില്ലയിലെ കഠിനംകുളം ചാന്നാങ്കരയില്‍ നാലര ഏക്കറിലായാണ് പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 500 കോഴികളെ സംസ്ക്കരിച്ച് ഇറച്ചിയാക്കാന്‍ ശേഷിയുള്ളതാണ് പ്ളാന്‍റ്. ഇവിടെ എത്തിക്കുന്ന ഒന്നര മാസം പ്രായമുളള ഇറച്ചിക്കോഴികളെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആന്‍റിമോര്‍ട്ടം ഇന്‍സ്പെക്ഷന്‍ നടത്തിയ ശേഷം പൂര്‍ണ ആരോഗ്യമുള്ള കോഴികളെ മാത്രമാണ് സംസ്ക്കരണത്തിന് ഉപയോഗിക്കുക. വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് പൗള്‍ട്രി പ്രോസസിങ്ങ് ലൈനില്‍ ഓവര്‍ ഹെഡ് റെയില്‍ സിസ്റ്റത്തിന്‍റെ സഹായത്തോടെയാണ് സംസ്ക്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളും. കോഴിയിറച്ചി ശീതീകരിച്ച് സൂക്ഷിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ് സൗകര്യവും പ്ളാന്‍റിലുണ്ട്. പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ക്കരിച്ചു ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ സാധിക്കും.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 111 ഔട്ട്ലെറ്റുകളിലേക്കും കോഴിയെ വിതരണം ചെയ്യുന്നത് കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകരില്‍ നിന്നാണ്. പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇവിടേക്ക് ആവശ്യമായ മുഴുവന്‍ കോഴികളേയും ഇതേ കര്‍ഷകരില്‍ നിന്നു തന്നെയാണ് വാങ്ങും.
പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. കേരള ചിക്കന്‍ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സി.ഇ.ഓയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ.സജീവ് കുമാര്‍.എ പദ്ധതി വിശദീകരണം നടത്തി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്‍.ശശിധരന്‍ നായര്‍, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത അനി, കണിയാപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അന്‍സാരി, ചീഫ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ശ്രീകല.എസ്, ജില്ലാ അനിമല്‍ ഹസ്ബന്‍ഡ്രി ഓഫീസര്‍ ഡോ.ബീനാ ബീവി, സി.ഡി.എസ് അധ്യക്ഷ റൂബി നൗഷാദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ്സ്വാഗതവും കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍ സചിത്ര ബാബു നന്ദിയും പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ്, കെപ്കോ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ 2017 നവംബറില്‍ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. കോഴിയിറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴിക്കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പദ്ധതിയുടെ നടത്തിപ്പിനായി ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്ത്രീശാക്തീകരണത്തിന്‍റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് അനന്തപുരിയുടെ മണ്ണില്‍ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് മേയ് 17ന് ഒഴുകിയെത്തിയ പതിനായിരത്തോളം പേരെ സാക്ഷി നിര്‍ത്തി കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചപ്പോള്‍ അത് പെണ്‍കരുത്തിന്‍റെ വഴികളില്‍ പുതിയൊരു ചരിത്രമായി.
കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ദിന പ്രഖ്യാപനം, റേഡിയോശ്രീ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കുന്നതില്‍ സവിശേഷമായ പങ്കു വഹിച്ചു. ഉല്‍പാദന സേവന മേഖലകളിലായി 1,08,464 സംരംഭങ്ങളും 90242 കൃഷി സംഘങ്ങളിലൂടെ 33,172.06ഹെക്ടര്‍ സ്ഥലത്ത് കൃഷിയും കൂടാതെ 60625 പേര്‍ മൃഗസംരക്ഷണ മേഖല വഴിയും ഉപജീവനം കണ്ടെത്തുന്നു. സംരംഭ വികസനം, നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സമഗ്രമായ മുന്നേറ്റമാണ് കുടുംബശ്രീയുടേത്.
പണത്തിന്‍റെ അഭാവം മാത്രമല്ല, സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജനാധിപത്യപരമായ അവകാശങ്ങളുടെ നിഷേധം എന്നിവയും അവരുടെ ദാരിദ്യമാണ്. സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്‍റെയാകെ ഉന്നമനത്തിന് അനിവാര്യമാണെന്ന് മനസിലാക്കി ഇത്തരം ദാരിദ്ര്യാവസ്ഥകളെ മറികടക്കാനുള്ള സാമൂഹിക സംഘടനാ സംവിധാനം സജ്ജമാക്കുകയാണ് കുടുംബശ്രീ ചെയ്തത്. സാമൂഹ്യ കൂട്ടായ്മയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതില്‍ ഊന്നിക്കൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍ണയത്തിന്‍റെ എല്ലാ സൂചികകളിലും രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമായി മാറുന്നതില്‍ കേരളത്തിന് മികച്ച പിന്തുണ നല്‍കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. അതിദാരിദ്ര്യ സര്‍വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെയും 2025 നവംബര്‍ ഒന്നിനകം ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്‍ കേരളം ഏറ്റെടുക്കുക. കുടുംബശ്രീയുടെ പൂര്‍ണപങ്കാളിത്തം ഇതിനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം എല്ലാ വകുപ്പുകളുമായുളള ഏകോപനവും ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെസ്റ്റ് സി.ഡി.എസ് അവാര്‍ഡ് നേടിയ ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്, വയനാട് വെള്ളമുണ്ട സി.ഡി.എസ്, തിരുവനന്തപുരം കോട്ടുകാല്‍ സി.ഡി.എസ്, പാലക്കാട് ശ്രീകൃഷ്ണപുരം സി.ഡി.എസ്, ഇടുക്കിമറയൂര്‍ സി.ഡി.എസ്, 'ഒപ്പം-കൂടെയുണ്ട് കരുതലോടെ ക്യാമ്പെയ്നില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോഴിക്കോട് കോര്‍പ്പറേഷനും മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.
