കോട്ടയം ജില്ല ആതിഥ്യമരുളിയ ദേശീയ സരസ് മേള വിജയകരമായി പരിസമാപിച്ചു. നാഗമ്പടം മൈതാനിയില്‍ ഡിസംബര്‍ 15ന് തുടക്കമായ ദേശീയ സരസ് മേള ചരിത്രം സൃഷ്ടിച്ചെന്ന് സഹകരണ, സാംസ്ക്കാരിക, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. 24ന് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴുകോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുനേടാന്‍ മേളയ്ക്കായത് കൂട്ടായ്മയുടെ ഫലമായാണ്. ജനപങ്കാളിത്തം കൊണ്ടും വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയിലും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചും മറ്റേത് സരസ് മേളയോടും കിടപിടിക്കത്തക്കതാവാന്‍ കഴിഞ്ഞു. ജില്ലയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെുന്ന ജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന മേളയായി കോട്ടയം സരസ് മേള മാറിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പുരസ്കാരങ്ങള്‍, മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരങ്ങള്‍, അഭിനന്ദനഫലകങ്ങള്‍, അഭിനന്ദനപത്രങ്ങള്‍ എന്നിവയും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.
കോട്ടയം ജില്ലാപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ചടങ്ങില്‍ അധ്യക്ഷയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, നഗരസഭാംഗം ശ്രീജ അനില്‍, കോട്ടയം നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിത ഗോപകുമാര്‍, സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ജി. ജ്യോതിമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തില്‍നിന്നുള്ള മികച്ച ഭക്ഷ്യസ്റ്റാളായി ഇടുക്കി യുനീക്കും മികച്ച ഇതരസംസ്ഥാന ഭക്ഷ്യ സ്റ്റാളായി സിക്കിമില്‍നിന്നുള്ള ഓര്‍ക്കിഡും തെരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക അമൃതയുടെ നേതൃത്വത്തിലുള്ള എറണാകുളത്തെ ലക്ഷ്യ ജ്യൂസ് സ്റ്റാളിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. കേരളത്തില്‍നിന്നുള്ള മികച്ച വിപണന സ്റ്റാളായി കൊല്ലം കൃഷ്ണാഞ്ജലി കോക്കനട്ട് ഷെല്‍ ക്രാഫ്റ്റും ഇതരസംസ്ഥാന മികച്ച വിപണന സ്റ്റാളായി തമിഴ്നാട് അന്നപൂരാണി എസ്.എച്ച്.ജി. ജ്യൂട്ട് ബാഗ് സ്റ്റാളും തെരഞ്ഞെടുക്കപ്പെട്ടു.
- 136 views