കുടുംബശ്രീ ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ റീട്ടെയിൽ വിപണിയിലേക്ക്

Posted on Saturday, February 28, 2026

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

  കുടുംബശ്രീ വനിതാ സംരംഭകർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം  തൃശ്ശൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഗുണമേന്മയുള്ള   ബ്രാൻഡഡ്  ഉൽപന്നങ്ങൾക്കൊപ്പം  കുടുംബശ്രീയുടെ കൈ പിടിച്ച ഓൾ കേരള  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ വിപ്ലവകരമായ ചുവടുവെപ്പിനെ മന്ത്രി അഭിനന്ദിച്ചു.

മന്ത്രിയുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി എന്നിവർ  പദ്ധതിയുടെ ഭാഗമായ ധാരണ പത്രം ഒപ്പുവച്ചു.

ഗുണമേന്മ, വിശ്വാസ്യത, മത്സരക്ഷമത എന്നിവ ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി മുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ പ്രമുഖ ബ്രാൻഡുകളോടൊപ്പം സമാന നിലവാരത്തിൽ വിപണനം ചെയ്യപ്പെടും.

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ് വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിപണന നിലവാരം മെച്ചപ്പെടുത്തുകയും, ഏകീകൃത ബ്രാൻഡിംഗ് സംവിധാനം നടപ്പാക്കുകയും, സ്ഥിരതയാർന്ന പിവിപണി സാധ്യതകൾ വനിതാ സംരംഭകർക്ക് ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ബ്രാൻഡ് മൂല്യം കൈവരിക്കാനും സാധിക്കും.

കുടുംബശ്രീ  പ്രോഗ്രാം ഓഫീസർ നവീൻ സി സ്വാഗതം  പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു.    കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ  പദ്ധതി വിശദീകരണം നടത്തി.

 കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ വിനോദ് കൃഷ്ണ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ എം കെ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിചന്ദ്ര ബാബു, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ പി, തൃശൂർ ജില്ല ഡിസ്ട്രിബ്യൂട്ടേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  മുഹമ്മദ് ഹനീഫ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അനന്തപുരി കണ്ണൻ, എന്നിവർ  സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ. ദീപക് നന്ദി പറഞ്ഞു.

Content highlight
retail