കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടെ ഈ ഓണത്തിന് നിറംപകരാന് ഏവര്ക്കും അവസരമൊരുക്കി കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ടയില്. സെപ്റ്റംബര് 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്ഡില് ആരംഭിക്കുന്ന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്ജ്ജ് ഓഗസ്റ്റ് 31ന് നിര്വഹിച്ചു. മേള 14ന് സമാപിക്കും.
പൊതുജനങ്ങള്ക്കായി സംഘടിപ്പിച്ച ലോഗോ തയാറാക്കല് മത്സരത്തില് ലഭിച്ച 22 എന്ട്രികളില് നിന്നാണ് വിദഗ്ധ പാനല് വിജയ ലോഗോ തെരഞ്ഞെടുത്തത്. അടൂര് സ്വദേശി അനീഷ് വാസുദേവനാണ് ലോഗോ ഡിസൈന് ചെയ്തത്. അനീഷിനുള്ള സമ്മാനം മേളയില് വിതരണം ചെയ്യും. ഈ ഓണത്തിന് ജില്ലാ, സി. ഡി. എസ് തലങ്ങളിൽ 2000ത്തോളം ഓണം വിപണന മേളകൾ കുടുംബശ്രീ സംഘടിപ്പിക്കും.
പത്തനംതിട്ട കളക്ടറേറ്റിൽ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് തിരുവല്ല എം. എല്.എ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് ജിജി മാത്യു, എ.ഡി.എം ജ്യോതി. ബി, ജില്ലാ പ്ലാനിങ് ഓഫീസര് മായ എം, കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന് കോര്ഡിനേറ്റര് ആദില എസ്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ബിന്ദുരേഖ. കെ എന്നിവര് പങ്കെടുത്തു.
- 46 views
Content highlight
logo of kudumbashree state level onam fare Aravam released