കുടുംബശ്രീ കെ 4 കെയര്‍ പദ്ധതിയിലൂടെ വയോജന രോഗീ പരിചരണ മേഖലയില്‍ തൊഴില്‍: നിപ്മറും കുടുംബശ്രീയും സംയുക്തമായി ആയിരം വനിതകള്‍ക്ക് പരിശീലനം

Posted on Wednesday, February 26, 2025
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീ പരിചരണ മേഖലയില്‍ ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട്  ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുന്നത്. വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ മാര്‍ച്ച് ആദ്യവാരം മുതലാണ് പരിശീലനം ആരംഭിക്കുക. വനിതകള്‍ക്ക് മാത്രമായിരിക്കും അവസരം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്.  

25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക. വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലായിരിക്കും ഇവര്‍ക്ക് തൊഴിലവസരം ലഭ്യമാവുക. ഇതിന് കുടുംബശ്രീയുടെ പിന്തുണയും ഉണ്ടാകും.  

2024 ജനുവരിയില്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 605  പേര്‍ പരിശീലനം നേടി. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 
 
Content highlight
k4care