കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പാലക്കാട്

Posted on Friday, January 3, 2020

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ കുടുംബശ്രീയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തോടു കൂടി പാലക്കാട് ജില്ലയില്‍ ആരംഭിച്ചു. പാലക്കാട് സിവില്‍സ്റ്റേഷനിലാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്റീന്‍ നടത്താന്‍ വേണ്ടി പത്തംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കി, കൂടാതെ ആവശ്യമായ മറ്റ് സഹായങ്ങളൊരുക്കുകയും ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ചെറുകടികള്‍, ചട്ടിക്കഞ്ഞി, പുഴുക്ക് തുടങ്ങിയ വിഭവങ്ങള്‍ ലഭിക്കും.

  സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സംയോജനത്തോട് കൂടി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെയും പുരോഗതി നേടുന്നതിന്റെയും ഒരു മികച്ച ഉദാഹരണമാണ് പാലക്കാട് ആരംഭിച്ചിരിക്കുന്ന ഈ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍.

 

Content highlight
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.