പ്രമേയപരമായ സമീപനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാല നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.

Posted on Sunday, November 13, 2022
National Workshop on Localization of Sustainable Development Goals (LSDGs) in Gram Panchayats

"ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാർഗ്ഗങ്ങൾ ഉള്ളതുമായ ഗ്രാമപഞ്ചായത്തുകൾ" എന്ന വിഷയത്തിൽ 2022 നവംബർ 14 മുതൽ 16 വരെയാണ് ശില്പശാല

ആശയധിഷ്ഠിത സമീപനങ്ങളിലൂടെ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗ്രാമപഞ്ചായത്തുകളിലെ പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാല നാളെ മുതൽ കൊച്ചിയിൽ നടക്കും. "ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാർഗ്ഗങ്ങൾ ഉള്ളതുമായ ഗ്രാമപഞ്ചായത്തുകൾ" എന്ന വിഷയത്തിൽ 2022 നവംബർ 14 മുതൽ 16 വരെ കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ആണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.  കേരള തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA)-തൃശൂർ എന്നിവയുമായി സഹകരിച്ചാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നത്.

2022 നവംബർ 14-ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ദേശീയ ശിൽപശാല വെർച്യുൽ ആയി ഉദ്ഘാടനം ചെയ്യും. ‘പഞ്ചായത്തുകളിലെ സുസ്ഥിരവികസന ലക്ഷ്യം പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള കേരള സംസ്ഥാന കർമ്മപദ്ധതിയും ’(Kerala State Roadmap on SDG localisation in Panchayats) ‘അതിദാരിദ്ര്യത്തിന്റെ പങ്കാളിത്ത വിലയിരുത്തൽ: കേരളത്തിലെ അനുഭവങ്ങൾ’ എന്ന പുസ്തകവും’ (‘Participatory Extreme Poverty Assessment: Experiences from Kerala’) ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ വിവിധ വികസന/ജീവനോപാധി/നൈപുണ്യ വികസന പദ്ധതികളും സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. പ്രദർശനം അന്നേ ദിവസം കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ, കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽ കുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ, കേന്ദ്ര ഗവൺമെന്റിലെയും കേരള ഗവൺമെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻഎസ്എപി), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,പഞ്ചായത്തുകളിലൂടെയുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവും (NRLM) എന്നിവയെ സ്വാധീനിക്കുന്ന പാർശ്വവൽക്കരണം, കൂടാതെ അടിസ്ഥാന സേവനങ്ങൾ, സാമൂഹിക സുരക്ഷാ ശൃംഖല, സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയുടെ ലഭ്യത എന്നിവയുടെ ദേശീയ തലത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ശിൽപശാല ലക്ഷ്യമിടുന്നത്.  

കൂടാതെ ഉപജീവനമാർഗങ്ങൾ - വരുമാന അസമത്വവും ദാരിദ്ര്യവും പരിഹരിക്കുന്നതിലും കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും ദരിദ്രരും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഞ്ചായത്തുകളുടെ പങ്ക് എന്നിവയും വിഷയമാകും.  ദുരന്തങ്ങളും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും സൃഷ്ടിക്കുന്ന പെട്ടെന്നുള്ള ആഘാതങ്ങൾക്കെതിരെ ദുർബലരായ സമൂഹങ്ങളുടെ പ്രതിരോധശേഷി വളർത്തിയെടുക്കുകയും ശില്പശാലയുടെ വിഷയത്തിൽ ഉൾപ്പെടുന്നു.

പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ സുനിൽ കുമാർ, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ എന്നിവരും കേന്ദ്ര-സംസ്ഥാന ഗവൺമെന്റിലെ സെക്രട്ടറിമാർ,മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ  വിവിധ സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകും.

ദേശീയ ശിൽപശാലയുടെ മൂന്നാം ദിവസം 'അനുഭവം പങ്കിടലും പഠനവും' എന്നതിനെ ആസ്പദമാക്കി പങ്കെടുക്കുന്നവരുടെ / പ്രതിനിധികളുടെ ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയുടെ സമാപന ദിനം ഫീൽഡ് സന്ദർശനങ്ങൾക്കായിമാറ്റി വെച്ചിരിക്കുന്നു. അവിടെ പങ്കെടുക്കുന്നവരെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൊണ്ടുപോകുകയും കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും ഉപജീവനോപാധി വർദ്ധനയുടെയും നയവും പ്രവർത്തന മാനങ്ങളും സംബന്ധിച്ച് ഉൾക്കാഴ്ച ലഭ്യമാക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പങ്കാളിത്ത ആസൂത്രണ സംവിധാനങ്ങൾ, സാമൂഹ്യ സംഘടനകൾ, എസ്എച്ച്ജി കൂട്ടായ്‌മകൾ, സന്നദ്ധപ്രവർത്തകർ, സിഎസ്‌ഒകൾ തുടങ്ങി വിവിധ പങ്കാളികൾ, ദരിദ്രർക്ക് പ്രയോജനപ്രദം ആകുന്ന വിധത്തിൽ വികസന നയം രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് ഫീൽഡ് വിസിറ്റ് വഴി പ്രതിനിധികൾക്ക് മനസ്സിലാക്കാനാകും.

രാജ്യത്തുടനീളവും സംസ്ഥാനത്തുടനീളവുമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും. വിഷയാധിഷ്ഠിത മേഖലകളിൽ സംരംഭങ്ങൾ നടപ്പാക്കുന്ന പഞ്ചായത്തുകളെ ശിൽപശാലയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ദേശീയ ശിൽപശാലയിൽ 1500-ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പഞ്ചായത്തുകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും, ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന സംഭാവന നൽകുന്ന ഏജൻസികൾ, നൈപുണ്യം/ ഉപജീവനമാർഗം വർദ്ധിപ്പിക്കൽ എന്നിവയിലൂടെ കൂടുതൽ സാധ്യതകൾ കണ്ടെത്തി ഗ്രാമീണ ജനതയെ ശാക്തീകരിക്കാൻ സഹായിക്കുന്ന വിദഗ്ധ പങ്കാളികൾ എന്നിവർ ഉൾപ്പെടും. എല്ലാ സംസ്ഥാനങ്ങളുടെയും/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന വകുപ്പ്, ആസൂത്രണ വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകൾ, NIRD&PR, SIRD&PR-കൾ, പഞ്ചായത്തീരാജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, യൂ. എൻ ഏജൻസികൾ, എൻ ജി ഒ കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള കുടുംബശ്രീ, MGNREGS അംഗങ്ങളും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും.