കേരളത്തിന്റെ സ്വന്തം കുടുംബശ്രീയുടെ ഭാഗമായ അയല്ക്കൂട്ടാംഗങ്ങള് ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള് വീണ്ടുമൊരിക്കല്ക്കൂടി ഡല്ഹിയുടെ മനം കീഴടക്കി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും ആഭിമുഖ്യത്തില് ഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്നാഷണല് ട്രെയ്ഡ് ഫെയറില് നിന്ന് കുടുംബശ്രീ സ്വന്തമാക്കിയത് 47,05,041 രൂപയുടെ വിറ്റുവരവ്!
കേരള പവലിയനിലെ രണ്ട് കൊമേഴ്‌സ്യല് സ്റ്റാളുകള്, ഫുഡ്‌കോര്ട്ടിലെ രണ്ട് സ്റ്റാളുകള്, അന്താരാഷ്ട്ര വ്യാപാരമേളയ്‌ക്കൊപ്പം നടത്തിയ ആജീവിക സരസ് മേളയിലെ അഞ്ച് സ്റ്റാളുകള് അങ്ങനെ ആകെ 9 സ്റ്റാളുകളില് നിന്ന് മാത്രമാണ് ഇത്രയും വിറ്റുവരവ് നേടാന് കുടുംബശ്രീയ്ക്ക് കഴിഞ്ഞത്. കേരള പവലിയനിലെ സ്റ്റാളുകളില് നിന്ന് 10.70 ലക്ഷം രൂപ, ഫുഡ്‌കോര്ട്ടിലെ സ്റ്റാളുകളില് നിന്ന് 13.67 ലക്ഷം രൂപ, ആജീവിക മേളയിലെ അഞ്ച് സ്റ്റാളുകളില് നിന്ന് 22.66 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വിറ്റുവരവ്.
വിവിധ ജില്ലകളില് നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങളാണ് കൊമേഴ്‌സ്യല് സ്റ്റാളില് വിപണനം നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഫുഡ്‌കോര്ട്ട് വഴി കേരളത്തിന്റെ സ്വാദ് ഡല്ഹിയിലേക്ക് എത്തിച്ചത്. അട്ടപ്പാടി, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നുള്ള സ്റ്റാളുകളാണ് ആജീവിക സരസ് മേളയുടെ ഭാഗമായി ഡല്ഹിയില് കുടുംബശ്രീ ഒരുക്കിയിരുന്നത്.
തീം ഏരിയ കേരള പവലിയനില് സെക്കന്ഡ് ബെസ്റ്റ് എക്‌സിബിറ്റര് അവാര്ഡും കുടുംബശ്രീ സ്വന്തമാക്കിയിരുന്നു.
- 45 views
Content highlight
Sales of Rs. 47 lakh recorded through IITF for kudumbashree