ആധുനിക കേരളത്തിലെ സ്ത്രീജീവിത ചരിത്രത്തിന് കുടുംബശ്രീ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ മുന്നോട്ടു പോകണം. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. പെണ്‍കരുത്തിന്‍റെ മഹാ പ്രസ്ഥാനമായ കുടുംബശ്രീയുടെ അരക്കോടി വരുന്ന അംഗങ്ങളുടെ കൈയ്യൊപ്പ് എല്ലാ മേഖലകളിലും പ്രകടമാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ മുദ്രഗീതം പ്രകാശനം, മുദ്രഗീത രചന നിര്‍വഹിച്ച ശ്രീകല ദേവയാനത്തിനുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ടിന്‍റെ ചരിത്രം മാറ്റത്തിന്‍റെ ചരിത്രമാണെന്നും സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കുടുംബശ്രീയുടെ പുതുക്കിയ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീ വനിതകളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ 'നിലാവ് പൂക്കുന്ന വഴികള്‍' പുസ്തക പ്രകാശനം മുന്‍ എം.പി സുഭാഷിണി അലി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു. രജത ജൂബിലിയോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവര്‍, പോസ്റ്റല്‍ വകുപ്പ് ഡയറക്ടര്‍ അലക്സിന്‍ ജോര്‍ജ് പ്രകാശനം ചെയ്ത് മന്ത്രി എം.ബി രാജേഷിന് കൈമാറി.
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓണ്‍ലൈനായി ആശംസ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, മുന്‍ എം.പിമാരായ സുഭാഷിണി അലി, പി.കെ.ശ്രീമതി ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ അഡ്വ.സ്മിത സുന്ദരേശന്‍, ചാല കൗണ്‍സിലര്‍ സിമി ജ്യോതിഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈന.എ എന്നിവര്‍ മുഖ്യാതിഥികളായി
കുടുംബശ്രീ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ വാസന്തി.കെ സ്വാഗതവും കോഴിക്കോട് മരുതോങ്കല്‍ സി.ഡി.എസിലെ കൃഷ്ണ ബാലസഭാംഗവുമായ കാദംബരി വിനോദ് നന്ദിയും പറഞ്ഞു. കുടുംബശ്രീ തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നൃത്തശില്‍പം പുതുമകൊണ്ടും പ്രമേയം കൊണ്ടും ആകര്‍ഷകമായി.
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് 'രചന'-കുടുംബശ്രീ അംഗങ്ങളുടെ സമകാലിക കഥകള്‍,-കര്‍മ പദ്ധതി ആവിഷ്കരിക്കല്‍' ചര്‍ച്ച സംഘടിപ്പിച്ചു. ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും 25 വര്‍ഷത്തെ പ്രയാണത്തിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീ വനിതകളുടെ അനുഭവങ്ങള്‍ ലോകത്തിന് നല്‍കുന്ന നിധിയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു.
കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയായ 'രചന'യുടെ ആശയവും അതിന്‍റെ നിര്‍വഹണ രീതിയും ശുചിത്വമിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍ വിശദീകരിച്ചു.
കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബ സാമൂഹ്യ പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്നു 'രചന'യിലൂടെ രേഖപ്പെടുത്തും. കുടുംബശ്രീയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കേരളീയ സ്ത്രീ സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമാണ് ഇതില്‍ ഉണ്ടാവുക. ഇതിലൂടെ സംസ്ഥാനത്തെ ഓരോ സി.ഡി.എസിന്‍റെയും 25 വര്‍ഷത്തെ ചരിത്രം ലഭ്യമാകും. പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കൈവരിച്ച സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച, ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതി, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പ്രാദേശിക സര്‍ക്കാരുകളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാര കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയില്‍ ഇടം നേടും. കുടുംബത്തിലും സമൂഹത്തിലും പൊതുമണ്ഡലത്തിലും കടന്നു വരുന്ന സ്ത്രീവിരുദ്ധതയെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് കേരളീയ സ്ത്രീ സമൂഹം ആര്‍ജിച്ചതും ഇതില്‍ വ്യക്തമാക്കും. ആഗസ്റ്റ് 25നകം 'രചന' പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പങ്കാളിത്ത രചനയിലൂടെയാണ് ഈ രജതചരിത്രം തയ്യാറാക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള സി.ഡി.എസ് പ്രവര്‍ത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകള്‍ ഒരുമിക്കും. ഇതിന്‍റെ ഭാഗമായി 1998 മുതല്‍ 2023 വരെ കാലഘട്ടത്തിലെ സി.ഡി.എസ് ഭാരവാഹികള്‍ ഉള്‍പ്പെട്ട രചനാ കമ്മിറ്റി രൂപീകരിക്കും. കുടുംബശ്രീയുടെ ചരിത്ര രചനയില്‍ മുഖ്യവിവര സ്രോതസായി പ്രവര്‍ത്തിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.
'രചന'കമ്മിറ്റി കൂടാതെ ഓരോ തദ്ദേശ സ്ഥാപനതലത്തിലും അഞ്ചുമുതല്‍ പത്തു വരെ സ്ത്രീകളെ ഉള്‍പ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകളും രൂപീകരിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്അംഗങ്ങള്‍, ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസുള്ള യുവതികള്‍, പഠനവും എഴുത്തും നടത്താന്‍ കഴിവുള്ള സ്ത്രീകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നവര്‍, സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നും വായനയിലും രചനയിലും താല്‍പ്പര്യമുള്ളവര്‍ എന്നിവരാണ് അക്കാദമിക് ഗ്രൂപ്പില്‍ അംഗമാവുന്നത്.