ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

Posted on Saturday, August 17, 2019

ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

ഉരുള്‍പൊട്ടലും പ്രളയവും നാശം വിതച്ച മലപ്പുറം, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗാര്‍ഹിക, ഉപകരണ അറ്റകുറ്റ പണികള്‍ക്കായി ഹരിതകേരളം മിഷനും തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റെ നൈപുണ്യ കര്‍മ്മസേനയും വീണ്ടും രംഗത്തിറങ്ങി. 2018 പ്രളയാനന്തര ശുചിത്വ-മാലിന്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ. കളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സ്ഥിരം സംവിധാനമാണ് നൈപുണ്യ കര്‍മ്മസേന. വയര്‍മാന്‍, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, വെല്‍ഡിംഗ്, കാര്‍പ്പെന്‍ററി ട്രേഡുകളിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ദുരന്തബാധിത സ്ഥലങ്ങളിലെ വീടുകളിലെത്തി അറ്റകുറ്റപ്പണികളും ഉപകരണങ്ങളുടെ റിപ്പയര്‍ ജോലികളും നിര്‍വഹിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നൈപുണ്യ കര്‍മ്മസേന ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകേരളം മിഷനിലെ അതാത് ജില്ലാ കോര്‍ഡിനേറ്ററും ഐ.ടി.ഐ.കളില്‍ നിന്നും ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാരും ഇതിന് നേതൃത്വം നല്‍കും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് എന്നിവ മാറ്റി സ്ഥാപിക്കല്‍ , പമ്പ്സെറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കല്‍ , കാര്‍പ്പെന്‍ററി ജോലികള്‍ എന്നിവയാണ് പ്രധാനമായും സന്നദ്ധ സേവനമായി നടത്തുന്നത്.  14.08.2019 മുതല്‍ ആവശ്യമുള്ളിടത്തൊക്കെ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി തുടങ്ങും. ഇതു സംബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസില്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണ ഡയറക്ടര്‍ ശ്രീ. പി.കെ. മാധവനും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ ഹരിതകേരളം മിഷന്‍ ഇപ്പോള്‍ കര്‍മ്മനിരതമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തുന്ന മുറയ്ക്ക് നൈപുണ്യ കര്‍മ്മസേന സേവനത്തിന് എത്തും.

റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഫോണ്‍ : 0471 2449939, ഇ-മെയില്‍ : haritham@kerala.gov.in