അപ്രതീക്ഷിത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് തുണയായി വയനാട്ടിലെ കാറ്ററിങ് യൂണിറ്റ്

Posted on Sunday, April 12, 2020

കൊറോണ വൈറസ് വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലത്ത് ആരും വിശന്നിരിക്കരുതെന്ന ചിന്തയില്‍ കേരള സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശ സ്ഥാപനതലങ്ങളില്‍ നടപ്പാക്കുന്ന 'സമൂഹ അടുക്കളകൾ' ജില്ലാ ഭരണകൂടങ്ങൾക്ക് ഇന്ന് ഏറെ തുണയേകുന്നു. എന്നാൽ സമൂഹ അടുക്കളകൾ വ്യാപകമാകുന്നതിന് മുൻപ് തന്നെ ഈ മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി കുടുംബശ്രീ വയനാട് ജില്ലാമിഷൻ. ജനതാ കര്‍ഫ്യൂ ദിനമായ മാര്‍ച്ച് 22ന് ദുബായില്‍ നിന്ന് മഹാരാഷ്ട്രയിലെത്തി, അവിടെ നിന്ന് കര്‍ണ്ണാടക വഴി വയനാട്ടിലൂടെ കേരളത്തിലെത്തിയ പ്രവാസികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകിയത് കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റായിരുന്നു.

ഭക്ഷണമോ വെള്ളമോ കിട്ടാതെ ആകെ വലഞ്ഞ് നാട്ടിലെത്തിയ ഈ 25 പ്രവാസികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന യാത്രാശ്രീ കാറ്ററിങ് യൂണിറ്റ്‌  മണിക്കൂറുകള്‍ക്കുള്ളിൽ ആഹാരം തയ്യാറാക്കി നൽകിയത്. ഉച്ചയ്ക്ക് 1 മണിക്കാണ് ഇത്രയും പേര്‍ക്കുള്ള ഭക്ഷണം വേണമെന്ന് കളക്ടര്‍ ജില്ലാമിഷനോട് ആവശ്യപ്പെടുന്നത്. ഉടൻ തന്നെ കാറ്ററിങ് യൂണിറ്റ് അംഗങ്ങളെ അറിയിച്ചു, അവർ ആഹാരം തയ്യാറാക്കി, 2.30 ആയപ്പോഴേക്കും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലേക്ക് ഭക്ഷണവും വെള്ളവും പാഴ്‌സലാക്കി എത്തിച്ചു നല്‍കി. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ഈ പ്രവാസികള്‍, വണ്ടി വാടകയ്‌ക്കെടുത്താണ് കേരളത്തിലേക്ക് എത്തിയത്. ദീര്‍ഘദൂര യാത്രയില്‍ വലഞ്ഞെത്തിയ ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ജില്ലാ ഭരണകൂടത്തിന്, ഭക്ഷണം തയ്യാറാക്കി നല്‍കുകയെന്ന ബുദ്ധിമുട്ട് ഒഴിവായത് കുടുംബശ്രീ ജില്ലാമിഷന്റെ അവസരോചിത ഇടപെടൽ മൂലമാണ്. അതിന് ശേഷം ക്വാറന്റൈനിൽ പാർപ്പിക്കപ്പെട്ട മറ്റ് 50 പേർക്കും ഇതേ കാറ്ററിങ് യൂണിറ്റ് ഭക്ഷണം പാകം ചെയ്ത് നൽകി.

ജില്ലയിൽ ഇപ്പോൾ 20 സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ മൂലം സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ ജില്ലയിലെ ലോഡ്ജുകളിലും മറ്റും കുടുങ്ങിപ്പോയവര്‍ക്കും അനാഥർക്കും അശരണർക്കും ഉൾപ്പെടെ ആവശ്യക്കാർക്ക് ഈ സമൂഹ അടുക്കളകള്‍ വഴി ഇപ്പോൾ സ്ഥിരമായി ഭക്ഷണം എത്തിച്ച് നല്‍കുന്നു.

Content highlight
ജനതാ കര്‍ഫ്യൂ ദിനമായ മാര്‍ച്ച് 22ന് ദുബായില്‍ നിന്ന് മഹാരാഷ്ട്രയിലെത്തി, അവിടെ നിന്ന് കര്‍ണ്ണാടക വഴി വയനാട്ടിലൂടെ കേരളത്തിലെത്തിയ പ്രവാസികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകിയത് കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റായിരുന്നു.