'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയിലിറക്കി കണ്ണൂര്‍ കുടുംബശ്രീ

Posted on Wednesday, August 11, 2021

കണ്ണൂരിലെ കുടുംബശ്രീ സംരംഭകരുടെ 'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയില്‍. ഓഗസ്റ്റ് ഏഴിന് മെരുവമ്പായിലെ നജ്മുല്‍ഹുദ ഷോപ്പിങ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ അംഗം .വി ശിവദാസന്‍, മെറാക്കി ബ്രാന്‍ഡ് കുര്‍ത്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തയ്യല്‍ അറിയാവുന്ന കൂത്ത്പ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ 20 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് യൂണിറ്റിന് തുടക്കമിട്ടത്. കോവിഡ്-19 പ്രതിസന്ധി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍.

  ഇതാദ്യമായാണ് കുടുംബശ്രീ സംരംഭകര്‍ ബ്രാന്‍ഡഡ് കുര്‍ത്തികള്‍ വിപണിയിലിറക്കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈനായും കുര്‍ത്തികള്‍ ലഭ്യമായി തുടങ്ങും. എല്ലാ അളവിലുമുള്ള കുര്‍ത്തികള്‍ ലഭ്യമാണ്. പ്രത്യേക ലോഗോയും ബ്രാന്‍ഡഡ് പ്രൈസ് ടാഗും കുര്‍ത്തികള്‍ക്കുണ്ട്. മെരാകി യൂണിറ്റ് അംഗങ്ങള്‍ക്ക് കണ്ണൂരിലെ ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.എഫ.ടി) നേതൃത്വത്തില്‍ മാര്‍ച്ച് മാസം ആദ്യവാരം പരിശീലനം നല്‍കിയിരുന്നു. ഫാഷന്‍ ലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ഈ ക്ലാസ്സുകളിലൂടെ അവര്‍ക്ക് അവബോധം നല്‍കി. സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് (എസ്.വി.ഇ.പി) പദ്ധതി പ്രകാരം നാല് സംരംഭ ഗ്രൂപ്പുകളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8281709388 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലൂടെ യൂണിറ്റിനെ ബന്ധപ്പെടാം. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഡ്രെസ് കോഡും തയാറാക്കി നല്‍കും

meraki

  മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി. ഗംഗാധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് നൗഫല്‍, പി.വി. സന്ധ്യ, കെ. ഷൈനി, കെ.എച്ച്. ഷമീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Kannur District Mission launches 'Meraki' Brand Kurta of Kudumbashree entrepreneurs