ഫീച്ചറുകള്‍

കരുതലിന്‍ കരങ്ങളാണ് കുടുംബശ്രീ, കണ്ണൂരിലുയര്‍ന്ന ഈ വീടുകള്‍ സാക്ഷി!

Posted on Monday, June 12, 2023
ഏവരേയും കരുതലോടെ ഒപ്പം ചേര്ക്കുന്ന കരങ്ങള്. അതാണ് 46 ലക്ഷം അംഗങ്ങള് കരുത്തുപകരുന്ന കുടുംബശ്രീ പ്രസ്ഥാനം. വീണ് കിടക്കുന്നവന് ഉയര്ത്തെഴുന്നേല്ക്കാന് കരുതലിന്റെ കരങ്ങള് നീട്ടാന് ഒരിക്കലും കുടുംബശ്രീ മറക്കാറില്ല. അതിന് മികച്ച ഉദാഹരണങ്ങളായി മാറുകയാണ് കണ്ണൂര് ജില്ലയിലെ ആറളത്തും പയ്യാവൂരും ഉയര്ന്ന വീടുകള്.
 
ആറളം പട്ടികവര്ഗ്ഗ പുനരധിവാസ മേഖലയില് അധിവസിക്കപ്പെട്ട ആദിവാസി ജനസമൂഹത്തിനായുള്ള ഭവന നിര്മ്മാണ പദ്ധതിയില് രണ്ട് വര്ഷം മുമ്പാണ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഇടപെട്ടത്. സര്ക്കാര് വകുപ്പുകള് പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് അനുവദിച്ച ഭവന പദ്ധതികളുടെ നിര്മ്മാണ ചുമതല കുടുംബശ്രീ വനിതാ നിര്മ്മാണ ഗ്രൂപ്പുകള് ഏറ്റെടുക്കുകയായിരുന്നു.
 
ആദ്യ ഘട്ടത്തില് 10 വീടുകളുടെ നിര്മ്മാണമാണ് കുടുംബശ്രീ നിര്മ്മാണ സംഘം ഏറ്റെടുത്തത്. ഈ വീടുകളില് നാലെണ്ണം പൂര്ത്തീകരിച്ച് 2022 ല് തന്നെ അവകാശികള്ക്ക് കൈമാറി. ശേഷിച്ച ആറ് വീടുകളുടെ താക്കോല് ഏപ്രില് മാസത്തിലും കൈമാറി. ഈ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിച്ചത് ജ്വാല, കനല് എന്നീ ആറളത്തെ രണ്ട് കുടുംബശ്രീ വനിതാ നിര്മ്മാണ സംഘമായിരുന്നു.
 
കുടുംബശ്രീ കാസ് ഓഡിറ്റ് ടീമംഗമായിരിക്കുമ്പോള് 2021 ഡിസംബര് പത്തിന് മരണമടഞ്ഞ പയ്യാവൂരിലെ പൈസക്കരിയിലെ ധന്യ എം.ജിയുടെ കുടുംബത്തിനാണ് മറ്റൊരു ഇടപെടലിലൂടെ കുടുംബശ്രീ കരുതലേകിയത്. ധന്യയുടെ മക്കളായ ഉണ്ണിക്കുട്ടനും റോസ്‌മേരിയ്ക്കും വേണ്ടി കുടുംബശ്രീ 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും അതില് ഒരു വര്ഷം കൊണ്ട് തന്നെ പുതിയൊരു വീട് പണിതുയര്ത്തുകയുമായിരുന്നു. 31 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില് നിന്ന് പിരിച്ചെടുത്തത്. മക്കളുടെ തുടര്വിദ്യാഭ്യാസത്തിന് വേണ്ടി 8.5 ലക്ഷം രൂപ ബാങ്കില് നിക്ഷേപിക്കുകയും ചെയ്തു.
 
