'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, അഞ്ചാം സീസണ്‍ : ഒക്ടോബര്‍ 13 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Friday, September 23, 2022

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 13 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.. തുടങ്ങീ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡി-യിലാക്കിയോ ഫോട്ടോ പ്രിന്റുകളോ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഇ- മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2022 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
 
photo

 

Content highlight
‘Kudumbashree Oru Nerchithram’ Photography Competition - Season 5: Date extended till 13 October 2022en

നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി കര്‍മ്മ പദ്ധതി ആസൂത്രണം - കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം സമാപിച്ചു

Posted on Friday, September 23, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.  

 നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.

 കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍  കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

 

up

 

Content highlight
kudumbashree condicts training for master trainers for UPRP

അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, September 20, 2022

സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍  ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടര്‍ ജാഫര്‍ മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ ബ്രാഞ്ച് അധികൃതര്‍ തന്നെ  കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്‍റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിജി ആര്‍.എസ്., നീതു എല്‍. പ്രകാശ്, യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഹെഡ് സുജിത് എസ്. തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സിജിന്‍ ബി.എസ്. എന്നിവര്‍ സെപ്റ്റംബര്‍ 19ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

unio


 

Content highlight
Kudumbashree signs MoU with Union Bank for the disbursement of fast linkage loans to NHGsml

ലക്കി ബില്‍ സമ്മാന പദ്ധതി- പ്രതിദിന വിജയികള്‍ക്ക് കുടുംബശ്രീ ഗിഫ്റ്റുകൾ

Posted on Monday, September 19, 2022
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബില് സമ്മാന പദ്ധതിയിലെ പ്രതിദിന വിജയികള്ക്കുള്ള സമ്മാനങ്ങള് തയാറാക്കി നല്കി കുടുംബശ്രീയും. പ്രതിദിന വിജയികളാകുന്ന 50 പേരില് 25 പേര്ക്കുള്ള ഗിഫ്റ്റ് ഹാംപറാണ് കുടുംബശ്രീ നല്കന്നത്. കുടുംബശ്രീ സംരംഭകരുടെ 10 ഉത്പന്നങ്ങളാണ് ഒരു ഹാംപറിലുണ്ടാകുക.
 
കണ്ണൂര് ബ്രാൻഡ് , അട്ടപ്പാടിയിലെ ഹില് വാല്യു ബ്രാൻഡ് എന്നീ ബ്രാന്ഡ് ഉത്പന്നങ്ങള്ക്കൊപ്പം ഊര്ജ്ജശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റിന്റെയും കുളിർമ യൂണിറ്റിന്റെയും ഉത്പന്നങ്ങളാണ് കുടുംബശ്രീ നല്കുന്ന ഗിഫ്റ്റ് ഹാംപറിലുള്ളത്. ഉത്പന്നങ്ങള് പായ്ക്ക് ചെയ്ത് തയാറാക്കി, ജി.എസ്.ടി വകുപ്പ് നല്കുന്ന വിജയികളുടെ വിലാസത്തിലേക്ക് കുടുംബശ്രീ അയച്ചു നല്കുന്നു.
 
സേവനങ്ങള് സ്വീകരിക്കുമ്പോഴോ, സാധനങ്ങള് വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നല്കുമ്പോഴോ തുടങ്ങിയ ഏതു സാഹചര്യത്തിലും ഉപദോക്താക്കള്ക്ക് ലഭിക്കുന്ന ബില്ലുകള് അപ് ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്ന പദ്ധതിയാണ് ലക്കി ബില് പദ്ധതി. ലക്കി ബില് മൊബൈല് ആപ്പ് മുഖേനയാണ് മത്സരത്തില് പങ്കെടുക്കാനാവുക.
 
