സ്വയംപര്യാപ്തതയുടെ ചരത്രമെഴുതിയ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. കല ആത്മാവിഷ്കാരത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും മാധ്യമമാകുമ്പോള്‍ സമാനമായ ദൗത്യം നിര്‍വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യദിനം. ഒരു വര്‍ഷം നീണ്ടു നിന്ന കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയിലാണ് വേറിട്ട ശബ്ദങ്ങള്‍ മുഴങ്ങിയത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതകളും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച കുടുംബശ്രീ സംരംഭകരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
രാവിലെ മാധ്യമ പ്രവര്‍ത്തക രേഖ മേനോന് മോഡറേറ്ററായ പാനല്‍ ചര്‍ച്ച തുടക്കം മുതല്‍ സദസിന്റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടാണ് മുന്നേറിയത്. 'കല-ആത്മാവിഷ്കാരത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും മാധ്യമം' പാനല്‍ ചര്‍ച്ചയില്‍ അനുഭവങ്ങളുടെ തീക്ഷ്ണത പകര്‍ന്ന വാക്കുകളാല്‍ കുടുംബശ്രീയെ അടയാളപ്പെടുത്തിയത് നിറഞ്ഞ കൈയ്യടിയോടെ സദസ് സ്വീകരിച്ചു. അക്രമത്തിനെതിരാണ് കലയെന്നും കല മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മനുഷ്യ സ്നേഹവും മാനവികതയുമാണെന്നും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സി.എസ് ചന്ദ്രിക പറഞ്ഞു. കുടുംബശ്രീ വനിതകള്‍ പല മേഖലകളിലും മാതൃകകളായി മുന്നോട്ടു വരുന്നത് ആവേശവും ഊര്‍ജ്ജവും പകരുന്ന അനുഭവമാണെന്ന് ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു. സിനിമാ രംഗത്തു കൂടി കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും അവര്‍ ഓര്‍മ്മപ്പെടുത്തി. കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അങ്ങേയറ്റം സ്വാധീനശേഷിയുള്ള മനുഷ്യരാക്കി മാറ്റുന്നുവെന്നും ആയിരക്കണത്തിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പെണ്‍സാഗരമായ കുടുംബശ്രീയിലെ ഒരു കണികയായതില്‍ അഭിമാനിക്കുന്നുവെന്നും ആര്‍ട്ടിസ്റ്റ് കവിതാ ബാലകൃഷ്ണന് പറഞ്ഞു.
രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ദീപ്തി, ബിജി.എം, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് മെന്റര്‍ ആനി വിശ്വനാഥ്, കുടുംബശ്രീ സംരംഭകയും കവയിത്രിയുമായ ദീപാ മോഹനന് എന്നിവര്‍ കുടുംബശ്രീയുടെ കരുത്തില്‍ തങ്ങള്‍ നേടിയ വിജയാനുഭവങ്ങള്‍ പങ്കു വച്ചു. മലപ്പുറം ജില്ലയിലെ അമരമ്പലം സി.ഡി.എസിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ നൃത്ത ശില്പം അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം 'വനിതാ സംരംഭകര്‍, സാമൂഹികമാറ്റത്തിനുള്ള ചാലക ശക്തികള്‍, 'കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം' എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.
- 56 views