ധന്യശ്രീ എന്ന് പേരിട്ട വീടിന്റെ താക്കോലും ഭൂമിയുടെ രേഖയും ബാങ്ക് പാസ് ബുക്കും ഏപ്രില് മാസത്തില് സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് കൈമാറി. പയ്യാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്, സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ശിവദാസ്, ജില്ലയിലെ മറ്റ് സി.ഡി.എസുകളിലെ ചെയര്പേഴ്‌സണ്മാര്, അക്കൗണ്ടന്റുമാര് എന്നിവര് മറ്റ് കുടുംബശ്രീ ഉദ്യോഗസ്ഥര് എന്നിവരുമായി തോളോട് തോള് ചേര്ന്ന് നിന്നാണ് ഈ പ്രവര്ത്തനം നടത്തിയത്.
Content highlight
kannur kudumbashree mission Kannur built houses for the deserving

സിംഗിള്‍ മദര്‍ ഫോറം - ഒറ്റയ്ക്കല്ല, ഒത്തൊരുമിച്ച്

Posted on Wednesday, April 12, 2023
രോഗമോ അപകടമോ മൂലം കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് മക്കളുടെ അച്ഛനെ നഷ്ടപ്പെടുന്ന അമ്മമാര് അല്ലെങ്കില് ഉദരത്തില് പിറവി കൊള്ളുന്ന കുഞ്ഞിന്റെ പൂര്ണ്ണ ചുമതല സ്വയമേറ്റുവാങ്ങേണ്ടി വന്നവര്. ജീവിതത്തില് ഒരു തുണ കൂടെയില്ലാതായിപ്പോകുന്ന അങ്ങനെയുള്ള അമ്മമാരുടെ ഒറ്റപ്പെടലിലേക്ക് കൂട്ടായ്മയുടെ സ്നേഹം വിതറുകയാണ് കുടുംബശ്രീ തൃശ്ശൂര് ജില്ലാ മിഷന് സിംഗിള് മദര് ഫോറമെന്ന ആശയത്തിലൂടെ.
 
മാതൃകാ ജെന്ഡര് റിസോഴ്സ് സെന്ററുകള് കേന്ദ്രീകരിച്ചാണ് ഈ ആശയം ജില്ല ഇപ്പോള് പ്രാവര്ത്തികമാക്കിത്തുടങ്ങിയിരിക്കുന്നത്. വിധവകളോ അവിവാഹിതരോ ആയ ഒറ്റയ്ക്ക് മക്കളെ വളര്ത്തുന്ന അമ്മമാരുടെ കൂട്ടായ്മയാണ് സിംഗിള് മദര് ഫോറം. 18 വയസ്സില് താഴെയുള്ള കുട്ടികളുടെ അമ്മമാരെയാണ് ഈ ഫോറത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മാര്ച്ച് മാസത്തില് കുഴൂര്, മുല്ലശ്ശേരി, പെരിഞ്ഞാനം, കടുകുറ്റി, അരിമ്പൂര് എന്നീ അഞ്ച് പഞ്ചായത്തുകളില് സംഘടിപ്പിച്ച സിംഗിള് മദര് ഫോറങ്ങളില് നൂറോളം അമ്മമാരാണ് പങ്കെടുത്തത്. ജീവിതത്തില് നേരിട്ട വെല്ലുവിളികള്, ബുദ്ധിമുട്ടുകള്, അവഗണനകള് എല്ലാം അവര് ഫോറത്തില് പങ്കുവച്ചു.
 
ഈ അമ്മമാര്ക്ക് മാനസിക പിന്തുണ നല്കുക, കുടുംബശ്രീയുടെ നേതൃത്വത്തില് ഉപജീവ ന അവസരം നല്കുക, കുട്ടികള്ക്ക് പഠനത്തിന് ശേഷം ജോലി സംബന്ധമായ മാര്ഗ്ഗ നിര്ദേശം നല്കുക, നൂതന സാങ്കേതികവിദ്യ പരിജയപ്പെടുത്തുക, ഒറ്റയ്ക്കും കൂട്ടായും സംരംഭങ്ങള് ആരംഭിക്കുന്നതിന് പിന്തുണയേകുക, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള് പരിചയപ്പെടുത്തുകയും അതിന്റെ ഗുണഫലം നേടിക്കൊടുക്കുകയും ചെയ്യുക, സ്നേഹിത, ജി.ആര്.സി എന്നിവയുടെ സേവനങ്ങളെ പരിചയപെടുത്തുക എന്നിങ്ങനെ നീളുന്നു സിംഗിള് മദര് ഫോറത്തിന്റെ ലക്ഷ്യങ്ങള്.
 
