അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, March 19, 2020

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആഘോഷമാക്കി. കേരളത്തിലെ 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 43 ലക്ഷത്തോളം വനിതകളാണ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചത്. 'എന്റെ അവസരം എന്റെ അവകാശമാണ്' എന്ന ആശയമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ മുന്നോട്ടുവച്ചത്. അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

  കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും ശക്തരാകുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നും ഇത്തരത്തിലുള്ള വിവിധ അവസരങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണെന്നുമുള്ള സന്ദേശമാണ് ഈ വനിതാദിനത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കും എത്തിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളോടും അവകാശ പതാകകളുണ്ടാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അതുവഴി എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം പരമാവധി സമൂഹത്തിലേക്കെത്തിക്കാനും ശ്രമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ വനിതാദിന സന്ദേശങ്ങള്‍ എഴുതിയ കൊടികള്‍ തയാറാക്കി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു.  

  ഇത് കൂടാതെ രാത്രി അയല്‍ക്കൂട്ട യോഗങ്ങള്‍ കൂടുന്നത് വഴി പൊതു ഇടങ്ങള്‍ രാത്രികാലത്തും തങ്ങളുടേതുകൂടിയാണെന്ന അവകാശ പ്രഖ്യാപനമാണ് അയല്‍ക്കൂട്ടവനിതകള്‍ നടത്തിയത്. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളുടെ ആരുടെയെങ്കിലും വീട്ടിലാണ് അയല്‍ക്കൂട്ട യോഗം ചേരുന്നത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട യോഗം രാത്രി ഏഴിന് ശേഷമായിരിക്കണം ചേരേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം അയല്‍ക്കൂട്ടങ്ങളും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ട് വനിതാദിനാഘോഷം ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയായിരുന്നു.
 രാത്രികാല അയല്‍ക്കൂട്ടയോഗങ്ങള്‍ നടക്കുമ്പോള്‍ എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ഒരു കുറിപ്പും ഞങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു.


1. ഇന്ന് സ്ത്രീയുടെ അവസരം അവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും തുടങ്ങാം.
2. നാളിതുവരെ നാം പിന്തുടര്‍ന്നുപോന്ന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി പുതിയ മാറ്റത്തിന്റെ ചാലകശക്തികളായി സ്വയം മാറുന്നതിനുള്ള തീരുമാനം ഈ ദിനത്തില്‍ കൈക്കൊള്ളാം.
3. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ പുതിയ അവസരങ്ങളിലൂടെ സമത്വത്തിനും പുരോഗതിക്കും വേണ്ടി നമുക്ക് പരിശ്രമിക്കാം.

ഈ മൂന്ന് ഉദ്‌ബോധനങ്ങളാണ് കുറിപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളിലെല്ലാം ഈ കുറിപ്പ് ചര്‍ച്ച ചെയ്യുകയും അവസരം അവകാശമാണെന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.

 

Content highlight
അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.