വാര്‍ത്തകള്‍

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

Posted on Saturday, July 4, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സംസ്ഥാനതല  ശില്‍പശാലയ്ക്ക് തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സിയില്‍ തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍ അവയുടെ ഗുണഫലങ്ങള്‍ എന്നിവ കുടുംബശ്രീ ഗുണഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു പി.കെ ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ഏകോപനമാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ(3-7-2026)ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ മുഖേന ഈ രംഗത്ത് നടപ്പാക്കുന്ന വരുമാനദായക പദ്ധതികള്‍, കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിവിധ ബാങ്ക് വായ്പകള്‍, സബ്സിഡി, ധനസഹായം എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ.റീന വര്‍ഗീസ്, കെ.എല്‍.ഡി.ബി ഡെപ്യൂട്ടി മാനേജര്‍ എബിന്‍ ബേബി മാത്യു , ക്ഷീര വികസന വകുപ്പ് ജോയിന്‍റ്  ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫഹദ് എം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ശശി കുമാര്‍ കെ.എ.എസ്, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്യ പി, നബാര്‍ഡ് തിരുവനന്തപുരം അസിസ്റ്റന്‍റ് മാനേജര്‍ അനുദീപ് മറുബോയ്നാ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.വന്ദന ശശിധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ദിലീപ് എസ് ആമുഖ പ്രഭാഷണം നടത്തി.  കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഷാലി കൃഷ്ണ നന്ദി പറഞ്ഞു. കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികളുടെ ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ഫീല്‍ഡ്തല സ്റ്റാഫ് അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാരായ പശുസഖിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഇന്ന്(4-7-2026) വ്യവസായം, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും, ലീഡ് ബാങ്ക്, തൊഴിലുറപ്പ് പദ്ധതി, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, മില്‍മ എന്നിവയുടെ പ്രതിനിധികള്‍ വിവിധ സെഷനുകള്‍ നയിക്കും.

 

 

Content highlight
New Livelihood Opportunities for Farmers in the Animal Husbandry Sector: Kudumbashree State-Level Workshop Begins

ഓണപ്പൂക്കളവും സദ്യയുമൊരുക്കാന്‍ കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും; സംസ്ഥാനമൊട്ടാകെ 14,000 ഏക്കറില്‍ കൃഷി

Posted on Thursday, July 2, 2026

മലയാളിക്ക് ഓണപ്പൂക്കളവും സദ്യയുമൊരുക്കാന്‍ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും ഓണ വിപണിയിലെത്തും. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ 'നിറപ്പൊലിമ' 'ഓണക്കനി' പദ്ധതികള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി. 'ഓണക്കനി'യുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 12,000 ഏക്കറില്‍ പച്ചക്കറി കൃഷിയും 'നിറപ്പൊലിമ'യുടെ ഭാഗമായി 2000 ഏക്കറില്‍ പൂക്കൃഷിയും ഉള്‍പ്പെടെ ആകെ 14,000 ഏക്കറിലാണ് കൃഷി.  

ഓണവിപണിയില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്ക് പരമാവധി വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം പൊതുവിപണിയില്‍ ഗുണനിലവാരമുളള കാര്‍ഷികോല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി വഴി ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഓണ വിപണിയില്‍ നിന്നും ഓണക്കനി പദ്ധതി വഴി 8.8 കോടി രൂപയും നിറപ്പൊലിമ പദ്ധതി വഴി 1.5 കോടി രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

വെണ്ട, പയര്‍, മത്തന്‍, വെള്ളരി, പാവയ്ക്ക, പടവലങ്ങ, ചീര, കോവയ്ക്ക, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ജില്ലാ സി.ഡി.എസ്തല വിപണന മേളകളില്‍ വിറ്റഴിക്കും.

കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചക്കറി, ചെണ്ടുമല്ലി തൈകള്‍ തയ്യാറാക്കുന്നതിനായി ഓരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോള്‍വിങ്ങ്  ഫണ്ടായും നല്‍കുന്നുണ്ട്. കര്‍ഷക സഹായ കേന്ദ്രങ്ങള്‍ വഴി യാണ് ഇതു നല്‍കുന്നത്. കൂടാതെ കര്‍ഷകര്‍ക്കായി സി.ഡി.എസ്തലത്തില്‍  'ഫാര്‍മര്‍ ഫീല്‍ഡ് സ്കൂളുകള്‍' സംഘടിപ്പിച്ച് നഴ്സറി തയ്യാറാക്കല്‍, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക പരിശീലനവും ലഭ്യമാക്കിയിരുന്നു. ഇരുപദ്ധതികളുടെയും വിജയകരമായ നടത്തിപ്പിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്.

