'മാലിന്യ മുക്തം നവകേരളം' ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാനമെമ്പാടും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ 46 ലക്ഷം അംഗങ്ങള്‍ 'ഞങ്ങള്‍ ഹരിതകര്‍മ സേനയ്ക്കൊപ്പം' എന്ന് പിന്തുണ പ്രഖ്യാപിക്കുന്നു. നിലവില്‍ ഹരിതകര്‍മ സേനകള്‍ നല്‍കുന്ന വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന യൂസര്‍ ഫീ വളരെ കുറവായ സാഹചര്യത്തിലാണിത്. ഇതു പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 10,11 തീയതികളില്‍ ചേരുന്ന അയല്‍ക്കൂട്ട യോഗങ്ങളില്‍ ഹരിതകര്‍മ സേനയ്ക്ക് പിന്തുണാ പ്രഖ്യാപനം നടത്താനാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുക്കുന്ന ഓരോ അംഗവും തങ്ങളുടെ വീട്ടില്‍ നിന്നും അജൈവ മാലിന്യം വൃത്തിയാക്കി ഹരിതകര്‍മ സേനക്ക് നല്‍കുമെന്നും ലഭ്യമാകുന്ന സേവനത്തിന് നിയമാനുസൃതം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീസ് നല്‍കുമെന്നും പ്രഖ്യാപിച്ചു കൊണ്ട് പിന്തുണ അറിയിക്കും. ക്യാമ്പെയ്ന്‍റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ട അംഗങ്ങളുടെയും വീടുകളില്‍ നിന്നും എല്ലാ മാസവും കൃത്യമായി ഹരിതകര്‍മ സേനകള്‍ക്ക് യൂസര്‍ ഫീസ് നല്‍കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി.
സംസ്ഥാനമൊട്ടാകെ 32440 ഹരിതകര്‍മ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അജൈവ മാലിന്യ ശേഖരണത്തിന് ഗ്രാമപ്രദേശങ്ങളില്‍ പ്രതിമാസം 50 രൂപയും നഗരങ്ങളില്‍ 70 രൂപയും കച്ചവട സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് ഇവര്‍ക്ക് യൂസര്‍ഫീ ഇനത്തില്‍ ലഭിക്കുക. നിലവില്‍ കേരളത്തില്‍ ആകെയുളള വീടുകളില്‍ പകുതിയോളം വീടുകളില്‍ നിന്നു മാത്രമാണ് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീസ് ലഭിക്കുന്നത്. ഇത് ഹരിതകര്‍മ സേനയുടെ വരുമാന ലഭ്യതയെ സാരമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് 45 ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ട കുടുംബങ്ങളില്‍ നിന്നും യൂസര്‍ഫീ ശേഖരണം ഊര്‍ജിതമാക്കി ഹരിതകര്‍മ സേനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം. അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കൊപ്പം മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി യൂസര്‍ഫീസ് ശേഖരണം കാര്യക്ഷമമാകുന്നതോടെ നിലവില്‍ ഹരിതകര്‍മസേന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
'മാലിന്യ മുക്തം നവകേരളം' ലക്ഷ്യമിട്ട് കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി നടത്തുന്ന 'ശുചിത്വേത്സവം' ക്യാമ്പെയ്ന്‍റെ ഭാഗമായി ജൂണ്‍ 11ന് 'നാടിന്‍ ശുചിത്വം, നമ്മള്‍ ഒന്ന്' എന്ന ക്യാമ്പെയ്നും സംഘടിപ്പിക്കും. ബാലസഭ, ഹരിതകര്‍മസേന, അയല്‍ക്കൂട്ടം ഇവയിലെ അംഗങ്ങള്‍ സംയുക്തമായി ഭവന സന്ദര്‍ശനം നടത്തി ഹരിതകര്‍മ സേനാ പദ്ധതി, യൂസര്‍ഫീ ശേഖരണത്തിന്‍റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സന്ദേശവും നല്‍കും.
- 164 views