പച്ചപ്പും ശുചിത്വവും ആരോഗ്യവും; പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങള്‍

Posted on Wednesday, March 4, 2020

 ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സന്ദേശം നല്‍കി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങളും. പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി പ്രകാരം നഗരമേഖലയില്‍ ഓരോ ഗുണഭോക്താവിനും ലഭ്യമായ ഭവനങ്ങളും പരിസരവും പ്രകൃതി സൗഹൃദപരമായി സംരക്ഷിക്കല്‍, മികച്ച ഊര്‍ജസംരക്ഷണം പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പു വരുത്തല്‍, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട ക്യാമ്പെയ്ന്‍ വഴിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതഭവനങ്ങള്‍ കണ്ടെത്തിയത്. വിജയികളായ 124 ഗുണഭോക്താക്കള്‍ക്കും 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി അതത് നഗരസഭകളുടെ നേതൃത്വത്തില്‍ ആദരിച്ചു.  

ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി പ്രധാനമായും ലക്ഷ്യമിട്ടത്. ഇതോടൊപ്പം ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്ക്കരണം, പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കല്‍, കാര്യക്ഷമമായ ഊര്‍ജ ഉല്‍പാദനവും വിനിയോഗവും, ജൈവ പച്ചക്കറിക്കൃഷിയുടെ ആവശ്യകത  എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ശക്തമായ സന്ദേശമെത്തിക്കുന്നതിനും ക്യാമ്പെയ്ന്‍ വഴി സാധിച്ചു. ഗൃഹനിര്‍മാണത്തിന് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്ന്‍ സഹായകമായി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 48664 ഭവനങ്ങളില്‍ നിന്നാണ് അന്തിമമായി 124 ഭവനങ്ങളെ തിരഞ്ഞെടുത്തത്. ഓരോ നഗരസഭയിലും നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും രൂപീകരിച്ച ജൂറി ഓരോ ഭവനവും നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി നടപ്പാക്കുന്ന ഓരോ നഗര സിഡിഎസുകളില്‍  നിന്നും ഒന്നു വീതം ഏറ്റവും മികച്ച 124 ഹരിതഭവനങ്ങളെ തിരഞ്ഞെടുത്തത്. സ്ത്രീ ഗൃഹനാഥയായുള്ള കുടുംബം, കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം, വീടിനകവും പുറവും വ്യത്തിയായി സൂക്ഷിക്കല്‍, വീടിനോട് ചേര്‍ന്ന് പൂന്തോട്ടം, പച്ചക്കറി കൃഷി തുടങ്ങിയവ പരിപാലിക്കല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം, നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍,    ഊര്‍ജ ഉല്‍പാദനത്തിനും സംരക്ഷത്തിനും സ്വീകരിച്ച മാര്‍ഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  ദേശീയ നഗര ഉപജീവന ദൗത്യം, പോലെ സംസ്ഥാന സര്‍ക്കാരുകളുടെ അനുബന്ധ പദ്ധതികളുമായി നടത്തിയ സംയോജനം എന്നിവയാണ് ഹരിതഭവനങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, സംയോജന മാതൃകളിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള സജീവമായ ഇടപെടലുകളിലൂടെ പുതിയ വീട്ടില്‍ ഗുണഭോക്താക്കളുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതി വഴി സാധിച്ചിട്ടുണ്ട്.  

 

Content highlight
ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്