കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിച്ച ‘സര്‍ഗ്ഗം’ സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തില്‍ കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ് സ്വദേശിനി ഷീബ കെ രചിച്ച ‘തലേക്കുത്തല്‍’ ഒന്നാം സ്ഥാനം നേടി. വിജയിക്ക് 20,000 രൂപയും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം ലഭിക്കും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിനി മുഹ്സീന എം.എം രചിച്ച ‘ഈയാംപൂച്ച’യ്ക്കാണ് രണ്ടാം സ്ഥാനം. 15,000 രൂപയാണ് കാഷ് അവാര്‍ഡ്. ‘അര്‍ദ്ധനാരീശ്വരന്‍’ എന്ന കഥ രചിച്ച മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിനിയായ റഷീദ പി, ‘ബനാറസ്’ എന്ന കഥ രചിച്ച തിരുവനന്തപുരം ചെമ്മരുതി സ്വദേശിനി ആര്‍ഷ ഉണ്ണി ബി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഇവര്‍ക്ക് 5000 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും.
കൊല്ലം എഴുകോണ്‍ സ്വദേശിനി ശാന്തകുമാരി പി.കെ, ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിനി നിര്‍മ്മല ബാലകൃഷ്ണന്‍, കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശിനി വിദ്യ സുധീര്‍ എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഇവര്‍ക്ക് 2500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. എല്ലാ വിജയികള്‍ക്കും കാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2025 മാര്‍ച്ച് 18ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ വൈകുന്നേരം അഞ്ചു മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വിജയികള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് അറിയിച്ചു.
കുടുംബശ്രീ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിച്ച മത്സരത്തില്‍ ആകെ 550 രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.എ ബീന, റോസ്മേരി എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
- 14 views