സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) നടപ്പിലാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും. അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ഐ.ഇ.എല്‍.ഇ സംയോജിപ്പിച്ചിരിക്കുന്നു.
നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം ഇ.സി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും. ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാകും. കൂടാതെ എന്‍.ആര്‍.എല്‍.എം നല്‍കുന്ന പലിശ സബ്‌സിഡിയും ലഭ്യമാകും.
പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.
ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതിന്റെ ആദ്യപടിയായി സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാലയും സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ പ്രോഗ്രാം ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നവീന്‍. സി നിര്‍വഹിച്ചു. എന്‍.ആര്‍.എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ലോകേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) നാഷണല്‍ റിസോഴ്സ് പേഴ്സണ്മാരായ സുന്ദര്‍, രവിശങ്കര്‍ ബൊയാന എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേര്‍ ആദ്യഘട്ട സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
- 5 views