പഞ്ചായത്തിന്റെ പിന്തുണയോടെ വനിതാ ഘടകപദ്ധതിയില് ഇവര്ക്ക് വേണ്ടി വിവിധ പദ്ധതികള് ഉള്പ്പെടുത്തുന്നതിനുള്ള ചര്ച്ചകളും നടന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സിംഗിള് മദര് ഫോറം രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് തൃശ്ശൂരിനുള്ളത്. ഇത്തരമൊരു ആശയം പ്രാവര്ത്തികമാക്കിയ ജില്ലയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും!
Content highlight
Kudumbashree Thrissur District Mission comes up with the novel idea of Single Mother Forum ml

ആലപ്പുഴയിലും എത്തി ‘കുടുംബശ്രീ കേരള ചിക്കൻ’

Posted on Thursday, March 9, 2023

കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ആലപ്പുഴ ജില്ലയിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച്‌ 7 ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് കഞ്ഞിക്കുഴി പി.പി സ്വതന്ത്ര സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു. ഇതോടെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ഒമ്പത് ജില്ലകളിലായി.

മിതമായ നിരക്കിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമുള്ള കേരള ചിക്കൻ പദ്ധതി കുടുംബശ്രീ പ്രാവർത്തികമാക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനി വഴിയാണ്.

ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി.

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. പ്രശാന്ത് ബാബു. ജെ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണതേജ ഐ.എ.എസ് വിശിഷ്ടാതിഥിയായി. ആശംസകൾ അർപ്പിച്ച് സംസാരിച്ച അദ്ദേഹം കഞ്ഞിക്കുഴി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീയ്ക്ക് കീഴിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ഫലകം നൽകി ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. കേരള ചിക്കൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. സജീവ് കുമാർ വിശദമാക്കി.

സബ് കളക്ടർ ശ്രീ. സൂരജ് ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി. ഉത്തമൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷേർലി ഭാർഗവൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശന ഭായി ടീച്ചർ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് ചുങ്കത്തറ തുടങ്ങിയവർ ആശംസകൾ നേർന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ശ്രീ. സേവ്യർ കെ.വി നന്ദി അറിയിച്ചു.

Content highlight
kudumbashree Kerala chicken inagurated at Alappuzhaml

ആരോഗ്യത്തിന്റെ കോര്‍ട്ടിലേക്ക് ഇടുക്കിയിലെ ബാലസഭാ കുട്ടികളുടെ സ്മാഷ്

Posted on Thursday, March 9, 2023

ബാലസഭാംഗങ്ങളായ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ബാഡ്മിന്റണ്‍ പരിശീലനവുമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍. ജില്ലയിലെ എട്ട് ബ്ലോക്കുകളിലുമുള്ള കുട്ടികളെയാണ് ബാഡ്മിന്റണ്‍ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നത്.

സ്‌കൂള്‍ പഠനത്തെ ബാധിക്കാത്ത തരത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഈ പരിശീലന പരിപാടിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. ബാഡ്മിന്റണ്‍ അസോസിയേഷനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 210 കുട്ടികളാണ് ഇപ്പോള്‍ ഒന്നാംഘട്ട പരിശീലനം നേടിവരുന്നത്.

അയ്യപ്പന്‍കോവില്‍ (കട്ടപ്പന), അടിമാലി (അടിമാലി), വട്ടവട (ദേവികുളം), വാത്തിക്കുടി (ഇടുക്കി), നെടുങ്കണ്ടം (നെടുങ്കണ്ടം), വണ്ടിപ്പെരിയാര്‍ (അഴുത), തൊടുപുഴ (തൊടുപുഴ), വണ്ണപ്പുറം (ഇളംദേശം) എന്നിവിടങ്ങളിലെ മികച്ച നിലവാരമുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിവരുന്നത്. ഒന്നാംഘട്ട പരിശീലനം മാര്‍ച്ച് ആദ്യവാരം അവസാനിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ മൊബൈല്‍ ഉപയോഗം കുറഞ്ഞതും കൂടുതല്‍ കൃത്യനിഷ്ഠ വന്നതുമെല്ലാം പദ്ധതി വിജയകരമാകുന്നതിന്റെ തെളിവായി ജില്ലാ മിഷന്‍ കണക്കാക്കുന്നു.

പരിശീലനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കു വേണ്ടി ജില്ലാതല ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇടുക്കി ജില്ലാ മിഷന്‍.

Content highlight
Kudumbashree Idukki District Mission comes up with Badminton Training to improve the health of Balasabha membersml

‘ഇതള്‍’ ബ്രാന്‍ഡിലിറങ്ങും തിരുവനന്തപുരത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍

Posted on Thursday, March 9, 2023

ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയാറാക്കുന്ന ഉത്പന്നങ്ങള്‍ ‘ഇതള്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ തിരുനവന്തപുരം ജില്ലാ മിഷന്‍. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാര്‍ച്ച് ഒന്നിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസും ചേര്‍ന്ന് ‘ഇതള്‍’ ബ്രാന്‍ഡിന്റെ പ്രകാശനം നിര്‍വഹിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ റിയ സിങ് ഐ.എ.എസ്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. നജീബ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ എ.ജെ, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ സിന്ധു. വി, അരുണ്‍ പി. രാജന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍ എന്നിവര്‍ സന്നിഹിതരായി.

ജില്ലയിലെ 14 ബഡ്‌സ് സ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നോട്ട്പാഡ്, ഓഫീസ് ഫയല്‍, വിത്തുപേന, തുണി സഞ്ചി, പേപ്പര്‍ സഞ്ചി എന്നിവയാണ് ‘ഇതള്‍’ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. ഇതിനായി രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.

Content highlight
Kudumbashree Thiruvananthapuram District Mission to brand the market the products made by BUDS Childrenml

ചേര്‍ത്തല നഗരം 'ഒപ്പം' ചേര്‍ന്നു അതിദരിദ്രര്‍ക്കായി ലഭിച്ചത് 2000ത്തിലേറെ വീട്ടുസാമഗ്രികള്‍!

Posted on Thursday, March 2, 2023
 
വാര്‍ഡ്തല സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര- അഗതി- ആശ്രയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ സമാഹരിക്കുന്നതിന് ചേര്‍ത്തല നഗരസഭയും കുടുംബശ്രീ സി.ഡി.എസും കൈകോര്‍ത്ത് നടത്തിയ ജനകീയ വീട്ടുപകരണ സമാഹരണത്തിന്റെ തുടക്കം വന്‍വിജയം.
 
കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് (നഗരം), ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍, നഗരങ്ങളിലെ അതിദരിദ്രര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ഠിത തൊഴിലിലൂടെയോ ഉപജീവന മാര്‍ഗ്ഗവും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനതല ക്യാമ്പെയിന്‍ 'ഒപ്പ'ത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട പ്രവര്‍ത്തനം നഗരസഭ നടത്തിയത്. ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി വാര്‍ഡ്തലത്തില്‍ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യകത അനുസരിച്ചാണ് ഓരോ വാര്‍ഡിലും സാധനങ്ങള്‍ ശേഖരിച്ചത്.
 
ഫെബ്രുവരി 11, 12 തീയിതികളിലായി ആദ്യഘട്ട സമാഹരണത്തില്‍ ഗ്ലാസ്സും പാത്രങ്ങളും കുക്കറും കട്ടിലും ഉള്‍പ്പെടെ രണ്ടായിരത്തിലധികം വീട്ടുസാമഗ്രികളാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ആയിരത്തോളം കുടുംബങ്ങള്‍ വിവിധ സാമഗ്രികള്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് സാധനസാമഗ്രികള്‍ ശേഖരിച്ചത്.
വീടുകളില്‍ ചെന്ന് ഉപകരണങ്ങള്‍ ശേഖരിച്ച് വാര്‍ഡ് തലത്തില്‍ സംഭരിച്ചു. പിന്നീട് ഹരിത കര്‍മ്മസേനയുടെ വാഹനത്തില്‍ ഈ സാധനസാമഗ്രികള്‍ ശേഖരിച്ച് നഗരസഭയില്‍ എത്തിക്കുകയായിരുന്നു. ഒപ്പം ക്യാമ്പെയിന്‍ മാര്‍ച്ച് 15 ന് അവസാനിക്കും.
Content highlight
oppam cherthala

