കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാല: സംയോജന മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ പ്രാധാന്യത്തിലൂന്നി ആദ്യ ദിനം

Posted on Friday, July 14, 2023

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിന്‍റെ സാര്‍വത്രീകരണം' എന്ന വിഷയത്തില്‍ കോവളം ഉദയ സമുദ്രയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനും സംയോജനം സാര്‍വത്രികമാക്കുന്നതിന്‍റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ടായിരുന്നു തുടക്കം.

ഫലപ്രദമായ സംയോജന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും  പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായെന്നും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാര്‍ സിങ്ങ്  ശില്‍പശാലയില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രത്യേക പരിഗണന നല്‍കി ഉപജീവന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതടക്കം നിരവധി വികസന മാതൃകകളാണ് കുടുംബശ്രീ എന്‍.ആര്‍.ഒ മുഖേന സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന മാതൃകകള്‍ ഗ്രാമീണ ജനവിഭാഗത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ളോക്കുകളില്‍ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ സുരക്ഷ, ലിംഗസമത്വം, ഗുണനിലവാരമുള്ള  വിദ്യാഭ്യാസം, തൊഴിലും സാമ്പത്തിക വളര്‍ച്ചയും, പങ്കാളിത്ത ആസൂത്രണം തുടങ്ങി സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും തമ്മിലുളള സംയോജനം വളരെയേറെ സഹായകമായിട്ടുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം  സെക്രട്ടറി സുനില്‍കമാര്‍ ശില്‍പശാലയില്‍ ഓണ്‍ലൈനായി പങ്കെടുത്തു പറഞ്ഞു. താഴെ തട്ടിലുളള സ്വയംസഹായ സംഘങ്ങളില്‍ നിന്നുളള സ്ത്രീകള്‍ ജനാധിപത്യ പ്രക്രിയയിലൂടെ ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തേക്ക് കടന്നു വന്നതില്‍ ഇത്തരത്തിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുടുംബശ്രീക്ക് നേതൃത്വപരമായ പങ്കുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ദരിദ്ര ജനവിഭാഗത്തിന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതിയും ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായുള്ള സംയോജനവും നിര്‍ണായക പങ്കു വഹിക്കുന്നു. ഗ്രാമീണ ജനതയുടെ സമഗ്രവും സവിശേഷവുമായ ജീവിത പരിവര്‍ത്തനത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും ശ്രമങ്ങളുണ്ടാകണം. കേരളത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി തദ്ദേശ സ്ഥാപനങ്ങളുമായും മറ്റു വകുപ്പുകളുമായും സംയോജിച്ചു കൊണ്ട്  കുടുംബശ്രീ മുഖേന  നിരവധി മികച്ച മാതൃകാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട്  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണം. ഇതു വഴി ഗുണപരമായ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളിത്തം കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സ്മൃതി ശരണ്‍, മുന്‍ ചീഫ് സെക്രട്ടറി
എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

പദ്ധതി  വ്യാപനത്തിന്‍റെ മുന്നോടിയായി ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുമായും കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റണി ധാരണാപത്രം ഒപ്പു വച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ 'കണ്‍വ്ജന്‍സ് ക്രോണിക്കിള്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശനം സ്മൃതി ശരണ്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനു നല്‍കി നിര്‍വഹിച്ചു. എസ്.എം.വിജയാനന്ദ്, എന്‍ആര്‍.എല്‍.എം ടീം ലീഡ് ഉഷാ റാണി, തൃപുര ഗ്രാമീണ ഉപജീവന മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ റാവു വദറാപു, നാഗാലാന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ജോയിന്‍റ് സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ ഇംപ്റ്റിനെന്‍ലാ, ആസാം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കൃഷ്ണ ബറുവ എന്നിവരെ ആദരിച്ചു. കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയും വികാസവും വ്യക്തമാക്കുന്ന സംഗീത ശില്‍പം കുടുംബശ്രീ രംഗശ്രീയിലെ കലാകാരികള്‍ അവതരിപ്പിച്ചു.  

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്,  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മികച്ച മാതൃകകള്‍ കണ്ടറിയുന്നതിനായി പ്രതിനിധികള്‍ ആറു സംഘങ്ങളായി ജില്ലയില്‍ വെങ്ങാനൂര്‍, ബാലരാമപുരം, കോട്ടുകാല്‍, കാഞ്ഞിരംകുളം, പള്ളിച്ചല്‍, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂള്‍, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടല്‍, ഹരിതകര്‍മ സേന എന്നിവ സന്ദര്‍ശിച്ചു.

 

ingrtn nro

 

 

Content highlight
National Workshop on PRI-CBO Convergence Universalisation Programme starts