മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

Posted on Saturday, July 4, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സംസ്ഥാനതല  ശില്‍പശാലയ്ക്ക് തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സിയില്‍ തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍ അവയുടെ ഗുണഫലങ്ങള്‍ എന്നിവ കുടുംബശ്രീ ഗുണഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു പി.കെ ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ഏകോപനമാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ(3-7-2026)ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ മുഖേന ഈ രംഗത്ത് നടപ്പാക്കുന്ന വരുമാനദായക പദ്ധതികള്‍, കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിവിധ ബാങ്ക് വായ്പകള്‍, സബ്സിഡി, ധനസഹായം എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ.റീന വര്‍ഗീസ്, കെ.എല്‍.ഡി.ബി ഡെപ്യൂട്ടി മാനേജര്‍ എബിന്‍ ബേബി മാത്യു , ക്ഷീര വികസന വകുപ്പ് ജോയിന്‍റ്  ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫഹദ് എം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ശശി കുമാര്‍ കെ.എ.എസ്, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്യ പി, നബാര്‍ഡ് തിരുവനന്തപുരം അസിസ്റ്റന്‍റ് മാനേജര്‍ അനുദീപ് മറുബോയ്നാ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.വന്ദന ശശിധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ദിലീപ് എസ് ആമുഖ പ്രഭാഷണം നടത്തി.  കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഷാലി കൃഷ്ണ നന്ദി പറഞ്ഞു. കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികളുടെ ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ഫീല്‍ഡ്തല സ്റ്റാഫ് അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാരായ പശുസഖിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഇന്ന്(4-7-2026) വ്യവസായം, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും, ലീഡ് ബാങ്ക്, തൊഴിലുറപ്പ് പദ്ധതി, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, മില്‍മ എന്നിവയുടെ പ്രതിനിധികള്‍ വിവിധ സെഷനുകള്‍ നയിക്കും.

 

 

Content highlight
New Livelihood Opportunities for Farmers in the Animal Husbandry Sector: Kudumbashree State-Level Workshop Begins