സംരംഭകത്വ മേഖലയിലെ മികവ്: കുടുംബശ്രീ സംരംഭകര്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, March 13, 2019

തിരുവനന്തപുരം: രാജ്യത്തുടനീളം വിവിധ മേഖലകളില്‍ സംരംഭകത്വ വികസനവും അതുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ  സംരംഭകത്വ അവാര്‍ഡ്  കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തുല്‍ജാപൂര്‍ ഓഫ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍  ദീപ മുഥോയ് മുണ്ടെയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച വനിതാ സംരംഭകര്‍ എന്ന വിഭാഗത്തില്‍  വയോജന സംരക്ഷണ മേഖലയിലെ തൃശൂരിലെ സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റ്, മികച്ച ഗ്രാമീണ സരംഭകര്‍ എന്ന വിഭാഗത്തില്‍ തൃശൂരിലെ തന്നെ കഫേ കുടുംബശ്രീ വനിതാ ഫുഡ് കോര്‍ട്ട്, വ്യക്തിഗത വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്നീ യൂണിറ്റുകളാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.  സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റിനെ  പ്രതിനിധീകരിച്ച് സിന്ധു.വി.ടി, ജിജി റോയ്സണ്‍, ഹേന ചാവക്കാട്  എന്നിവരും വനിതാ ഫുഡ് കോര്‍ട്ടിനു വേണ്ടി രഞ്ജിനി ജയരാജന്‍, സുനിത, ശാന്ത , രമ, അജയന്‍, കോന്നിയിലെ സാന്ത്വനം യൂണിറ്റിനു വേണ്ടി ലേഖ സുരേഷ്  എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു. സംരംഭകരെന്ന നിലയില്‍ ഇവര്‍ നേടിയ സാമൂഹിക സാമ്പത്തിക വളര്‍ച്ചയും  ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

സംരംഭകത്വ മികവിലൂടെ മുന്നോട്ടുവരുന്ന വനിതാ സംരംഭകരെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ സംഘടനകള്‍ എന്നിവയുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന സംരംഭകരുടെ  പ്രവര്‍ത്തനമികവിനെ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കും മാതൃകയും പ്രോത്സാനവുമാകും വിധം അംഗീകരിക്കുകയാണ് അവാര്‍ഡ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

 

 Sindhu.TV, Jiji Royson and Hena receives award

 

Content highlight
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ സംരംഭകത്വ അവാര്‍ഡ് കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രഫി മത്സരം മാര്‍ച്ച് 31 വരെ

Posted on Wednesday, March 13, 2019

ډ    ഒന്നാം സമ്മാനം 20000 രൂപ
ډ    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണിലേക്ക് ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാ ന തിയതി 2019 മാര്‍ച്ച് 31 വരെ നീട്ടി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മുഖമുദ്രയായി തീര്‍ന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ (അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകളുടെ വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയി ല്‍വേ സ്റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്....തുടങ്ങിയവ) ഉള്‍പ്പെടുത്തിയ ചിത്രങ്ങ ളായിരിക്കണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ സിഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചി ത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം ംംം.സൗറൗായമവെൃലല.ീൃഴ/ുമഴലെ/753 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴിയും, ധാരണാപത്രം ഒപ്പുവച്ചു

Posted on Thursday, February 28, 2019

തിരുവനന്തപുരം:  തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്  ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത  കുടുംബശ്രീ ഉല്‍പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും  ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്‍റെ  ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന്‍ എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു.

 വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംയോജനം സാധ്യമാകുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന നൂറ്റിപ്പത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറായിട്ടുള്ളത്. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി തിരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്‍പനയ്ക്ക് എത്തിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്‍ററിലാണ്  ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്യുകയും ആമസോണ്‍വിതരണ സംവിധാനം ഉപയോഗിച്ച് ഈ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്‍പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറാക്കും.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍
 കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ ഉല്‍പന്നങ്ങളെ എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ എല്ലായ്പ്പോഴും ആകര്‍ഷിക്കാന്‍ കഴിയും വിധം കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ആധുനികവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യയുപയോഗിച്ച് സംരംഭകര്‍ ഉറപ്പു വരുത്തണം. സിവില്‍ സപ്ളൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായും കൂടാതെ സഹകരണ മേഖലകളിലെ വിപണന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കും. ആമസോണുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇത്തരം പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുമെന്നും പണച്ചെലവില്ലാതെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ആമസോണ്‍ ഡയറക്ടര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു.  സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനവും നല്‍കി  ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ സംരംഭകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് നിയമങ്ങളും ജി.എസ്.ടിയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ആമസോണ്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ദീപക്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്‍റ് പ്രൊഫ. ഡോ. തോമസ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിജയം കൈവരിച്ച സംരംഭക ക്രിസ്റ്റി ട്രീസാ ജോര്‍ജ് സംരംഭകരുമായി ആശയ വിനിമയം നടത്തി.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ കൃതജ്ഞത പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാല, പവിത്ര, ആമസോണ്‍ സഹേലി പ്രതിനിധി സജേഷ്, ജില്ലാമിഷന്‍ പ്രതിനിധികള്‍, ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു

