ഉപഭോക്താക്കള്‍ക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്‍റെ ബ്രാന്‍ഡഡ് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചു

Posted on Wednesday, December 11, 2024

ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി. 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നീ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉല്‍പന്നങ്ങള്‍ ലഭ്യമാവുക. ഇന്നലെ(10-12-2024) സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിക്ക് ഉല്‍പന്നങ്ങള്‍  കൈമാറി ലോഞ്ചിങ്ങ് നിര്‍വഹിച്ചു.

 കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡ്കട്സ് ഓഫ് ഇന്‍ഡ്യയുടെ പ്ളാന്‍റിലെത്തിച്ച് സംസ്ക്കരിച്ച് പായ്ക്ക് ചെയ്യും.  എല്ലാ ഉല്‍പന്നങ്ങളും 450, 900, അളവിലായിരിക്കും  ലഭിക്കുക. കവറില്‍  ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഏതു ഫാമില്‍ വളര്‍ത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാര്‍ഗങ്ങള്‍ക്ക് പുറമേ ഭാവിയില്‍ 'മീറ്റ് ഓണ്‍ വീല്‍' എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കന്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്  വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വളരെ  വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തതിന്‍റെ ഭാഗമായാണ് ചിക്കന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നു.

ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണവും വിപണനവും ഊര്‍ജിതമാകുന്നതോടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.

പരിപാടിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

fs

 

Content highlight
kudumbashree kerala chickens value added products launched