ആത്മവിശ്വാസത്തിന്റെ അകമ്പടിയിൽ സർഗ്ഗാത്മകതയുടെ മിന്നലാട്ടങ്ങൾ തെളിഞ്ഞ കുടുംബശ്രീ ഏഴാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ ആവേശപ്പോരാട്ടത്തിൽ 53 പോയിന്റ് നേടിയ വയനാട് ജില്ലയ്ക്ക് ഹാട്രിക് കിരീടം. ഇതിനു മുമ്പ് 2025, 2024 വർഷങ്ങളിലും വയനാട് ജില്ലയ്ക്കായിരുന്നു കിരീടം. 44 പോയിന്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. 19 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനവും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
തൃശൂർ ജില്ലയിലെ തളിർ ബഡ്സ് സ്കൂളിലെ വൈദേഹി ടി.എസ് ആണ് കലാതിലകം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ബി.ആർ.സിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി.
വിജയികൾക്കുള്ള പുരസ്കാരം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
കിരീടത്തിൽ മുത്തമിടാനുള്ള ആവേശോജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചുകൊണ്ടായിരുന്നു വയനാട് ജില്ലയിൽ നിന്നെത്തിയ മിടുക്കരുടെ കുതിപ്പ്. ഹാട്രിക് കിരീടമുയർത്തുന്നത് സ്വപ്നം കണ്ടെത്തിയ വയനാടൻ കരുത്ത് അത് യാഥാർത്ഥ്യമാക്കിയപ്പോൾ ബഡ്സ് കലോത്സവ ചരിത്രത്തിൽ അത് പുതിയ അധ്യായമായി. ചാമ്പ്യൻ പട്ടത്തിനായി ആതിഥേയരായ തൃശൂർ ജില്ല വയനാട് ജില്ലയുമായി ഇഞ്ചോടിഞ്ചു പോരാട്ടമാണ് അവസാന നിമിഷം വരെ കാഴ്ച വച്ചത്. സമാപന ദിവസം സംഘനൃത്തത്തിന്റെ ഫലം കൂടി വന്നതോടെ 53 പോയിന്റുമായി വയനാട് മുന്നിലെത്തുകയായിരുന്നു.
ഭിന്നശേഷിക്കാർക്കായി എല്ലാ ബ്ളോക്കിലും അൻപ് വീടുകൾ
കുടുംബശ്രീ ബഡ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്ത് എല്ലാ ബ്ളോക്കുകളിലും അൻപ് വീടുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതായി കടന്നുവരുന്നതിന് സമൂഹമൊന്നാകെ ഒരുമിച്ചു പ്രവർത്തിക്കണം. അതിന് സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്നതിനായി കുടുംബശ്രീ ഏറ്റവും മനോഹരമായാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്ന കുടുംബശ്രീയേയും അധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ദിലീപ് എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ പി.എസ്. വിനയൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പ്രസാദ് കെ.കെ, രാധാകൃഷ്ണൻ കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ.ദീപക് നന്ദി പറഞ്ഞു.
- 19 views



