ദേശീയ സരസ് മേള സമ്മാന കൂപ്പൺ : സ്വിഫ്റ്റ് കാർ കെ. കരുണാകരന്

Posted on Wednesday, February 4, 2026

തൃത്താലയിലെ ചാലിശ്ശേരിയിൽ കുടുംബശ്രീ 2026 ജനുവരി രണ്ട് മുതൽ 11 വരെ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ തിരുമുറ്റക്കോട് കാട്ടിരി വീട്ടിൽ കെ. കരുണാകരന് (കൂപ്പൺ നമ്പർ: 5682). ഇന്ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സരസ് മേളയുടെ സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.

രണ്ടാം സമ്മാനമായ ബൈക്ക് ചെത്തല്ലൂരിലെ ഐശ്വര്യ കുടുംബശ്രീ അയൽക്കൂട്ടത്തിനാണ് (കൂപ്പൺ നമ്പർ : 388599). മൂന്നാം സമ്മാനമായ 43 ഇഞ്ച് എൽ.ഇ.ഡി ടിവി കയറമ്പാറ സ്വദേശിനി ഉമാ ദേവിക്കും (കൂപ്പൺ നമ്പർ 338780) നാലാം സമ്മാനമായ റഫ്രിജറേറ്റർ നെന്മാറ അയലൂർ പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ട അംഗം ബൽക്കിസിനും (കൂപ്പൺ നമ്പർ: 168513) ലഭിച്ചു. അഞ്ചാം സമ്മാനമായ സ്വർണ്ണനാണയം കുറ്റനാട് കാനറ ബാങ്കിനാണ്. ആദ്യ നാല് സമ്മാനങ്ങൾ ലഭിച്ച വിജയികളെ ഇക്കാര്യം മന്ത്രി നേരിട്ട് അറിയിച്ചു. പ്രോത്സാഹന സമ്മാനം നേടിയ 100 പേരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ഇതുവരെ നടന്നതിൽ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ചാലിശ്ശേരിയിലേതെന്ന് മന്ത്രി പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പി. മമ്മിക്കുട്ടി എം.എൽ.എ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. നിഷ ടി.വി എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ. എ.എസ് സ്വാഗതവും ചാലിശ്ശേരി സി.ഡി.എസ് അധ്യക്ഷ ലതാ സുഗുണൻ നന്ദിയും പറഞ്ഞു.

Content highlight
saras gift coupon