എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിക്ക് കരുത്തേകാന്‍ സംസ്ഥാനതല ഇമേര്‍ഷന്‍ പരിശീലനം

Posted on Friday, July 24, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇമേര്‍ഷന്‍ സൈറ്റ്-സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി നിര്‍ദേശമനുസരിച്ച് പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കി തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പഠനസന്ദര്‍ശനത്തില്‍  കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ  പ്രഫഷണല്‍ സംഘം പങ്കെടുത്തു.

വിജയകരമായ മാതൃകകള്‍ നേരില്‍ പഠിച്ച സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന്  പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തുടനീളം ഇത്തരം മാതൃകകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  

നന്ദിയോട് പഞ്ചായത്തില്‍ നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍, പ്രാദേശിക തലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ സംഘം മനസിലാക്കി. പദ്ധതി നടത്തിപ്പിന്‍റെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തനരീതികളും സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരുമായും സംഘം ആശയവിനിമയം നടത്തി. തുടര്‍ന്ന് പേരയം വാര്‍ഡില്‍ സൂര്യ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്ല് സംഘം സന്ദര്‍ശിച്ചു. 

ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ അവയുടെ പോഷകഗുണവും സ്വാഭാവിക നിറവും നിലനിര്‍ത്തി സംസ്ക്കരിച്ചു വിപണിയിലെത്തിക്കുന്ന പ്രവര്‍ത്തനരീതി വിശദമായി പരിചയപ്പെട്ടു. പോഷകാഹാര സുരക്ഷയും പ്രാദേശിക സംരംഭ വികസനവും ഒരു പോലെ ലക്ഷ്യമിടുന്ന മാതൃക പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആനക്കക്കുളം വാര്‍ഡില്‍ പഞ്ചമി സംഘക്കൃഷി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവക്കൃഷി, കാവേരി ജൈവവള യൂണിറ്റ്, കാര്‍ഷിക സാമഗ്രികള്‍ റോപ്പ് സംവിധാനത്തിലൂടെ കൃഷിയിടത്തിലേക്ക് എത്തിക്കുന്ന നൂതന മാതൃക, നാട്ടുചന്ത, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി ആര്‍.  പ്രീത ജി.നായര്‍, തസ്നീം എ, ജില്ലാ പ്രോഗ്രാം മാനേജര്‍ സ്വാതി ശശിധരന്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. നന്ദിയോട് സി.ഡി.എസ് അധ്യക്ഷ രാധാമണി, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ രാമഭദ്രന്‍, മെമ്പര്‍ സെക്രട്ടറി ശബരി കൃഷ്ണ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Content highlight
State-level immersion training to strengthen the FNHW project