അവശ്യസേവന മേഖലയില്‍ സാനിറ്റൈസര്‍ ലഭ്യമാക്കി കോഴിക്കോട്

Posted on Sunday, April 12, 2020

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സോപ്പ്- ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ നടത്തിവരികയാണ്. മറ്റ് ജില്ലകളിലേത് പോലെ സാനിറ്റൈസറുകള്‍ ഉത്പാദിപ്പിച്ച് പൊതുവിപണിയില്‍ ലഭ്യമാക്കിയില്ല കോഴിക്കോട് ജില്ലാ മിഷന്‍. പകരം സര്‍ക്കാര്‍ അവശ്യസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവിടെ സേവനം തേടിയെത്തുന്ന പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനായി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കുകയായിരുന്നു. ആശുപത്രികള്‍, പോലീസ് സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ഓഫീസുകൾ, ട്രഷറി ഓഫീസുകൾ തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ഉത്പാദിപ്പിച്ച് നല്‍കിയ സാനിറ്റൈസറാണ്.

നൊച്ചാട് പഞ്ചായത്തിലെ കൈതക്കലിലുള്ള സമത സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് യൂണിറ്റിലാണ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നത്. ജില്ലയിലെ ഹോം ഷോപ്പ് ടീം ഉത്പാദനത്തില്‍ പൂര്‍ണ്ണ പിന്തുണയും നേതൃത്വവും നല്‍കുന്നു. കുടുംബശ്രീ മുഖേന സാനിറ്റൈസര്‍ ഉത്പാദിക്കുന്നുണ്ടെന്നും ആവശ്യപ്രകാരം നല്‍കാമെന്നും കാണിച്ച് വിവിധ വകുപ്പുകള്‍ക്ക് ജില്ലാമിഷന്‍ കത്ത് നല്‍കുകയായിരുന്നു. ആദ്യഘട്ടത്തില്‍ എല്ലാ ഓഫീസുകള്‍ക്കുമായി 200 ലിറ്റര്‍ സാനിറ്റൈസര്‍ സൗജന്യമായി നല്‍കി. പിന്നീട് ഓര്‍ഡറുകള്‍ ലഭിക്കുകയും മാര്‍ച്ച് 21 മുതല്‍ ഇതനുസരിച്ച് സാനിറ്റൈസര്‍ വിതരണം ആരംഭിക്കുകയും ചെയ്തു.

  കെഎസ്ഇബി (60 ലിറ്റര്‍), പോലീസ് (60 ലിറ്റര്‍) ട്രഷറി (50 ലിറ്റര്‍), കെഎസ്ആര്‍ടിസി (40 ലിറ്റര്‍), താലൂക്ക് ഹോസ്പിറ്റലുകള്‍ (40 ലിറ്റര്‍), എന്‍.ആര്‍.എച്ച്.എം (25 ലിറ്റര്‍), എന്‍.എ.എച്ച്.എം (20 ലിറ്റര്‍), സപ്ലൈ ഓഫീസ് (20 ലിറ്റര്‍), വനിതാ ശിശുവികസന വകുപ്പ് (25 ലിറ്റര്‍)...തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിനകം കോഴിക്കോട് ജില്ലാ മിഷനില്‍ നിന്ന് സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കി കഴിഞ്ഞു. ഉത്പാദനച്ചെലവ് മാത്രം ഈടാക്കിയാണ് സാനിറ്റൈസര്‍ നല്‍കിയത്. മാര്‍ച്ച് 30 വരെ 756 ലിറ്റര്‍ സാനിറ്റൈസര്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പഞ്ചായത്തുകള്‍ക്ക് നല്‍കാനായി എക്‌സൈസ് വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്ന സ്പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ നടക്കുന്നത്.

Content highlight
ആശുപത്രികള്‍, പോലീസ് സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ഓഫീസുകൾ, ട്രഷറി ഓഫീസുകൾ തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ഉത്പാദിപ്പിച്ച് നല്‍കിയ സാനിറ്റൈസറാണ്.