Content highlight
Kudumbashree Expands Onam Cultivation Projects Across 14,000 Acres

കര്‍ഷക പുരോഗതി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ 'ജീവനം 2..0 ' ക്യാമ്പയിന്‍ എല്ലാ ജില്ലകളിലും

Posted on Wednesday, June 24, 2026

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി  ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 'ജീവനം 2..0 '  ക്യാമ്പയിന് തുടക്കമായി. കന്നുകാലികളുടെ ആരോഗ്യം ഉറപ്പു വരുത്തുക, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധനവ് ഉറപ്പു വരുത്താനും കഴിയും. ഗ്രാമീണതലത്തില്‍ ബ്ളോക്ക്തലത്തില്‍ തിരഞ്ഞെടുത്ത രണ്ട് ക്ളസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റിയിലുമാണ് ക്യാമ്പയിന്‍ നടപ്പാക്കുക.   ജൂലൈ 30-നകം എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും.  

പ്രാദേശിക സാധ്യതകള്‍ കണക്കിലെടുത്ത് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന 'ജീവനം 2.0' ക്യാമ്പയിന്‍റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യ ചികിത്സ, ആരോഗ്യ പരിശോധന, രോഗനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കൂടാതെ കന്നുകാലികള്‍ക്ക് ഭീഷണിയാകുന്ന കുളമ്പ് രോഗം ബ്രൂസല്ലോസിസ്, പി.പി.ആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ എന്നിവയും ക്യാമ്പയിന്‍ വഴി ലഭ്യമാക്കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്താണ് ക്യാമ്പയിന്‍ തരം നടപ്പാക്കുന്നത്. സി.ഡി.എസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ളസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് ക്യാമ്പയിന്‍ പ്രയോജനപ്പെടും.

കര്‍ഷകര്‍ക്ക് ആവശ്യമായ ഇത്തരം ക്യാമ്പുകള്‍ നടപ്പാക്കുന്നതു വഴി കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും മൃഗസംരക്ഷണ മേഖല വിപുലീകരിക്കുന്നതിനും അവസരമൊരുക്കും.  ക്യാമ്പയിന്‍റെ വിജയകരമായ നടത്തിപ്പിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്

Content highlight
jeevanam 2.0

കുടുംബശ്രീ 'പുനര്‍ജീവന മധുരം' പദ്ധതിക്ക് തുടക്കം: മധുരക്കിഴങ്ങില്‍ നിന്നുള്ള ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്

Posted on Friday, June 19, 2026

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും നിര്‍മിച്ച ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന 'പുനര്‍ജീവന മധുരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. മധുരക്കിഴങ്ങില്‍ നിന്നു തയ്യാറാക്കിയ സ്വാദിഷ്ഠമായ പൊടി, ഹെല്‍ത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, കുല്‍ഫി, ചിപ്സ് എന്നീ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.  

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ മത്സരിക്കാന്‍ പര്യാപ്തമാണെന്നും അവ നിര്‍മിക്കുന്നത് സാധാരണക്കാരായ സ്ത്രീകളാണെന്നത് ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ കുടുംബശ്രീയുടെ അടുത്ത ഘട്ടം ഇനി ദാരിദ്ര്യത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്. പുനര്‍ജീവനം-മധുരം പദ്ധതി അതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് കുടുംബശ്രീ എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി കുടുംബശ്രീ കെ-ഇനം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു, മുഖ്യാതിഥി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്‍,  ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.എം.എസ് സജീവ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പരിപാടിക്ക് ശേഷം സി.ടി.സി.ആര്‍.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററും മന്ത്രി സന്ദര്‍ശിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിച്ചു. ഡോ.എം.എസ് സജീവ് ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു. മണ്ണിന്‍റെ ആരോഗ്യവും സന്തുലിത വളപ്രയോഗത്തെയും കുറിച്ച് ഡോ.കെ സുനില്‍ കുമാര്‍, ഡോ.ഷീല ഇമ്മാനുവല്‍ എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. സെന്തില്‍ കുമാര്‍ കെ.എം, ഡോ.രഹാന എസ്.എന്‍, ഡോ. പ്രകാശ് കൃഷ്ണന്‍ ബി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടിയില്‍ നിന്നു തിരഞ്ഞെടുത്ത വനിതാ കര്‍ഷകര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഭാരാഹികള്‍, ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിര കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് 'പുനര്‍ജീവനം'. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ

അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും തയ്യാറാക്കിയ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ വിപണനത്തിന്  തയ്യാറായിട്ടുള്ളത്. ഇവ കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാന്‍ഡ് 'കെ-ഇനം' വഴി വിപണിയിലെത്തും. നേരത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മുപ്പത് കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ അട്ടപ്പാടിയില്‍ നൂറ് ഏക്കറിലധികം വിവിധയിനം മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. പദ്ധതി വഴി 80 കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗം ലഭ്യമാകും.

Content highlight
Kudumbashree Launches ‘Punarjeevana Madhuram’

വിഘ്നേശ്വരി വി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

Posted on Thursday, June 18, 2026

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി വിഘ്നേശ്വരി വി  ചുമതലയേറ്റു. നിലവില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ്നേശ്വരിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയാണ്  നല്‍കിയിട്ടുള്ളത്.    

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എച്ച് ദിനേശന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായി പോയതിനെ തുടര്‍ന്നാണ് വിഘ്നേശ്വരിയുടെ നിയമനം. എച്ച് ദിനേശന് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.  