മത്സര രീതിയും സമ്മാനങ്ങളും
⏺️ ഒരു ബില് അപ്‌ലോഡ് ചെയ്താല് അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും (25 പേര്ക്ക് കുടുംബശ്രീയും 25 പേര്ക്ക് വനശ്രീയും നല്കുന്ന ആയിരം രൂപ മൂല്യമുള്ള സമ്മാനം) കൂടാതെ, പ്രതിവാരം (കെ.ടി.ഡി.സി ഹോട്ടലുകളില് 3 പകല് /2 രാത്രി സകുടുംബ താമസ സൗകര്യം), പ്രതിമാസം (ഒന്നാം സമ്മാനം - 10 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 പേര്ക്ക് രണ്ട് ലക്ഷം വീതം, മൂന്നാം സമ്മാനം 5 പേര്ക്ക് ഒരു ലക്ഷം വീതം), ബംബര് (25 ലക്ഷം) എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കും.
⏺️ ബില് അപ്‌ലോഡ് ചെയ്യുന്നതിന് ജി.എസ്.ടി ലക്കി ബില് ആപ്പ് ഇന്സ്റ്റാള് ചെയ്യുക. ഇന്സ്റ്റാള് ചെയ്യുമ്പോള് ഒ.ടി.പി ലഭിക്കുകയും തുടര്ന്ന് പേര്, വിലാസം, ഇ-മെയില്, മൊബൈല് നമ്പര് എന്നിവ നല്കി പിന് സെറ്റ് ചെയ്യുകയും വേണം. സമ്മാനം നേടുമ്പോള് ഈ വിലാസത്തിലാണ് അയച്ചു നല്കുന്നത്.
⏺️ബില് അപ്‌ലോഡ് ചെയ്യുന്നതിനായി നാം സെറ്റ് ചെയ്ത PIN ഉപയോഗിച്ച് ഈ App ഓപ്പണ് ചെയ്ത് ബില്ലിന്റെ ഫോട്ടോ എടുക്കുക. ഈ സമയം ജി.എസ്.ടി നമ്പര്, ബില് നമ്പര്, തീയതി, തുക തുടങ്ങിയവ ഓട്ടോമാറ്റിക് ആയി കാണിക്കും. ഏതെങ്കിലും വിവരങ്ങള് അപ്രകാരം വന്നില്ലെങ്കിലോ, തെറ്റായി കാണിച്ചാലോ അത് ടൈപ്പ് ചെയ്ത് / തിരുത്തി നല്കുക.
⏺️ഏതു തരം ബില്ലുകളും അപ് ലോഡ് ചെയ്യാമെങ്കിലും GST രജിസ്‌ട്രേഷന് ഉള്ള ബില്ലുകള് മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും വാങ്ങുന്ന ബില്ലുകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. എന്നാല് അത് നറുക്കെടുപ്പിന് പരിഗണിക്കില്ല. കച്ചവടക്കാര് തമ്മിലുള്ള ബില്ലുകളും പരിഗണിക്കില്ല.)
⏺️ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയ്ക്ക് ബില്ലുകളുടെ തുകയ്ക്ക് പ്രധാന്യമുണ്ട് എന്നതാണ്. അതായത്, ബില്ലിലെ ഓരോ ആയിരം രൂപാ മൂല്യത്തിനും ഒരു സമ്മാനക്കൂപ്പണ് എന്ന നിലയില് ഒരു ബില്ലിന് പരമാവധി 20 കൂപ്പണ് വരെ കണക്കാക്കിയാണ് ആ ഒരു ബില്ലിനെ നറുക്കെടുപ്പില് ഉള്പ്പെടുത്തുന്നത്. അതിനാല് ബില്ലിലെ മൂല്യത്തിനനുസരിച്ച് നറുക്കെടുപ്പില് വിജയിയാകാനുള്ള സാധ്യതയും കൂടുതലാണ്. (ഒരു ബില്ല് ഒരു തവണ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ. ബില്ലിലെ ഏറ്റവും കുറഞ്ഞ തുക 200 രൂപ എങ്കിലും വേണം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ നറുക്കെടുപ്പിനും ബന്ധപ്പെട്ട കാലയളവില് അപ്ലോഡ് ചെയ്ത ബില്ലുകളാണ് പരിഗണിക്കുന്നത്.)
⏺️ ലക്കി ബില് ആപ്പ് Play Store ല് നിന്നും ഡൗണ്ലോഡ് ചെയ്യാന് -
 
lucky

 

Content highlight
Lucky Bill Contest- Kudumbashree is providing gift hampers for daily winners

'സുദൃഢം-2022': സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശന ക്യാമ്പെയ്‌നുമായി കുടുംബശ്രീ

Posted on Sunday, September 18, 2022

കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സുദൃഢം-2022' സംസ്ഥാനതല ക്യാമ്പെയ്‌ന് തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം. 1071 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 3,06,551 അയല്‍ക്കൂട്ടങ്ങളും ഇതില്‍ പങ്കാളികളാകും. ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ പങ്കെടുത്ത യോഗത്തില്‍  എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണം നടത്തി.  

