ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന് തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.
കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.
- 124 views