ടെക്ക് ഫോര്‍ ട്രൈബല്‍സ് പരിശീലനം സംഘടിപ്പിച്ചു

Posted on Wednesday, August 18, 2021

കേന്ദ്ര സര്‍ക്കാറിന്റെ ട്രൈബല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കീഴിലെ ട്രൈഫെഡ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന വന്‍ധന്‍ വികാസ് കേന്ദ്ര പദ്ധതിയില്‍ ഐ.ഐ.ടി കാണ്‍പൂരുമായി സംയോജിച്ച് നടപ്പിലാക്കുന്ന 'ടെക്ക് ഫോര്‍ ട്രൈബല്‍സ് കേരള'  പരിശീലന പരിപാടിയ്ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. തവിഞ്ഞാല്‍, തിരുനെല്ലി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് വന്‍ധന്‍ വികാസ് കേന്ദ്രങ്ങളിലായിരുന്നു ആദ്യഘട്ട പരിശീലനം. ശേഷിച്ച നാല് സി.ഡി.എസുകളില്‍ പരിശീലനം സംഘടിപ്പിക്കും.

   ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നുള്ള അങ്കിത് സക്‌സേന, റോബിന്‍ ഫിലിപ്പ് എന്നിവര്‍ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സര്‍ട്ടിഫിക്കേഷനോടു കൂടി വിപണനം നടത്തുവാനായി ആദിവാസി മേഖലയിലുള്ള സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിശീലന കാലയളവില്‍ തന്നെ ജില്ലയിലെ സംരംഭകര്‍ ഫേസ്പാക്ക്, മഞ്ഞള്‍ സോപ്പ്, മഞ്ഞള്‍ തൈലം, തേന്‍ നെല്ലിക്ക, തേന്‍ ഇഞ്ചി തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

  'വന ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിലും സംസ്‌ക്കരണത്തിലും സംരംഭകത്വം' എന്ന ആശയത്തിലാണ് ഐ.ഐ.ടി കാണ്‍പൂര്‍ പരിശീലനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കിയത്. ഇതിനോടൊപ്പം  
സംരംഭകത്വ കഴിവുകള്‍, പോസിറ്റീവ് സൈക്കോളജി, എന്‍.ടി.എഫ്.പി (നോണ്‍ ടിംബര്‍ ഫോറസ്റ്റ് പ്രോഡക്ടസ്- വനവിഭവശേഖരണം) അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമായ തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കുക, ഗ്രേഡിംഗ്, സോര്‍ട്ടിങ്,  ബ്രാന്‍ഡിങ്, പാക്കേജിങ്, ഉത്പന്നത്തിന്റെ സര്‍ട്ടിഫിക്കേഷന്‍, മാര്‍ക്കറ്റ് സര്‍വ്വേ, ചില്ലറ വില്‍പ്പന തുടങ്ങീ സംരംഭകത്വത്തിന് സഹായകമാകുന്ന വിഷയങ്ങളും പരിശീലന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content highlight
'Tech for Tribals Kerala' Training associating with IIT Kanpur held at Wayanadml