സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Wednesday, July 27, 2022

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.

നാഷണല്‍ ഫ്ളാഗ് കോഡ് പ്രകാരം  3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്കൂള്‍ അധികൃതരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണം അതത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  നിലവില്‍ ഓരോ പഞ്ചായത്തിലുമുള്ള സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യകതയനുസരിച്ച് പ്രതിദിനം മൂന്നു ലക്ഷം പതാകകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്കൂളുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പതാക സമയബന്ധിതമായി എത്തിക്കും. എല്ലാ ജില്ലകളിലുമുള്ള കുടുംബശ്രീ ഉദ്യോഗസ്ഥരും കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കാളികളാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ പരിപാടിയില്‍ ഉള്‍പ്പെടുത്തും.  കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. ഇക്കാര്യം അതത് സി.ഡി.എസുകള്‍ മുഖേനയായിരിക്കും ഉറപ്പു വരുത്തുക.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

Content highlight
75th anniversary celebration of Indian idndependance ; Kudumbashree to make 50 lakh national flag