വൃത്തിയുള്ള പരിസര സൃഷ്ടിക്കായി കുടുംബശ്രീയുടെ പെണ്‍കരുത്ത്: ഹരിതകര്‍മസേന ഒരു വര്‍ഷം നീക്കം ചെയ്തത് 50190 ടണ്‍ അജൈവ മാലിന്യം

Posted on Wednesday, March 26, 2025

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി കുടുംബശ്രീയുടെ പെണ്‍കരുത്ത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഫെബ്രുവരി വരെയുളള കാലയളവില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ മുഖേന ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയത്  50190 ടണ്‍ അജൈവ മാലിന്യം. 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 35214 വനിതകളുടെ  കഠിനാധ്വാനവും പ്രവര്‍ത്തന മികവുമാണ് ഇത്രയും വലിയ മാലിന്യ നീക്കത്തിനു പിന്നിലെ കരുത്ത്.

സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യം വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ രൂപീകരണം.

തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീ ഇനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 341 കോടി രൂപയാണ് ഈയിനത്തില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്. കൂടാതെ തരം തരിച്ച മാലിന്യം ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 7.8 കോടി രൂപയും നേടാനായി. മികച്ച രീതിയില്‍ മാലിന്യ ശേഖരണവും സംസ്ക്കരണവും നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പുതുതായി 1412 പേര്‍ കൂടി ഹരിതകര്‍മ സേനയില്‍ അംഗങ്ങളായിട്ടുണ്ട്.

അജൈവ മാലിന്യത്തിന്‍റെ പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രകൃതി സൗഹൃദ സംരംഭ രൂപീകരണവും കുടുംബശ്രീ അംഗങ്ങള്‍ മുഖേന നടന്നു വരുന്നു. 223 തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളും 540 പേപ്പര്‍ ബാഗ് യൂണിറ്റുകളും ഈ രംഗത്ത് സജീവമാണ്.

സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കു വഹിക്കുന്നതും ഹരിതകര്‍മസേനകളാണ്. ജലാശയങ്ങളിലോ പൊതു നിരത്തുകളിലോ വലിച്ചെറിയപ്പെടുമായിരുന്ന അജൈവമാലിന്യമാണ് ഹരിതകര്‍മസേനകള്‍ മുഖേന നീക്കം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

 

 

vzsd

 

Content highlight
Harithakarma Sena removed 50190 tons of inorganic waste in one year