അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ ഉല്പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും നിര്‍മിച്ച ആറ് മൂല്യവര്‍ധിത ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്ന 'പുനര്‍ജീവന മധുരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. മധുരക്കിഴങ്ങില്‍ നിന്നു തയ്യാറാക്കിയ സ്വാദിഷ്ഠമായ പൊടി, ഹെല്‍ത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, കുല്‍ഫി, ചിപ്സ് എന്നീ ആറ് മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീ ഉല്പന്നങ്ങള് ആഗോള വിപണിയില്‍ മത്സരിക്കാന്‍ പര്യാപ്തമാണെന്നും അവ നിര്‍മിക്കുന്നത് സാധാരണക്കാരായ സ്ത്രീകളാണെന്നത് ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ കുടുംബശ്രീയുടെ അടുത്ത ഘട്ടം ഇനി ദാരിദ്ര്യത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്. പുനര്‍ജീവനം-മധുരം പദ്ധതി അതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്ക് കുടുംബശ്രീ എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി കുടുംബശ്രീ കെ-ഇനം ബ്രാന്‍ഡഡ് ഉല്പന്നങ്ങള് സമ്മാനിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.സി.എ.ആര്-സി.ടി.സി.ആര്.ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു, മുഖ്യാതിഥി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്, ഐ.സി.എ.ആര്-സി.ടി.സി.ആര്.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എം.എസ് സജീവ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി. പരിപാടിക്ക് ശേഷം സി.ടി.സി.ആര്.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററും മന്ത്രി സന്ദര്‍ശിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിച്ചു. ഡോ.എം.എസ് സജീവ് ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു. മണ്ണിന്റെ ആരോഗ്യവും സന്തുലിത വളപ്രയോഗത്തെയും കുറിച്ച് ഡോ.കെ സുനില്‍ കുമാര്‍, ഡോ.ഷീല ഇമ്മാനുവല്‍ എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. സെന്തില്‍ കുമാര്‍ കെ.എം, ഡോ.രഹാന എസ്.എന്‍, ഡോ. പ്രകാശ് കൃഷ്ണന് ബി.എസ് എന്നിവര്‍ നേതൃത്വം നല്കി. അട്ടപ്പാടിയില്‍ നിന്നു തിരഞ്ഞെടുത്ത വനിതാ കര്‍ഷകര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന് ഭാരാഹികള്‍, ഐ.സി.എ.ആര്-സി.ടി.സി.ആര്.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിര കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് 'പുനര്‍ജീവനം'. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ
അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും തയ്യാറാക്കിയ ആറ് മൂല്യവര്‍ധിത ഉല്പന്നങ്ങളാണ് ഇപ്പോള്‍ വിപണനത്തിന് തയ്യാറായിട്ടുള്ളത്. ഇവ കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാന്‍ഡ് 'കെ-ഇനം' വഴി വിപണിയിലെത്തും. നേരത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മുപ്പത് കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങള് വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ അട്ടപ്പാടിയില്‍ നൂറ് ഏക്കറിലധികം വിവിധയിനം മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. പദ്ധതി വഴി 80 കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗം ലഭ്യമാകും.
- 1 view



