മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവനം ക്യാമ്പയിൻ സംസ്ഥാനത്ത് ഊർജിതമാകുന്നു. മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾ, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് പഞ്ചായത്ത്തലത്തിലാണ് ക്യാമ്പയിൻ നടത്തിപ്പ്.
നിലവിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികളിലെ ഒന്നര ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ക്യാമ്പയിൻ. കന്നുകാലികൾക്ക് വാക്സിനേഷൻ, ഡിവോമിങ്ങ്, ഇൻഫെർട്ടിലിറ്റി, ബ്ളഡ് സ്മിയർ സ്ക്രീനിങ്ങ്, ഫീക്കൽ സാമ്പിൾ സ്ക്രീനിങ്ങ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി നൽകുന്നതാണ്. അതത് പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.
ഇതോടൊപ്പം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളും ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. നിരവധി കർഷകരാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. പ്രാദേശികമായ ആവശ്യകതയ്ക്കനുസരിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പയിനിൽ ഉൾപ്പെടുത്തുന്നുണ്ട്. അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് പഞ്ചായത്ത്തലത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഒാരോ ക്ളസ്റ്റ്റും. ഉയർന്ന ഉൽപാദനക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
- 61 views



