സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീയ്ക്ക് ഒരു കോടി തുണി സഞ്ചികള്‍ക്കുള്ള ഓര്‍ഡര്‍

Posted on Saturday, January 30, 2021

കുടുംബശ്രീ തയ്യല്‍ യൂണിറ്റുകളില്‍ നിന്ന് 1 കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് ലഭിച്ചു. ഈ അടുത്ത കാലത്ത് കുടുംബശ്രീയ്ക്ക് നേടാനായ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഓര്‍ഡറാണിത്. ഭക്ഷ്യ കിറ്റുകള്‍ നല്‍കുമ്പോള്‍ കൊടുക്കാനുള്ള തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ ആണിത്. അടുത്ത നാല് മാസത്തേക്ക് സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികളില്‍ ഏകദേശം 30% ഈ ഓര്‍ഡര്‍ വഴി തയാറാക്കി നല്‍കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

  കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള 524 ടെയ്‌ലറിങ് യൂണിറ്റുകളാണ് തുണിസഞ്ചികള്‍ തയാറാക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള  വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസം  ഏകദേശം 25 ലക്ഷത്തോളം തുണിസഞ്ചികള്‍ തയാറാക്കി  സപ്‌ളൈകോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് ചുരുക്കം.  അങ്ങനെ നാല് മാസങ്ങള്‍ കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാന്‍ കഴിയും. ഇപ്രകാരം നാല് മാസം കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

  സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികള്‍ തയാറാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ മുന്നോട്ട് വരികയാണെങ്കില്‍ ഈ ഓര്‍ഡര്‍ നിശ്ചയിച്ചതിനും മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാകുമെന്നതിനാല്‍ താത്പര്യമുള്ള യുണിറ്റുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ വിവരം അറിയിക്കേണ്ടതാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുടുംബശ്രീ തയ്യല്‍ സംരംഭങ്ങള്‍ക്ക് ഈ ഓര്‍ഡറിലൂടെ ഒരു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.

 

Content highlight
ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്.