ഗവിയില്‍ വിനോദ സഞ്ചാര പദ്ധതിയുമായി കുടുംബശ്രീ

Posted on Thursday, July 12, 2018

വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്‌റ്റോറന്റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്‌റ്റോറന്റ്. സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇവിടെ റെസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്റ് നിര്‍മ്മിക്കുന്നത്.

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെ രണ്ട് പാക്കേജുകളുണ്ട്