വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നല്‍കിയതിനൊപ്പം നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടുംബ സര്‍വേ പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്കാവശ്യമായ മൈക്രോ പ്ളാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ദുരന്തത്തില്‍ മരിച്ച ഒമ്പത് അയല്‍ക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങള്‍ക്ക് കുടുംബശ്രീ ജീവന് ദീപം ഇന്‍ഷുറന്‍സ് പ്രകാരം ആകെ 7,22,500 (ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപ ലഭ്യമാക്കി. വീടും ജീവനോപധികളും നഷ്ടമായവര്‍ക്ക് ഇത് ഏറെ സഹായകമാകും. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതടക്കമുളള കാര്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞു.
ദുരന്തബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ച് നിലവില്‍ 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവര്‍ക്കും എത്രയും വേഗം അര്‍ഹമായ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെന്ററിങ്ങ് സംവിധാനവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഒരു മെന്റര്‍ എന്ന നിലയില്‍ 20 കമ്യൂണിറ്റി മെന്റര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ദുരന്തം സംഭവിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരംഭിച്ച ഹെല്പ് ഡെസ്കിന് നേതൃത്വം നല്‍കിയത് കുടുംബശ്രീ അംഗങ്ങളാണ്. കൂടാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, ഹരിതകര്‍മസേന കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ് എന്നീ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കി. ഇപ്രകാരം അതിജീവിതര്‍ക്ക് തണലൊരുക്കാന്‍ ഒട്ടേറെ കരുതല്‍ പ്രവര്‍ത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിന്റെ മാതൃകാ സ്ഥാപനം ദുരന്തഭൂമിയില്‍ നടപ്പാക്കുന്നത്.
- 66 views