  പുതിയ അയല്‍ക്കൂട്ട രൂപീകരണം, പുതുതായി കടന്നു വരുന്നവും വിട്ടുപോയവരുമായ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവയാണ് രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. കൂടാതെ തീരദേശ, ന്യൂനപക്ഷ, പട്ടികവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കും.

  കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസുകള്‍ക്കുള്ള പരിശീലനം ഈ മാസം 19ന്  സംഘടിപ്പിക്കും. ഇതിനു ശേഷം സി.ഡി.എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.ഡി.എസുകള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന, ജില്ലാ മിഷനുകള്‍ സംയുക്തമായി നിര്‍വഹിക്കും.

 

postr

 

Content highlight
Kudumbashree launches sudrudam campaign

കുടുംബശ്രീയെ പഠിച്ചറിഞ്ഞ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

Posted on Saturday, September 17, 2022

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യം വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബശ്രീയെ അടുത്തറിയാന്‍ പഠന സന്ദര്‍ശനം നടത്തി. പ്രദാന്‍ എന്ന എന്‍.ജി.ഒയുടെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടായിരുന്നു.


 എറണാകുളം ജില്ലയില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, ന്യൂട്രിമിക്സ് യൂണിറ്റ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, അയല്‍ക്കൂട്ടം,  എ.ഡി.എസ് യോഗം, കാസ് ഓഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം കണ്ടറിഞ്ഞു.


  സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായ സെപ്റ്റംബര്‍ 16ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ സംഘം വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

sq
 
 
Content highlight
NRLM officials from Chhattisgarh, Jharkhand and Bihar makes study visit to get to know Kudumbashree

25 കുടുംബങ്ങള്‍ക്ക് വരുമാനമേകി കണ്ണൂരിൻറെ കോഫി കിയോസ്‌കുകള്‍

Posted on Thursday, September 15, 2022

ജില്ലാ പഞ്ചായത്തുമായി കൈകോര്‍ത്ത് കോഫി കിയോസ്‌കുകളിലൂടെ 25 കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം തുറന്നേകിയിരിക്കുകയാണ് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍. ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കാനുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടാണ് കുടുംബശ്രീ കോഫി കിയോസ്‌കുകള്‍.
  ജില്ലയില്‍ അഞ്ച് കോഫി കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഓരോ യൂണിറ്റിലും അഞ്ച് കുടുംബശ്രീ വനിതകള്‍ക്കാണ് തൊഴിലവസരം ലഭിക്കുന്നത്. കിയോസ്‌ക് ഒന്നിന് 2.8 ലക്ഷം രൂപയാണ് (ആകെ 14 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയത്. അധിക തുക കുടുംബശ്രീ വഴിയും ലഭ്യമാക്കുന്നു.

  ജില്ലയിലെ ആദ്യ കോഫി കിയോസ്‌ക് ചെറുപുഴയിലെ പാടിയോട്ട് ചാലിലാണ് ആരംഭിച്ചത്. റാണി റെജി, ഗൗരി കെ.വി, രമ്യ കെ.വ, ബിന്ദു ചെറിയാന്‍, കാര്‍ത്ത്യായനി.കെ എന്നീ കുടുംബശ്രീ വനിതകള്‍ക്ക് ഇവിടെ കിയോസ്‌ക് നടത്താനുള്ള അവസരവും ലഭിച്ചു.

 ഓഗസ്റ്റ് 31ന് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെറുപുഴ കൂടാതെ കണിച്ചാര്‍, പായം, കൊട്ടിയൂര്‍, പടിയൂര്‍ എന്നിവിടങ്ങളിലും കോഫി കിയോസ്‌കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും.

