പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി 'കനസ് ജാഗ' കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പ്രൗഢോജ്ജ്വല സമാപനം

Posted on Tuesday, October 29, 2024

തദ്ദേശ ജനതയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള കരുത്തുറ്റ പ്രമേയവും തെളിമയുള്ള ദൃശ്യഭാഷ്യവുമായി രണ്ടു നാള്‍ പ്രേക്ഷകമനസുകളെ കീഴടക്കിയ 'കനസ് ജാഗ' ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പ്രൗഢഗംഭീര സമാപനം. എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ മൂന്നു വേദികളിലായി പ്രദര്‍ശിപ്പിച്ച 102 ചലച്ചിത്രങ്ങളിലും മിന്നിത്തിളങ്ങിയത് ഊര്‍ജസ്വലമായ നൂറുകണക്കിന് കൗമാര പ്രതിഭകളുടെ മിന്നലാട്ടം. അറിവും കഴിവും സര്‍ഗാത്മകതയും കൊണ്ട് കലാലോകത്ത് നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് തെളിയിച്ചു കൊണ്ടാണ് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയുടെ കൊടിയിറക്കം. ഒക്ടോബര്‍ 27ന്‌ വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി.രാജീവ് സമാപന  സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.  

ആകെ 102 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകാഭിപ്രായം നേടിയതിന്‍റെ അടിസ്ഥാനത്തില്‍ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയ്യാറാക്കിയ 'നാരങ്ങാ മിട്ടായി' ഏറ്റവും മകച്ച ഹ്രസ്വ ചിത്രത്തിനുള്ള ജനപ്രിയ അവാര്‍ഡ് നേടി. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ നിര്‍മിച്ച 'ദാഹം'മികച്ച രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടി. പറമ്പിക്കുളം ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയ്യാറാക്കിയ നെറ്റ് വര്‍ക്ക് മികച്ച മൂന്നാമത്തെ ചിത്രത്തിനുളള അവാര്‍ഡും നേടി. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുന്നത്തുനാട് എം.എല്‍.എ അഡ്വ.പി.വി ശ്രീനിജിന്‍ അദ്ദേഹത്തിന്‍റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിക്കൊണ്ടാണ് മികച്ച ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 പ്രതിഭകള്‍ മാറ്റുരച്ച പ്രദര്‍ശന വേദിയില്‍ നെറ്റ് വര്‍ക്ക്, ചേല്, ദാഹം, തിരിച്ചറിവ്, ഒഴുക്ക്, നാരങ്ങാ മിട്ടായി, കിക്ക്, ഒരു ജാതി ഒരു ദൈവം ഒരു മതം, ആദ്യാക്ഷരം, തിരുട്ട് എന്നീ പത്തു ചിത്രങ്ങളാണ്  ഫൈനല്‍ റൗണ്ടിലെത്തിയത്. ഇതില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്ര വികാസത്തിനായി കനസ് ജാഗ പോലെ  ഹ്രസ്വ ചിത്ര നിര്‍മാണവും പ്രദശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയുടേത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കനസ് ജാഗ-തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ ഉള്ളടക്കം കൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളയ്ക്കെത്തിയത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഈ രംഗത്ത് മികച്ച രീതിയിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
 
തദ്ദേശീയ മേഖലയിലെ കുട്ടികള്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ സിനിമകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചതിനുള്ള ടാലന്‍റ് വേള്‍ഡ് റെക്കോഡ് മന്ത്രി പി.രാജീവിന് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഗിന്നസ് സത്താര്‍ ആദൂര്‍ കൈമാറി. തുടര്‍ന്ന് അവാര്‍ഡ് മന്ത്രി കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്തിന് നല്‍കി.

ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ തിരുനെല്ലി ടീമിന്  25,000 രൂപയുടെ ക്യാഷ് പ്രൈസും മെമന്‍റോയും,  രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടിയ അട്ടപ്പാടി ടീമിന്  15,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും,  മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ പറമ്പിക്കുളം ടീമിന് 10,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിതരണം ചെയ്തു. കുടുംബശ്രീ വായ്പ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തന്‍റെ ആദ്യ മിമിക്രി ട്രൂപ്പിന് തുടക്കമിട്ടതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു. തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും ഐശ്വര്യമുള്ള തുടക്കത്തിന് കുടുംബശ്രീ വഴിയൊരുക്കുമെന്നും അദ്ദേഹം  പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്ത എല്ലാ ചിത്രങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ക്കുളള സമ്മാനം വിതരണം ചെയ്തു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കൊറഗ(കാസര്‍കോട്), ആറളം (കണ്ണൂര്‍), തിരുനെല്ലി, നൂല്‍പ്പുഴ(വയനാട്), നിലമ്പൂര്‍(മലപ്പുറം), പറമ്പിക്കുളം(പാലക്കാട്), അട്ടപ്പാടി(പാലക്കാട്), കാടര്‍(തൃശൂര്‍), മറയൂര്‍-കാന്തല്ലൂര്‍(ഇടുക്കി), മലൈപണ്ടാരം(പത്തനംതിട്ട) ട്രൈബര്‍ സ്പെഷ്യല്‍ പ്രോജക്ടുകള്‍ക്കുള്ള അവാര്‍ഡ് വിതരണം മേയര്‍ അഡ്വ.അനില്‍ കുമാര്‍ നിര്‍വഹിച്ചു.  

വിദ്യാഭ്യാസ വിദഗ്ധന്‍ രതീഷ് കാളിയാടന്‍ കനസ് ജാഗ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ മുഖ്യാതിഥിയായി. സി.ഡി.എസ് അധ്യക്ഷമാരായ മേരി മിനി, ലത സാബു, നബീസ ലത്തീഫ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം നന്ദി പറഞ്ഞു.

sdr

 

Content highlight
Kudumbashree 'Kanas Jaga' Film Festival of Indigenous Children held at Ernakulamml