കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമവും പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ ഒാൺലൈൻ ലോഞ്ചിങ്ങും ആഗസ്റ്റ് നാലിന് എറണാകുളം കളമശേരി സംറ കൺവെൻഷൻ സെന്റ്റിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും.
കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കുടുംബശ്രീ അംഗങ്ങൾ തന്നെ വീടുകളിൽ നേരിട്ടെത്തിച്ച് വിപണനം നടത്തുന്ന സംവിധാനമാണ് ഹോംഷോപ്പ്. സംരംഭകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്ന അംഗങ്ങളാണ് ഹോംഷോപ്പ് ഒാണർമാർ. സംരംഭകരെയും ഉപഭോക്താക്കളെയും കോർത്തിണക്കുന്നതിനായി ഹോംഷോപ്പ് മാനേജ്മെന്റ് ടീമും ഇതോടൊപ്പം പ്രവർത്തിക്കുന്നു. നിലവിൽ എല്ലാ ജില്ലകളിലുമായി 51 മാനേജ്മെന്റ് ടീമുകളും ഇതിനു കീഴിൽ ഏഴായിരത്തിലധികം ഹോംഷോപ്പ് ഒാണർമാരും ആയിരത്തിലേറെ സംരംഭകരും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 18.66 കോടി രൂപയാണ് ഹോംഷോപ്പ് സംവിധാനം വഴിയുള്ള വിറ്റുവരവ്. കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തുന്ന മികച്ച ഹോംഷോപ്പ് മാതൃകകൾ സംഗമത്തോടനുബന്ധിച്ച് അവതരിപ്പിക്കും. ഇവ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
കുടുംബശ്രീ ഉൽപന്നങ്ങളും വിവിധ പദ്ധതികൾ വഴി ലഭ്യമാകുന്ന സേവനങ്ങളും ഇ-കൊമേഴ്സ് ആപ്ളിക്കേഷനിലൂടെ വിപണിയിലെത്തിക്കുന്നതിനായി കുടുംബശ്രീ രൂപീകരിച്ച പുതിയ സംവിധാനമാണ് പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഇതുവഴി ആഗസ്റ്റ് നാല് മുതൽ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം ആരംഭിക്കും. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകളുടെ ഒാൺലൈൻ വിപണനവും ഇതോടൊപ്പം ആരംഭിക്കും. ഉപഭോക്താക്കൾക്ക് തങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങൾ പോക്കറ്റ് മാർട്ട് വഴി ഒാർഡർ ചെയ്യാനും ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിനുമുള്ള സംവിധാനമാണ് പോക്കറ്റ്മാർട്ട് വഴി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ കൊറിയർ വഴി എത്തിക്കുന്നതിനുളള സംവിധാനവും പൂർത്തിയായി.
കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, ചേമ്പർ ഒാഫ് മുനിസിപ്പൽ ചെയർമാൻ ജനറൽ സെക്രട്ടറി എം.ഒാ ജോൺ, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭ ഉപാധ്യക്ഷ സൽമഅബൂബക്കർ, കളമശേരി ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധൻ എന്നിവർ ആശംസിക്കും.
കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്രീകാന്ത് എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സന്തോഷ് എം.ഡി, അമ്പിളി തങ്കപ്പൻ, രജിത കെ.ആർ, അനുമോൾ കെ.സി എന്നിവർ പങ്കെടുക്കും. ജില്ലാ മിഷന് കോർഡിനേറ്റർ രജീന ടി.എം നന്ദി പറയും.
- 64 views



