കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ ഭാഗമായുള്ള അഞ്ചാം ബാച്ചിന്‍റെ പരിശീലനം സമാപിച്ചു. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഓഗസ്റ്റ് 21 ന് സംഘടിപ്പിച്ച സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ശക്തിയായി കുടുംബശ്രീ മാറണമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും ഗുണഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിട്ടുണ്ട്. സാമൂഹ്യ വികസനത്തില്‍ മുഖ്യഭാഗധേയം വഹിക്കുന്ന ശക്തിയായി ഈ പ്രസ്ഥാനത്തെ മാറ്റിയെടുക്കേണ്ടത് സി.ഡി.എസ് അധ്യക്ഷമാരാണ്. ആഭ്യന്തര വിപണിയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതിന് അനുസൃതമായി ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുള്ള ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാര്‍ ഉള്‍പ്പെടെ ഓരോ ബാച്ചിലും 150 പേര്‍ വീതമാണുള്ളത്. കുടുംബശ്രീ സി.ഡി.എസ് ദൈനംദിന ചുമതലകളും ഭരണനിര്‍വഹണവും ഏറ്റവും ഫലപ്രദമായി നിറവേറ്റുന്നതിനുള്ള ലക്ഷ്യബോധം സൃഷ്ടിക്കുന്നതിനാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം. ചുവട്-2022നോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സി.ഡി.എസ് അധ്യക്ഷമാരുമായി ആശയ സംവാദം നടത്തി.
കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദി പറഞ്ഞു. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യ നായര്‍ എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീയുടെ പത്തൊമ്പത് പരിശീലക ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് പേരുടെ നേതൃത്വത്തിലാണ് പരിശീലനം. ബാക്കിയുള്ള രണ്ടുബാച്ചുകളുടെ പരിശീലനം സെപ്റ്റംബര്‍ രണ്ടിന് പൂര്‍ത്തിയാകും.