10 ദിനം, 10.22 ലക്ഷം രൂപ വിറ്റുവരവ്! അന്താരാഷ്ട്ര നാടകോത്സവത്തിലും ഹിറ്റായി കുടുംബശ്രീ രുചി

Posted on Thursday, March 2, 2023
തൃശ്ശൂരില് നടന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യമേള സൂപ്പര് ഹിറ്റ്. പത്ത് ദിവസങ്ങള് കൊണ്ട് നേടിയത് 10.22 ലക്ഷം രൂപയുടെ വിറ്റുവരവ്!
 
ഫെബ്രുവരി 5 മുതല് 14 വരെയുള്ള ദിവസങ്ങളിലായിരുന്നു നാടകോത്സവം. തൃശ്ശൂര് ഇന്ഡോര് സ്‌റ്റേഡിയത്തിന് സമീപമുള്ള ബാസ്‌കറ്റ്‌ബോള് കോര്ട്ടിലാണ് ഫുഡ്‌കോര്ട്ട് സജ്ജീകരിച്ചിരുന്നത്. തൃശ്ശൂര് ജില്ലാ മിഷന്റെ നേതൃത്വത്തില് 12 സ്റ്റാളുകളിലായി കേരളത്തിലെ വിവിധ ജില്ലകളില് നിന്നും ആദിവാസി മേഖലയില് നിന്നുമുള്ള തനത് ഭക്ഷണ വിഭവങ്ങളും ഉത്തരാഖണ്ഡ്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് നിന്നുള്ള രുചി വൈവിധ്യങ്ങളും ലഭ്യമാക്കി. രാവിലെ 11 മുതല് രാത്രി 11 വരെയായിരുന്നു ഫുഡ്‌കോര്ട്ടിന്റെ പ്രവര്ത്തനം.
 
നാടകോത്സവത്തിന്റെ ഭാഗമാകുന്ന വിദേശ സംഘങ്ങള്ക്കും സംഘാടകര്ക്കുമുള്ള ഭക്ഷണവും കുടുംബശ്രീ യൂണിറ്റുകള് തന്നെയാണ് ഒരുക്കിയത്. ലക്ഷ്യ ജ്യൂസ് എറണാകുളം, കല്യാണി കഫേ തൃശ്ശൂര്, സ്വസ്തി കഫെ കാസര്ഗോഡ്, എ.വി.എസ് ഫുഡ് ആലപ്പുഴ, വെണ്മ കഫേ യൂണിറ്റ് തലശ്ശേരി, ഐസ്‌ക്രീ യൂണിറ്റ് കണ്ണൂര്, അട്ടപ്പാടി, വി വണ് യൂണിറ്റ് മലപ്പുറം, ശ്രേയസ് കഫെ തൃശ്ശൂര് എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് മേളയുടെ ഭാഗമായത്. കുടുംബശ്രീയുടെ 'ഐഫ്രം' (അദേഭ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്ച്ച് ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) ഫുഡ്‌കോര്ട്ടിന്റെ മേല്നോട്ടം നിര്വഹിച്ചു.
Content highlight
kudumbashree food fest at itfok a huge success

ആലപ്പുഴയില്‍ ഐടി സ്റ്റാര്‍ട്ടപ്പുമായി അയല്‍ക്കൂട്ടാംഗങ്ങള്‍

Posted on Monday, February 27, 2023

സേവന സംരംഭ മേഖലയിലാകെ പടര്ന്ന് പന്തലിക്കുകയാണ് കുടുംബശ്രീ. ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങള്ക്കൊപ്പം ജീവിതശൈലി രോഗ നിര്ണ്ണയവും ജെറിയാട്രിക് കെയര് സേവനവുമെല്ലാമേകി സേവന മേഖലയിലും വ്യത്യസ്തങ്ങളായ ഇടപെടലുകള് നടത്തുന്ന നമ്മുടെ സ്വന്തം അയല്ക്കൂട്ടാംഗങ്ങള് ഇപ്പോഴിതാ ഒരു ഐടി സ്റ്റാര്ട്ടപ്പും ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയില്.

ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയില് ഉള്പ്പെടുത്തി ആര്യാട് ഡിവിഷനില് മണ്ണഞ്ചേരിയില് പത്ത് വീതം അയല്ക്കൂട്ടാംഗങ്ങള് ഉള്പ്പെടുന്ന വുമണ്സ് സ്റ്റാര്ട്ടപ്പ്, ഷീ ടെക് ഐടി സൊല്യൂഷന് എന്നീ രണ്ട് യൂണിറ്റുകള്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
 
ഓണ്ലൈന് മാര്ക്കറ്റിങ്, സോഷ്യല് മീഡിയ പ്രൊമോഷന്, ഐടി ട്രെയിനിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡോക്യുമെന്റേഷന്, ഡേറ്റ എന്ട്രി, വനിതാ സംരംഭകര്ക്കുള്ള പരിശീലന പരിപാടികള് എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റുകള് മുഖേന ലഭ്യമാകുക.
ആര്യാട് ബ്ലോക്കിലെ മുഴുവന് അയല്ക്കൂട്ടാംഗങ്ങള്ക്കും ഇ- സാക്ഷരത നല്കുന്ന 'സ്മാര്ട്ട് വുമണ്' എന്ന പദ്ധതി ഈ യൂണിറ്റുകളിലൂടെ നടപ്പിലാക്കാന് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിട്ടിട്ടുണ്ട്.
 
ഫെബ്രുവരി രണ്ടിന് നടന്ന ചടങ്ങില് സ്റ്റാര്ട്ടപ്പ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാര് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ജെ. പ്രശാന്ത് ബാബു ഐടി ഉപകരണങ്ങള് കൈമാറി.
 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന് എം.എസ്. സന്തോഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് എം.ജി. സുരേഷ്, സി.ഡി.എസ് ചെയര്പേഴ്‌സണ്മാരായ കെ.ബി. ഷനൂജ, അമ്പിളി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്. റിയാസ്, സ്റ്റാര്ട്ടപ്പ് യൂണിറ്റ് കോ-ഓര്ഡിനേറ്റര് സോണിയ എന്നിവര് ചടങ്ങില് സംസാരിച്ചു.
Content highlight
kudumbashree IT startup unit starts in alappuzha

128 ടണ്‍ പച്ചക്കറിയുടെ ‘പൊലിമ’യുമായി പുതുക്കാട് – രണ്ടാംഘട്ടത്തിനും തുടക്കം

Posted on Thursday, February 23, 2023

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ‘പുതുക്കാട്’ നിയോജകമണ്ഡലം. ‘പൊലിമ പുതുക്കാട്’ എന്ന നൂതന പദ്ധതിയിലൂടെ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള്‍ 126 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ചത് 128 ടണ്‍ പച്ചക്കറി!

വിഷരഹിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട കൃഷിയുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡനില്‍ ബഹുമാനപ്പെട്ട സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിര്‍വഹിച്ചു.

പുതുക്കാട് നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. കെ.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒന്നാം ഘട്ടത്തില്‍ പഞ്ചായത്ത് തലത്തിലും മണ്ഡല തലത്തിലും മികച്ച പ്രകടനം കാഴ്ച്ചവച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌ക്കാരവിതരണവും നിര്‍വഹിച്ചു.

ഒരേക്കര്‍ 40 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നന്മ അയല്‍ക്കൂട്ടം നിയോജക മണ്ഡല തലത്തില്‍ വിജയികളായി. വല്ലച്ചിറയിലെ സൗന്ദര്യയും നെന്മണിക്കരയിലെ സൗഹൃദയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സി.ഡി.എസ് തല വിജയികളായ അയല്‍ക്കൂട്ടങ്ങള്‍
1. പുതുക്കാട് (വിജയശ്രീ, ശ്രേയസ്, തുളസി)
2. അളഗപ്പനഗര്‍ (ദേവി, ജീവ, ദേവിശ്രീ)
3. മറ്റത്തൂര്‍ (നന്മ, പുതുമ, കൈരളി)
4. നെന്മണിക്കര (സൗഹൃദ, പ്രതീക്ഷ, ഐശ്വര്യ)
5. തൃക്കൂര്‍ (ഉദയ, ശാന്തി, ഏഞ്ജല്‍ റോസ്)
6. വരന്തരപ്പിള്ളി (സ്‌നേഹ, അനശ്വര, സ്‌നേഹ)
7. വല്ലച്ചിറ (സൗന്ദര്യ, തളിര്‍, രൂപശ്രീ)
8. പറപ്പൂക്കര (ശ്രീലക്ഷ്മി, നവോദയ, ഭാഗ്യശ്രീ).

തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതി മുഖേനയുള്ള സഹായങ്ങളും അംഗങ്ങള്‍ക്ക് നല്‍കി. 2022 ഒക്ടോബര്‍ 24നാണ് ഒന്നാം ഘട്ടത്തിന് തുടക്കമിട്ടത്. ഭക്ഷ്യസുരക്ഷ, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കൃഷിയോട് താത്പര്യം വര്‍ദ്ധിപ്പിക്കല്‍, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് പൊലിമയുടെ പ്രധാന ലക്ഷ്യങ്ങള്‍.  

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ പ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree women from Thrissur produces 128 tonnes of vegetables through 'Polima Puthukkad' ProgrammeML

ഇതാണ് ഈ നാടിന്റെ 'ആദിതാളം'

Posted on Thursday, February 16, 2023
ആദിവാസി തനത് കലകള് ഒരിക്കലും മണ്മറയില്ലെന്ന് അവര് ഈ ലോകത്തിന് ഉറപ്പേകി, 'ആദിതാള'ത്തിലൂടെ. 28 തദ്ദേശ സ്ഥാപനങ്ങളില് നിന്നായി 360 ബാലികാബാലന്മാര് മാറ്റുരച്ച ആദിതാളം ബാലസഭാ ജില്ലാതല ട്രൈബല് കലോത്സവം കണ്ണൂരിന് ഏകിയത് പുതിയൊരു അനുഭവം.
 
പട്ടികവര്ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ സര്ഗ്ഗാത്മക കഴിവുകള് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഫെബ്രുവരി 11ന് സംഘടിപ്പിച്ച കലോത്സവത്തിന് വേദിയായത് കൂത്തുപറമ്പ് തൊക്കിലങ്ങാട് ഹയര്സെക്കന്ഡറി സ്‌കൂള്.
ഇവിടെയാരുക്കിയ അഞ്ച് വേദികളിലായി കൊക്കമാന്തിക്കളി, മംഗലപ്പാട്ട്, പുനംകൊത്തു പാട്ട്, തുടിമുട്ട്, തുടി എന്നീ തനത് ആദിവാസി കലാരൂപങ്ങളില് ഉള്പ്പെടെ ആകെ 21 ഇനങ്ങളിലായിരുന്നു മത്സരം. 55 പോയിന്റ് നേടി ആലക്കോട് സി.ഡി.എസ് ഓവറോള് കിരീടം ചൂടി. പയ്യാവൂര് സി.ഡി.എസ് രണ്ടാം സ്ഥാനവും ഉളിക്കല് സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി. കൊട്ടിയൂര് സി.ഡി.എസിനെ പ്രതിനിധീകരിച്ചെത്തിയ വേദാ ഗിരീഷും പാട്യം സി.ഡി.എസില് നിന്നുള്ള അര്ജ്ജുനും കലോത്സവത്തിലെ കലാരത്‌നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
 
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് നിര്വഹിച്ചു. തലശ്ശേരി സബ് കലക്ടര് സന്ദീപ് കുമാര് ഐ.എ.എസ്, കലാമണ്ഡലം മഹേന്ദ്രന് എന്നിവരൊടൊപ്പം വി. സുജാത ടീച്ചര്, വി.കെ. സുരേഷ് ബാബു ഉള്പ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. സമാപന സമ്മേളനത്തില് കെ.പി.മോഹനന് എം.എല്.എ വിജയികള്ക്കുള്ള സമ്മാനദാനം നിര്വഹിച്ചു.
Content highlight
Kudumbashree Kannur District Mission organizes 'Aadithalam'-Balasabha District Level Tribal Festival