 

kio

 

Content highlight
Kannur's coffee kiosks to provide livelihood opportunities for 25 families

കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 14, 2022

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച 1102 സി.ഡി.എസ്തല ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഇതിന്‍റെ നേട്ടം.


പ്രളയത്തിനും കോവിഡ് ദുരിതകാലത്തിനും ശേഷം ഇതാദ്യമാണ് ഓണ വിപണിയില്‍ നിന്നും കുടുംബശ്രീ  ഇത്ര വലിയ വിറ്റുവരവ്  നേടുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ 9.67 കോടി രൂപയുടെ ഇരട്ടിയോളമാണിത്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 2.62 കോടി രൂപയുടെ വിറ്റുവരവ് നേടി കോഴിക്കോട് ജില്ല രണ്ടാമതെത്തി. 2.52 രൂപയുടെ വിറ്റുവരവ് നേടി ആലപ്പുഴ ജില്ലയാണ് മുന്നാമത്.

സംരംഭകരുടെ മികച്ച പങ്കാളിത്തം കൊണ്ടും ഇപ്രാവശ്യം ഓണച്ചന്തകള്‍ ശ്രദ്ധേയമായി. ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ്തല  ഓണച്ചന്തകളില്‍ 35383 സൂക്ഷ്മസംരംഭ യൂണിറ്റുകളും 17475 കുടുംബശ്രീ കര്‍ഷക സംഘങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിച്ചു. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി, സപ്ളൈക്കോ വകുപ്പുകളുമായി സഹകരിച്ചു സംഘടിപ്പിച്ച വിപണനമളകളിലും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ  ഏകോപനവും ഓണച്ചന്തകളുടെ വിജയത്തിനു വഴിയൊരുക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഓണം വിപണി. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് മാന്ദ്യത്തില്‍ നിറം മങ്ങിയെങ്കിലും ഇത്തവണ ഗ്രാമ നഗര സി.ഡി.എസുകളില്‍ ഓണച്ചന്തകളുടെ സംഘാടനം ഒരു പോലെ സജീവമാക്കുന്നതില്‍ കുടുംബശ്രീ വിജയിച്ചു. കോവിഡ് ഭീഷണിയകന്ന് പൊതുവിപണി ഉഷാറായതും സഹായകമായി.
 
onam

 

 
Content highlight
sales of 18.94 crores through Kudumbashree Onam market

സിയറ്റിനെ കുട ചൂടിച്ച് കുടുംബശ്രീ

Posted on Tuesday, September 13, 2022

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്സ്, വേളുക്കര പഞ്ചായത്തിലെ നൈസ് എന്നീ കുട നിര്‍മ്മാണ യൂണിറ്റ് അംഗങ്ങള്‍ക്ക് ഈ ഓണക്കാലം അവിസ്മരണീയമായിരുന്നു. ടയര്‍ നിര്‍മ്മാണ കമ്പനിയായ സിയറ്റില്‍ നിന്ന് 1000 വുഡണ്‍ കുടകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയുടെ ഓര്‍ഡറാണ് ഇരു യൂണിറ്റുകള്‍ക്കുമായി ലഭിച്ചത്.

  നിശ്ചിത മാതൃകയില്‍ ലോഗോ പ്രിന്റ് ചെയ്ത കുടകള്‍ തയാറാക്കി നല്‍കാനാകുമോയെന്ന് തൃശ്ശൂര്‍ ജില്ലാ മിഷനോട് കമ്പനി അധികൃതര്‍ അന്വേഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ രണ്ട് യൂണിറ്റുകള്‍ക്കുമായി കുടയുടെ ഓര്‍ഡര്‍ വീതിച്ച് നല്‍കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

  കുടനിര്‍മ്മാണം തകൃതിയായി നടത്തിയ രണ്ട് യൂണിറ്റുകളും നിശ്ചിത സമയത്ത് ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുകയും എറണാകുളത്ത് തൃപ്പൂണിത്തുറയിലുള്ള കേന്ദ്രത്തിലേക്ക് കുടകള്‍ നല്‍കുകയും ചെയ്തു.

ceat

 

Content highlight
Kudumbashree micro enterprise units from Thrissur receives order for umbrellas worth Rs 3 Lakhs