ആരോഗ്യപ്രദമായ ചെറുധാന്യങ്ങള് (മില്ലറ്റുകള്) ഉപയോഗിച്ച് പായസം മുതല് ബിരിയാണി വരെ 501 വിഭവങ്ങള് ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്ഡ് നേട്ടവുമായി കുടുംബശ്രീ. ഒരു വേദിയില് ഏറ്റവും കൂടുതല് മില്ലറ്റ് വിഭവങ്ങള് തയാറാക്കിയതിനുള്ള റെക്കോര്ഡ് നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. കൊച്ചി ദേശീയ സരസ് മേള വേദിയിലായിരുന്നു റെക്കോഡ് പ്രകടനം
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തിന്റെ ഭാഗമായി ഔഷധഗുണങ്ങള് ഏറെയുള്ള ചെറുധാന്യങ്ങളുടെ സവിശേഷതകള് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ചാണ് കുടുംബശ്രീ റെക്കോര്ഡ് ശ്രമം നടത്തി വിജയിച്ചത്.
എറണാകുളം ജില്ലാ മിഷനും കുടുംബശ്രീ അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതി, കുടുംബശ്രീ ട്രൈബല്, ജെന്ഡര് ( എഫ്.എന്.എച്ച്.ഡബ്യു - ഫുഡ്, ന്യൂട്രിഷന്, ഹെല്ത്ത് ആന്റ് വാഷ്) പദ്ധതികളും സംയോജിച്ചാണ് ലോക റെക്കോര്ഡ് പ്രകടനം നടത്തിയത്. അട്ടപ്പാടിയില് എഫ്.എന്.എച്ച്.ഡബ്ല്യു പ്രോഗ്രാം നടക്കുന്ന അയല്ക്കൂട്ടങ്ങളില് നിന്നുള്ള 80 അംഗങ്ങളാണ് വിഭവങ്ങള് ഒരുക്കിയത്. കുടുംബശ്രീ ഐഫ്രത്തിലെ പാചക വിദഗ്ധര് ഇവര്ക്ക് നേതൃത്വം നല്കി.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്ഡ് ഓഫീഷ്യല് ടോണി ചിറ്റേട്ടുകളത്തില് നിന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റ്റി.എം. റജീന സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി.എസ്. മനോജ്, എറണാകുളം ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര്മാര്, പ്രോഗ്രാം ഓഫീസര്മാര്, ഐഫ്രം പ്രതിനിധികള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
റാഗി, ചാമ, കമ്പ്, വരഗ്, തിന, കുതിരവാലി, മണിച്ചോളം തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുപയോഗിച്ച് ചെറുകടികള്, മധുര പലഹാരങ്ങള്, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങള്, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങള്, ന്യൂഡില്സ്, സാന്വിച്ച്, ബര്ഗര് തുടങ്ങിയ ഭക്ഷണ വിഭവങ്ങള് അണിനിരത്തിയ പ്രദര്ശനം നിത്യവും മില്ലറ്റുകള് എങ്ങനെ ഭക്ഷണമായി ഉപയോഗിക്കാം എന്ന അവബോധം പൊതുജനങ്ങളില് സൃഷ്ടിക്കുന്നതായിരുന്നു ലോക റെക്കോര്ഡ് പ്രദര്ശനം.
കട്‌ലറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോള്, മടക്ക് ബോളി, മൈസൂര് പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാന് വിച്ച്, ചിക്കന് തിന റോള്, തിന റാഗി ഷവര്മ, നൂഡില്സ്,സ്പ്രിംഗ് റോള്, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്. പ്രദര്ശനത്തിനുശേഷം പൊതുജനങ്ങള്ക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.
കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ച് ഇത് രണ്ടാംവട്ടമാണ് കുടുംബശ്രീ ലോക റെക്കോര്ഡ് നേട്ടം കരസ്ഥമാക്കുന്നത്. നേരത്തേ മെഗാ ചവിട്ടു നാടകവുമായി വേള്ഡ് ടാലന്റ് റെക്കോര്ഡ് കരസ്ഥമാക്കിയിരുന്നു.
- 84 views
Content highlight
world recod fro kudumbashree millet