ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന' - കലാകിരീടം ചൂടി വയനാട്

Posted on Tuesday, January 23, 2024

പരിമിതികളില്ലാത്ത കലാ വിരുന്നൊരുക്കി  ആര്‍ദ്രമായ രണ്ടു രാപ്പകലുകള്‍ കലയുടെ ഉത്സവം തീര്‍ത്ത കുടുംബശ്രീ ബഡ്സ് കലാമേളയില്‍ വയനാട് ജില്ല കിരീടം ചൂടി. മാറി മറിഞ്ഞ പോയിന്റുകള്‍ക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയിന്റോടെ വയനാട് ജില്ല കലാകിരീടത്തിന് മുത്തമിട്ടത്. ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നില്‍. അവസാനം നിമിഷങ്ങളില്‍ തൃശൂര്‍ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്. അവസാന ഇനമായ സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ കലാകിരീടം വയനാട് ഉറപ്പിച്ചു. 37 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരം സമ്മാനിച്ചു.

  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. 18 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 300 ഓളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി ജെ അജവിനെയൂം അമയ അശോകനെയും തെരഞ്ഞെടുത്തു. ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാളുകളില്‍ ഏറ്റവും മിക്ച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം നേടിയ ആലപ്പുഴ, എറണാകളം, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ക്കുള്ള സമ്മാനവും സ്പീക്കര്‍ വിതരണം ചെയ്തു.

  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കലോത്സവ സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍ചാര്‍ജ് കെ ഷബീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി സി ഗംഗാധരന്‍, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, അഞ്ചരക്കണ്ടി ബിആര്‍സി വിദ്യാര്‍ഥി പിപി ആദിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ബഡ്സ് വിദ്യാര്‍ഥികള്‍ അരിക് വല്‍കരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്സ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ബഡ്സ് സ്‌കൂളുകളിലെഅധ്യാപകരുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണ്. ബഡ്സ് സ്ഥാപനങ്ങളില്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

 

 

Content highlight
wayanad won the overall championship in the state buds fest