പ്രാദേശികതല വിറ്റുവരവ് ഉറപ്പിക്കാന്‍ 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കം

Posted on Monday, August 16, 2021

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ വിപണനം ഉറപ്പാക്കുന്നതിനായി 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക്് തുടക്കമായി. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 100 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 73 കുടുംബശ്രീ ഷോപ്പികള്‍ക്ക് അനുമതി ലഭിച്ചതില്‍ 15 കേന്ദ്രങ്ങള്‍ ഇതുവരെ ആരംഭിച്ചു കഴിഞ്ഞു. ശേഷിച്ച കേന്ദ്രങ്ങള്‍ എത്രയും വേഗം ആരംഭിക്കാനായി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ. 'നല്ലതും നാടനും' എന്നതാണ് കുടുംബശ്രീ ഷോപ്പികളുടെ മുദ്രാവാക്യം.

  വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ അഞ്ച് ലക്ഷം രൂപ ധനസഹായമായി ലഭ്യമാക്കുന്നു. ഇന്റീരിയര്‍ ഫര്‍ണിഷിങ്, ഇലക്ട്രിഫിക്കേഷന്‍, ഉപകരണങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിവയ്ക്കും ഔട്ട്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള വര്‍ക്കിങ് ക്യാപ്പിറ്റല്‍, മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുള്ള വ്യക്തിയുടെ ആറ് മാസ ശമ്പളം, വാടക മുതലായവയ്ക്കായാണ് ഈ തുക വിനിയോഗിക്കാനാവുക.

 തിരുവനന്തപുരം ജില്ലയിലെ വെള്ളറട, പുല്ലംപാറ പഞ്ചായത്തുകള്‍, ആലപ്പുഴയിലെ ബുധനൂര്‍ പഞ്ചായത്ത്, തൃശ്ശൂരിലെ കടവല്ലൂര്‍ പഞ്ചായത്ത്, കണ്ണൂരിലെ നാറാത്ത് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കുറുവ, കുറ്റിപ്പുറം, വേങ്ങര പഞ്ചായത്തുകള്‍, ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്ത്, എറണാകുളം ജില്ലയിലെ മുളന്തുരുത്തി, തിരുവാണിയൂര്‍, ഒക്കല്‍സ അയ്യമ്പുഴ, കോട്ടപ്പടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് 11 വരെ കുടുംബശ്രീ ഷോപ്പികള്‍ ആരംഭിച്ചത്.  

  കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ആരംഭിച്ച മാസച്ചന്തകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പ്രരത്യേകിച്ചും പ്രാരംഭ ദിശയിലുള്ള സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി സാധ്യമാക്കുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് സ്ഥിര വരുവമാനം ലഭ്യമാക്കുന്നതിനും കഴിഞ്ഞിരുന്നു. മാസച്ചന്തകളില്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ ഇവയെ താത്ക്കാലിക വിപണികളില്‍ നിന്നും സ്ഥിര വിപണന സംവിധാനത്തിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് 2020-21ലെ കുടുംബശ്രീയുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. 2021-22ലെ വാര്‍ഷിക കര്‍മ്മ പദ്ധതിയിലും ഇതുള്‍പ്പെടുത്തി.

  മാസച്ചന്തകള്‍ വിജയകരമായി നടത്തുന്ന ഇടങ്ങളും സംസ്ഥാനത്തുടനീളം സ്ഥിര വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്താനുള്ള നിര്‍ദ്ദേശം ജില്ലകള്‍ക്ക് നല്‍കിയിരുന്നു. കുടുംബശ്രീ ഷോപ്പി എന്ന പേരില്‍ ഔട്ട്‌ലെറ്റിന്റെ പൊതുവായ പ്ലാനും ഡിസൈനും ജില്ലകള്‍ക്ക് നല്‍കി. സ്ഥിരം വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കണ്ടെത്തിയ ഇടങ്ങളും അതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ജില്ലകളോട് സംസ്ഥാനതലത്തിലേക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ച് ലഭിച്ച പ്രോജക്ടുകളില്‍ 73 വിപണന കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.  

SHOPEE

 

  ഓരോ ജില്ലയിലും കുടുംബശ്രീ ഷോപ്പികള്‍ സ്ഥാപിക്കുന്നതിന്റെ ചുമതലയും ഉടമസ്ഥാവകാശവും അതാത് ജില്ലാ മിഷന്‍ ടീമുകള്‍ക്കാണ്. അതാത് പഞ്ചായത്തുകളില്‍ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല അതാത് സി.ഡി.എസുകള്‍ക്കും. ഷോപ്പുകളുടെ മാര്‍ക്കറ്റിങ്ങിനും നടത്തിപ്പിനുമായി ജില്ലാ മിഷന്റെ അംഗീകാരത്തോടെ ഒരാളെ ചുമതലപ്പെടുത്താനുള്ള അവകാശവും സി.ഡി.എസിനുമുണ്ട്. ഔട്ട്‌ലെറ്റ് നടത്തിപ്പിനായി തെരഞ്ഞെടുക്കുന്ന സി.ഡി.എസ്, ബ്ലോക്ക് കോര്‍ഡിനേറ്ററുടെ സഹായത്തോടെ സംരംഭകരുടെ യോഗം വിളിച്ച് ഉത്പന്നങ്ങളുടെ മാര്‍ജിന്‍ നിശ്ചയിക്കുന്നു. വിപണന കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സംരംഭകരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീ ഷോപ്പികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതും. ഔട്ട്‌ലെറ്റുകളുടെ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാനേജ്‌മെന്റ് കമ്മറ്റി സി.ഡി.എസ് തലത്തില്‍ രൂപീകരിക്കുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, മൈക്രോ എന്റര്‍പ്രൈസ് കണ്‍വീനര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ഒരു സി.ഡി.എസ് അംഗം, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് എന്നിവരാണ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍. ഓരോ മാസത്തിലും കമ്മറ്റി കൂടി ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു. ഇത്തരത്തില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനം ഉറപ്പുവരുത്തുന്നതിനായി മാര്‍ക്കറ്റിങ്ങില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ.

 

Content highlight
Kudumbashree sets up 'Kudumbashree Shopee' to market the products of Kudumbashree micro entrepreneurs at the local level ML