2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ വിഘ്നേശ്വരി വി നേരത്തെ ഇടുക്കി, കോട്ടയം ജില്ലാ കളക്ടറായും, ടൂറിസം വകുപ്പ് മാനേജിങ്ങ് ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നീ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ  മധുര സ്വദേശിനിയാണ്.

Content highlight
Vighneshwari V assumed charge as the Executive Director of Kudumbashree

സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാന്‍ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി ശ്രീ. കെ.എം ഷാജി

Posted on Thursday, June 18, 2026

സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാന്‍ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്  ഇതുവഴി ലക്ഷ്യമിടുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ പരിവര്‍ത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയില്‍ നിന്നും സാധ്യതകള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയില്‍ നിന്നും അവസരങ്ങള്‍ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴില്‍ വിദഗ്ധരും പിന്തുണ നല്‍കാന്‍ പഞ്ചായത്തും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ഓരോ വാര്‍ഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാന്‍  കഴിയും.

കുടുംബശ്രീ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയില്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് യഥാര്‍ത്ഥ കരങ്ങളിലെത്താന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും  കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവര്‍ത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകള്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിന്‍റെ ബഹുമാനവും നേടണം. സ്ത്രീകള്‍ കേരള ചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിന്‍റെയും നവീകരണത്തിന്‍റെയും ലോകമാതൃകയാവുന്ന കേരളത്തിന്‍റെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയില്‍ നിന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്ന  കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളില്‍ നിന്നും വലിയ

സാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്ത്രീകള്‍ ഡിജിറ്റല്‍ അറിവുകള്‍ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താന്‍ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് ആ കരുത്ത് നല്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്  പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയദര്‍ശിനി വി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയര്‍ന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അതിന്‍റെ കാരണം കുടുംബശ്രീയാണെന്നും അവര്‍ പറഞ്ഞു.

കുടുംബശ്രീ ഡയറക്ടര്‍ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

Content highlight
kudumbashree 2.0

കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം 2026-27; മന്ത്രി ശ്രീ.കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

Posted on Tuesday, June 9, 2026

2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ബ്ളിസ് ബഡ്സ് സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം ഷാജി നിര്‍വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 187 കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളും 218 കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.

   50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.
 
  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

  ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

Content highlight
buds praveshanolsavam

ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു: ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികളുമായി കുടുംബശ്രീ

Posted on Thursday, June 4, 2026

സംസ്ഥാനത്ത് കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കുന്നു.  പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം,  ആശയ വിനിമയം,  ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത ബ്ളോക്കുകളിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ തൃശൂര്‍ പ്ളേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി പ്രവീണ്‍ നാരായണന്‍ എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു.

കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്‍റിങ്ങ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. സര്‍ഗാത്മക രീതിശാസ്ത്രം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പഠന മൊഡ്യൂള്‍ പ്രകാരം പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പരിശീലനം. ഓരോ വിഭാഗത്തിലും പരിശീലനാര്‍ത്ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തും.    

കുടുംബശ്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രേംചന്ദ് സി.പി, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ തസ്നീം എ, പ്രീത ജി.നായര്‍, കൃഷ്ണകുമാരി, ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അര്‍ജ്ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Strengthens Gender Development Initiatives with Creative Theatre-Based Training Programmes

കുടുംബശ്രീ സംരംഭ വായ്പാ നടപടികള്‍ എളുപ്പത്തിലാക്കാന്‍ വരുന്നൂ, ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍

Posted on Monday, May 25, 2026

സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) നടപ്പിലാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും. അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ഐ.ഇ.എല്‍.ഇ സംയോജിപ്പിച്ചിരിക്കുന്നു.

 നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം ഇ.സി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും. ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാകും. കൂടാതെ എന്‍.ആര്‍.എല്‍.എം നല്‍കുന്ന പലിശ സബ്‌സിഡിയും ലഭ്യമാകും.

 പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.

  ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതിന്റെ ആദ്യപടിയായി സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാലയും സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ പ്രോഗ്രാം ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നവീന്‍. സി നിര്‍വഹിച്ചു. എന്‍.ആര്‍.എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ലോകേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) നാഷണല്‍ റിസോഴ്സ് പേഴ്സണ്മാരായ സുന്ദര്‍, രവിശങ്കര്‍ ബൊയാന എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേര്‍ ആദ്യഘട്ട സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.

Content highlight
Kudumbashree set to introduce Individual Enterprise Loan Application

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും വ്യക്തിഗത സംരംഭ വായ്പ

Posted on Monday, May 25, 2026

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ധാരണയിലെത്തി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ 21ന് സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് മേധാവി അഭിജീത് കുമാര്‍ ഝായും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഈ ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ ‘സെന്റ് നാരീ ശക്തി ‘ എന്ന പേരിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും. ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ സോണല്‍ ഓഫീസ് മേധാവി കെ. ധാരാസിങ് നായിക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എ. ശ്രീക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
Kudumbashree and Central Bank of India Sign MoU