Posted on Saturday, February 23, 2019

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ''കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനി' യുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു . പി.കെ ബിജു എം. പി മുഖ്യതിഥിയായി.  ഇറച്ചിക്കോഴിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയെയും  ഭക്ഷ്യ സുരക്ഷയേയും മുന്‍നിര്‍ത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കെ ബാബു എം എല്‍ എ അധ്യക്ഷനായി. കുടുംബശ്രീ മൃഗ സംരക്ഷണ വിഭാഗം പ്രോഗ്രാം ഓഫിസര്‍ ഡോ. നികേഷ് കിരണ്‍ പദ്ധതി വിശദീകരിച്ചു.

   സമൂഹത്തിലെ അശരണരും നിരാലമ്പരുമായവര്‍ക്ക് സാമൂഹ്യധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക വഴി അവരെ സാമൂഹികമായി മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച 'അഗതി രഹിത കേരളം ' പദ്ധതിയുടെ ധന സഹായ വിതരണം പി. കെ. ബിജു എം. പിയും കേരള ചിക്കന്‍ ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയും  നിര്‍വഹിച്ചു. ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

   കേരള ചിക്കന്‍ ബ്രാന്‍ഡില്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ്  ലഭ്യമാക്കുക. ഫാം, വില്‍പ്പനശാല തുടങ്ങിയ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവയുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും വിവിധ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുത്ത 10 സിഡിഎസുകള്‍ ചേര്‍ന്നാണ് പാലക്കാട് കുടുംബശ്രീ കേരള ചിക്കന്‍ ബ്രീഡേഴ്‌സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  1000 ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

  കുടുംബ ശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈദലവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. പി ഹാരിഫാ ബീഗം നന്ദിയും പറഞ്ഞു. എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രേമന്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.  കെ സുകുമാരന്‍, എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍,  പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ്, ശ്രീജ രാജീവ്, കെ പ്രകാശന്‍, സരിത എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

 

 

Content highlight
ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ എഡിഎസുകള്‍ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി

Posted on Friday, February 22, 2019

തിരുവനന്തപുരം: ശുചിത്വ - മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയ തിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യാതി ഥിയായിരുന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രാലയം ജോയ്ന്‍റ് സെക്രട്ടറി സഞ്ജയ് കുമാര്‍ സ്വാഗതം ആശംസിച്ചു.

   ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി ഇന്ത്യയിലൊട്ടാകെ ശുചിത്വ മേഖലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം, ചടങ്ങിന് മുന്നോടി യായി നടന്ന ശില്‍പ്പശാലയിലാണ് നടത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്ക ഞ്ചേരി എഡിഎസ് (ഏരിയ ഡെവലപ്പ്മെന്‍റ് സൊസൈറ്റി- വാര്‍ഡ് തലം) ഒന്നാം സ്ഥാനവും കൊല്ലം നഗരസഭയിലെ മരുതടി എഡിഎസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് രണ്ട് ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവും ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവുമാണ് ലഭിച്ചത്. കേരളത്തില്‍ എന്‍യുഎല്‍എം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേനയാണ് നടത്തുന്നത്.

   കണക്കഞ്ചേരി എഡിഎസിന് കീഴില്‍ ശുചീകരണ- മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക് മാസവരുമാനമായി 5000 രൂപ വീതം ലഭിക്കുന്നു. മരുതടി എഡിഎസിന് കീഴില്‍ 90 കുടുംബശ്രീ വനിതകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവര്‍ക്ക് മാസവരുമാനമായി 6000 രൂപയും ലഭിക്കുന്നു. ജൈവമാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റ് ഉത്പാദനം, ഹരിത ചട്ടം (ഗ്രീന്‍പ്രോട്ടോക്കോള്‍) പാലിക്കുന്നതിനായി പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ സ്റ്റീല്‍ പാത്രങ്ങളുടെ വിതരണം എന്നിവയെല്ലാം കുടുംബശ്രീ വനിതകള്‍ നടത്തുന്നു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ടി.ജെ. ജെയ്സണ്‍, രാജേഷ് കുമാര്‍, കെ.ബി. സുധീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content highlight
മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസിന് ഒന്നാം സ്ഥാനം