കുടുംബശ്രീ കർഷക സംഘങ്ങൾക്കും സംരംഭകർക്കും മിന്നും കൈനീട്ടം: വിഷു ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്

Posted on Saturday, April 18, 2026

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളും  സൂക്ഷ്മസംരംഭ മേഖലയിലെ 16875 യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷേ്യാൽപന്നങ്ങളും വിറ്റഴിച്ചതു വഴിയാണ് ഈ മിന്നും നേട്ടം.

സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി ആകെ 1067 വിഷുച്ചന്തകളാണ് സംഘടിപ്പിച്ചത്. 83. 4 ലക്ഷം  രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി. തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.

കുടുംബശ്രീ വിഷു ചന്തകളിൽ കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവർഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉൽപന്നങ്ങളെത്തിക്കുന്നതിനായി ഒാരോ സി.ഡി.എസിലും പ്രതേ്യക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും  സമിതിയുടെ നേതൃത്വത്തിൽ  ഉറപ്പു വരുത്തി. മേളയിൽ എത്തുന്ന ഉൽപന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു.ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

Content highlight
vishuchanthaa